ഇസ്ലാമാബാദ്: ഭാരതം സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതും വ്യാപാരനയങ്ങളിലെ മാറ്റവുമെല്ലാം സാരമായി ബാധിച്ചതിനേത്തുടര്‍ന്ന് പാകിസ്ഥാനില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. പാകിസ്ഥാന്‍ നിലവില്‍ സാമ്പത്തികമായി കൂപ്പുകുത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാരതത്തിനെതിരെ യുദ്ധത്തിന് തയാറാകുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് പൊതുജനം പറയുന്നത്.
ഇതിന്റെ ഭാഗമായി വടക്കന്‍ പാകിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലാണ് പാക് ജനത, സ്വന്തം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ഭാരതത്തെ യാതൊരു കാരണവുമില്ലാതെ പ്രകോപിപ്പിച്ച് മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടിയാല്‍ ഇതിന്റെ ചെലവും പ്രത്യാഘാതങ്ങളും ആര്, എങ്ങനെ വഹിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഭാരതത്തിന്റെ പക്കലുള്ള അത്യാധുനിക ആയുധങ്ങളെ തടുക്കാന്‍ പാകിസ്ഥാനാവില്ല. അതിനാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ജനങ്ങള്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
യുദ്ധസമാനമായ സാഹചര്യത്തില്‍ പൊതുജനം അക്രമാസക്തമായി തെരുവിലിറങ്ങിയതോടെ പാക് ഭരണകൂടവും പ്രതിസന്ധിയിലായ അവസ്ഥയിലാണ്. ബാള്‍ട്ടിസ്ഥാന്‍ പോലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ജനം തെരുവിലിറങ്ങുന്നത് ഇവിടുത്തെ സൈന്യത്തിന്റെ ശ്രദ്ധതിരിക്കുമെന്ന ഭയവും ഭരണാധികാരികള്‍ക്കുണ്ട്. ഇതിനാല്‍ തന്നെ പാകിസ്ഥാനില്‍ നടക്കുന്നത് ഭാരതത്തിനെതിരായ പ്രതിഷേധമാണെന്നാണ് പാക് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക