Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമ മെയ് 2ന്

Published by

കാലടി: ശ്രീശങ്കരാചാര്യരുടെ ജയന്തി ആഘോഷങ്ങള്‍ക്ക് കാലടിയില്‍ ഇന്ന് തുടക്കം. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തില്‍ ഇന്ന്, മെയ് 1,2 ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, യുവജനസംഗമം, ഭജനസന്ധ്യ, സംന്യാസി സംഗമം, മഹാപരിക്രമ, നദീപൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശങ്കരജയന്തി ദിനമായ മെയ് രണ്ടിന് രാവിലെ 10ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംന്യാസി സംഗമത്തില്‍ കേരളത്തിലെ വിവിധ മഠങ്ങളില്‍ നിന്നായി നൂറിലധികം സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, മാര്‍ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരുപാനന്ദ, കൊളത്തൂര്‍ അദൈ്വതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംന്യാസി സംഗമത്തില്‍ പങ്കെടുക്കും. അഖില കേരളാടിസ്ഥാനത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ശ്രീശങ്കര സ്‌തോത്രാലാപന മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും സംന്യാസി സംഗമത്തില്‍ വിതരണം ചെയ്യും. ഉച്ചയ്‌ക്ക് 2.30ന് ആദിശങ്കര കീര്‍ത്തിസ്തംഭമണ്ഡപത്തില്‍ ശ്രീശങ്കര സ്മൃതികളുണര്‍ത്തുന്ന നാടകം, ശ്രീശങ്കര കൃതികളുടെ നൃത്താവിഷ്‌ക്കാരം എന്നിവയും നടക്കും.

വൈകിട്ട് 4ന് നടക്കുന്ന ശ്രീശങ്കരജയന്തി മഹാസമ്മേളനത്തില്‍ ആദ്ധ്യാത്മിക ആചാര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചു മണിക്ക് ആദിശങ്കര കീര്‍ത്തി സ്തംഭത്തില്‍ നിന്നും മഹാപരിക്രമ ആരംഭിക്കും. ആദ്ധ്യാത്മിക ആചാര്യന്മാര്‍, വിവിധ ജില്ലകളില്‍ നിന്നെത്തിയ ശ്രീശങ്കരഭക്തര്‍ എന്നിവര്‍ അണിനിരക്കുന്ന മഹാപരിക്രമ ആശ്രമം വീഥികളിലൂടെ കടന്ന് ശൃംഗേരി മുതലക്കടവില്‍ സമാപിക്കും. ഭജനസംഘങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, താളമേളങ്ങള്‍, പഞ്ചവാദ്യം എന്നിവ മഹാപരിക്രമയ്‌ക്ക് മികവ് കൂട്ടും.

പൂര്‍ണ്ണാനദീ പൂജ, നദീസ്‌നാനം, മഹാദീപാരാധന, ആരതി എന്നിവയും നടക്കും. മുതലക്കടവില്‍ നടക്കുന്ന പൂര്‍ണ്ണാനദി പൂജയ്‌ക്കും ആരതിക്കും തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ഗോശാല വാസുദേവന്‍, ബാലമുരളി, കാളിദാസ ഭട്ടതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.

ഇന്ന് കാലടി ജങ്ഷന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6ന് ഡോ. എം.വി നടേശന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. മെയ് ഒന്നിന് രാവിലെ 9.30ന് ശൃംഗേരിമഠം ഹാളില്‍ നടക്കുന്ന യുവം-ശങ്കരം യുവസംഗമത്തില്‍ വ്യക്തിത്വ വികാസം ശങ്കരദര്‍ശനങ്ങളിലൂടെ എന്ന വിഷയത്തില്‍ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് അനൂപ് വൈക്കം നയിക്കുന്ന സംവാദം, നിവേദിത വിജയകുമാര്‍ അവതരിപ്പിക്കുന്ന ആചാര്യവന്ദനം നൃത്തശില്പം, വിദ്യാര്‍ത്ഥി ധര്‍മ്മവും ശ്രീശങ്കരനും എന്ന വിഷയത്തില്‍ കെ.ജി. പ്രദീപ് നടത്തുന്ന പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ (വര്‍ക്കിങ് പ്രസിഡന്റ്) എസ്. സുനില്‍ കുമാര്‍ (ജനറല്‍ കണ്‍വീനര്‍), പി.ആര്‍. അജിത്കുമാര്‍ (സെക്രട്ടറി), എസ്. വിജയന്‍ (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by