തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മേയ് രണ്ടിന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തിപ്പിന്റെ ചുമതല.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ വിഴഞ്ഞത്തേക്ക് പോകുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. ഇതിനായി തുറമുഖത്ത് പോര്‍ട്ട് ഓപ്പറേറ്റ് ബില്‍ഡിങ്ങിനോടു ചേര്‍ന്ന് ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നുണ്ട്.
കശ്മീര്‍ ഭീകര ആക്രമണ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇതിലേയ്‌ക്കായി എന്‍എസ്ജി സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കടലിലും പ്രത്യേക രീതിയില്‍ സുരക്ഷ ഒരുക്കുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് തിരികെ എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ എത്തിയ ശേഷമാണ് മടങ്ങുക. നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എല്‍ഡിഎഫും യുഡിഎഫും പദ്ധതി തടസ്സപ്പെടുത്താന്‍ ആവുന്നത്ര നോക്കിയിരുന്നു.
ഇതിനിടെ ഉദ്ഘാടനം സംബന്ധിച്ച് വിവാദങ്ങളും തല പൊക്കി. വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങ് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാറ്റാനുള്ള നീക്കം അണിയറയില്‍ നടന്നു വരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്നാണ് പ്രചരിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന്
അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. വിവാദമായപ്പോള്‍ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക