ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പെന്‍ഷന്‍ ഇല്ലാത്ത പരമ്പരാഗത ജീവനക്കാരുടെ (കാരാണ്‍മ ജീവനക്കാര്‍) വിരമിക്കല്‍ പ്രായം 70 വയസാക്കി ഉയര്‍ത്താനും മറ്റു ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
തുല്യജോലിക്ക് തുല്യവേതനവും ആനുകൂല്യങ്ങളും നല്‍കുന്നതിലെ വിവേചനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പരമ്പരാഗത ക്ഷേത്രപ്രവര്‍ത്തക സംഘം സെക്രട്ടറി എസ്. പ്രവീണ്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ഇതിന്മേല്‍ മൂന്നു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ദേവസ്വം റവന്യു സ്‌പെഷല്‍ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് പള്ളിപ്പാട് വഴുതാനം മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി കെ.എന്‍. മനോജ് ഹിയറിങ്ങിന് ഹാജരായി. കാരാണ്‍മ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നൂറോളം കാരാണ്‍മ ജീവനക്കാരുണ്ട്. ക്ഷേത്രത്തിലെ ദിവസേനയുള്ള ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഓഫീസ് ജോലിക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മറ്റു ജീവനക്കാര്‍ ചെയ്യുന്ന അതേ ജോലികള്‍ ചെയ്യുന്ന കാരാണ്‍മക്കാര്‍ക്ക് വേതനം നല്‍കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവേചനം കാണിക്കുന്നതായി പരാതിയുണ്ട്.
ക്ഷാമബത്തയും 2007-ല്‍ അനുവദിച്ച ഇന്‍ക്രിമെന്റും മാത്രമാണ് നിലവിലുള്ളത്. മറ്റു ജീവനക്കാര്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും കാരാണ്‍മക്കാര്‍ക്കില്ല. പെന്‍ഷന്‍, അവധി, ക്ഷേമനിധി ഇവയൊന്നുമില്ല. ഒരു ദിവസം അവധിയെടുക്കേണ്ടി വന്നാല്‍ അന്നത്തെ ശമ്പളം കിട്ടില്ല. പകരം നിയമിക്കപ്പെടുന്ന ആളിന് സ്വന്തം ചെലവില്‍ വേതനം നല്‍കണ്ട സ്ഥിതിയാണ്. പെന്‍ഷനാകുന്നതു വരെ ദിവസ വേതനത്തിനു പണിയെടുക്കേണ്ട ഗതികേടിലാണെന്ന് കാരാണ്‍മ ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കാരാണ്‍മ ജീവനക്കാര്‍ക്ക് നിയമാനുസൃത അവധി നല്‍കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ജീവനക്കാര്‍ക്ക് ക്ഷേമനിധി അനുവദിച്ച് 2014-ല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതും നിലവിലില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ആയതിനാല്‍ സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ പോലും ലഭിക്കുകയുമില്ല.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ജോ. സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുടെയും വാദം കേട്ടിരുന്നു. ദേവസ്വം അസി. ലോ ഓഫീസര്‍ ടി.എസ്. വിനോദ്, അസി. കമ്മീഷണര്‍ ചിത്ര, ക്ലര്‍ക്ക് അനു നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് റവന്യു ദേവസ്വം ജോ. സെക്രട്ടറി എം.എസ്. ശ്രീകല കോടതി ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക