Kerala

ഇരിട്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്നും പരാതിയുണ്ട്

Published by

കണ്ണൂര്‍: ഇരിട്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പായം സ്വദേശിനി സ്‌നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷ് അറസ്റ്റിലായത്.

ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം വകുപ്പുകള്‍ ചുമത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌നേഹയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്‌നേഹയെ നിരന്തരമായി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

സ്‌നേഹയുടെ മരണത്തില്‍ ഇരിട്ടി പൊലീസ് കേസെടുത്ത് ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ ചോദ്യം ചെയ്ത ശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജിനീഷ് സ്‌നേഹയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്‌നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. മരണ കാരണം ഭര്‍ത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പായിരുന്നു സ്‌നേഹയും ജിനീഷും വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്.

മുന്‍പും സ്‌നേഹ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്നും പരാതിയുണ്ട്. ജിനീഷുമായുണ്ടായ വഴക്കിട്ട് ഏപ്രില്‍ 15ന് സ്‌നേഹ കുഞ്ഞുമായി സ്വന്തം വീട്ടിലേക്കെത്തി. അന്നു തന്നെ ഉളിക്കല്‍ പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് സുരക്ഷയിലായിരുന്നു ജിനീഷിന്റെ വീട്ടിലെത്തി സ്‌നേഹയുടെ സാധനങ്ങള്‍ എടുത്ത് മടങ്ങിയത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by