Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

മോദി ഗവര്‍മെന്റ് റബ്ബര്‍ മേഖലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ പരിണിത ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി 200 രൂപക്ക് മുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വില

Published by

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിആര്‍ ഏജന്‍സികള്‍ എഴുതി നല്‍കുന്നത് വള്ളി പുള്ളി വിടാതെ വായിക്കുന്ന തരത്തിലേക്ക് തരംതാണിരിക്കുകയാണെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ എന്‍ ഹരി ആരോപിച്ചു. കോട്ടയത്ത് ഇടതുമുന്നണി പൊതുയോഗത്തില്‍ റബ്ബര്‍ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പി ആര്‍ ഏജന്‍സികളുടെ കുറിപ്പ് വായിക്കുന്നതിന് മുമ്പ് വസ്തുതകള്‍ വിലയിരുത്താനുള്ള ആര്‍ജ്ജവം കാണിക്കണം.

റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പി ആര്‍ ഏജന്‍സികളുടെ കണ്ടുപിടുത്തം വെള്ളം കുടിക്കാതെ വായിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം 260 കോടി രൂപ മാത്രം അനുവദിച്ചപ്പോള്‍ തങ്ങള്‍ 600 കോടി രൂപ നീക്കിവെച്ചു എന്ന് പറയാന്‍ ലജ്ജയില്ലേ. ഈ തുകയില്‍ എത്ര രൂപ റബ്ബര്‍ കര്‍ഷകര്‍ക്കായി ചെലവഴിച്ചുവെന്ന് പറയാനുള്ള ധൈര്യമുണ്ടോ.

റബര്‍ പ്രതിസന്ധി ഉന്നയിച്ച കേരള കോണ്‍ഗ്രസ് എംപിയെ പരസ്യമായി വിരട്ടിയ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വീരസ്യം വിളമ്പുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടതു പക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ ഭരിച്ച അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പ് വച്ച ആസിയന്‍ കരാറിനെ പറ്റി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വിഷയ ദാരിദ്ര്യമാണ് ഈ പ്രസ്താവനക്ക് ആധാരം.

മോദി ഗവര്‍മെന്റ് റബ്ബര്‍ മേഖലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ പരിണിത ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി 200 രൂപക്ക് മുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വില. ഇതിലും മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ റബ്ബര്‍ ബോര്‍ഡ് വഴി കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നു. കാലങ്ങളായി മുടങ്ങി കിടന്നിരുന്ന മഴമറ / സ്‌പ്രേയിങ് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് റബ്ബര്‍ ബോര്‍ഡ് ആവശ്യപ്പെട്ട തുക മുഴുവന്‍ കേന്ദ്രം അനുവദിച്ചത് ഇതിനുള്ള തെളിവാണ്. റബ്ബര്‍ ഉല്‍പ്പാദക സംഘങ്ങളുടെ ശക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം മറ്റ് പദ്ധത്തികളും കേന്ദ്രം ബോര്‍ഡ് വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

തൊഴിലാളികള്‍ക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്ന ധനസഹായങ്ങള്‍ സ്വന്തമായി ടാപ്പ് ചെയ്യുന്ന കര്‍ഷകര്‍ക്കും ലഭ്യമാക്കി. ബജറ്റില്‍ വിലസ്ഥിരത പദ്ധതിക്ക് 600 കോടി ഉള്‍പ്പെടുത്തി എന്ന് ഉദ്‌ഘോഷിക്കുന്ന മുഖ്യമന്ത്രി, കഴിഞ്ഞ വര്‍ഷങ്ങളില്‍ അതില്‍ നിന്ന് കര്‍ഷകര്‍ക്ക് എത്ര രൂപ കൊടുത്തു എന്ന് വെളിപ്പെടുത്താന്‍ ധൈര്യം ഉണ്ടോ? കഴിഞ്ഞ ഒരു വര്‍ഷം ചില്ലി പൈസ കൊടുത്തിട്ടില്ല. കാരണം സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില 180 നേക്കാള്‍ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചു. ഇതിന് കാരണമായത് കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളാണ്.

റബ്ബര്‍ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന മുഖ്യമന്ത്രി ഈ തുക 180 ല്‍ നിന്ന് 200 എങ്കിലും ആക്കാനുള്ള ആര്‍ജവം കാണിക്കണം. എന്നിട്ട് വേണം കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍. റബ്ബര്‍ കര്‍ഷകരെ ശത്രുക്കളായും വരേണ്യ വര്‍ഗ്ഗമായും കാണുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമായി സ്വാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവമായ ജോസ് കെ മാണിയും റബ്ബര്‍ കര്‍ഷകരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പൂര്‍ത്തീകരണമാണ് കോട്ടയത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചതെന്നും ഹരി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക