Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Published by

സിപിഎമ്മിലും സര്‍ക്കാരിലും ഏകാധിപതിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ഏറ്റവും പുതിയ ഇര. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനെത്തിയ ശ്രീമതിയെ പിണറായി വിലക്കിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എഴുപത് വയസ് കഴിഞ്ഞ ശ്രീമതിക്ക് ഇളവു നല്‍കി കേന്ദ്രകമ്മിറ്റിയിലെടുത്തിരിക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നാണ് പിണറായിയുടെ നിലപാട്. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന എം.എ. ബേബിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീമതി സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും പിണറായിയുടെ വിലക്കിനെതിരെ ബേബിക്ക് ഒന്നും പറയാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. ശ്രീമതിക്ക് സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിന്നീട് നിശ്ശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനവും പിണറായിയുടെ ഭിക്ഷയാണല്ലോ. വിലക്കില്ലെന്ന് ഗോവിന്ദവും ബേബിയുമൊക്കെ പറയുമ്പോഴും ശ്രീമതിയുടെ ചീട്ട് പിണറായി കീറിയിരിക്കുന്നു.

തനിക്ക് വെല്ലുവിളി ഉയര്‍ത്താനിടയുള്ളവരെയും വിധേയരാവാത്തവരെയും ഇത് ആദ്യമായല്ല പിണറായി ഒതുക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭയില്‍ അംഗമായിരുന്ന ജി. സുധാകരനും തോമസ് ഐസക്കിനുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുപോലും നല്‍കാതിരുന്നത് പിണറായിയുടെ തീരുമാനമായിരുന്നുവത്രേ. കെ.കെ. ശൈലജയെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്നവര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയതുമില്ല. തന്നെ അനുസരിക്കാത്തതിനുള്ള ശിക്ഷയാണിതെന്ന് ഒന്നിലധികം തവണ പിണറായി പറയാതെ പറഞ്ഞിട്ടുമുണ്ട്. സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും തന്നിഷ്ടം നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്. തന്നോടു മാത്രമല്ല, തന്റെ കുടുംബത്തോടും വിധേയത്വം കാട്ടുന്ന നേതാക്കള്‍ മാത്രം സിപിഎമ്മില്‍ മതിയെന്ന മനോഭാവമാണ് പിണറായി പുലര്‍ത്തുന്നത്. ശ്രീമതിക്ക് വിനയായതും ഇതാണെന്നു കരുതപ്പെടുന്നു. മാസപ്പടിക്കേസില്‍ പ്രതിയായ മകള്‍ വീണയെ അനുകൂലിക്കാന്‍ ശ്രീമതി തയ്യാറാവാതിരുന്നതാണ് പിണറായിയുടെ കോപം ക്ഷണിച്ചുവരുത്തിയതെന്നാണ് വിവരം. പാര്‍ട്ടിയിലെ പല പ്രമുഖരും അഴിമതിക്കേസില്‍ വീണയെ ‘കുറ്റവിമുക്തയാക്കി’ പ്രതികരിക്കുകയുണ്ടായി. ശ്രീമതി ഇങ്ങനെ ചെയ്യാതിരുന്നതിന്റെ പകയാണ് പിണറായിയുടെ വിലക്ക്.

സര്‍ക്കാരില്‍ മാത്രമല്ല, സിപിഎമ്മിലും നടമാടുന്നത് പിണറായി വിജയന്റെ ഏകാധിപത്യമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. മധുര കോണ്‍ഗ്രസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ പാര്‍ട്ടിയിലെ ആരും തനിക്ക് മേലെയല്ല എന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്. പാര്‍ട്ടിയില്‍ പിണറായിയുടെ വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നയാളാണ് എം.എ. ബേബി. ചിലതൊക്കെ ബേബിക്ക് സ്വന്തം നിലയ്‌ക്ക് ചെയ്യാനാവുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ ആരായാലും തന്റെ അനുമതിയില്ലാതെ പാര്‍ട്ടിയില്‍ ഒന്നും നടക്കില്ലെന്ന സന്ദേശമാണ് പിണറായി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ മുതലാളിയാണ് പിണറായി വിജയന്‍. പിണറായിയുടെ ഇഷ്ടക്കേട് പിടിച്ചുപറ്റിയാല്‍ ആര്‍ക്കും രക്ഷയില്ല. പാര്‍ട്ടിയുടെ ദല്‍ഹിയിലെ കേന്ദ്രകമ്മിറ്റി ഓഫീസുപോലും നടന്നുപോകുന്നത് പിണറായിയുടെ ചെലവിലാണത്രേ. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തിരുവായ്‌ക്ക് എതിര്‍വായില്ലെന്ന നയം ബേബിക്കു പിന്തുടരേണ്ടിവരും. കേന്ദ്രകമ്മിറ്റിയംഗവും പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ ഭരണാധികാരിയുമായ തനിക്കുമേലെ ഒരു പാര്‍ട്ടിയുമില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചു എന്ന അവകാശവാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by