ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രാഷ്‌ട്രീയവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങളെക്കുറിച്ച് രേഖപ്പെടുത്തുമ്പോള്‍ 2025ലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടും. ചുവപ്പുകോട്ടകളെ തകര്‍ത്ത് കാമ്പസ് ഇട നാഴികളില്‍ ദേശീയബോധത്തിന്റെ പ്രതിധ്വനിമുഴക്കി കുങ്കുമവര്‍ണം ഒരു പുതിയ പ്രഭാതം പ്രകാശിപ്പിച്ച നിമിഷമായി ഇത് അറിയപ്പെടും. സാംസ്‌കാരിക ദേശീയത, ജനാധിപത്യ മൂല്യങ്ങള്‍, അക്കാദമിക മികവ് എന്നീ ആശയങ്ങളില്‍ വേരൂന്നിയ വിദ്യാര്‍ത്ഥി സംഘടനയായ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്- എബിവിപി, 2025ലെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുക മാത്രമല്ല, സര്‍വകലാശാലയുടെ രാഷ്‌ട്രീയ ഭൂപ്രകൃതിയുടെ ആഖ്യാനം തന്നെ തിരുത്തിയെഴുതുകയും ചെയ്തു.
ചരിത്രവിജയം: സംഖ്യകള്‍ക്കപ്പുറം
ശക്തമായ പോരാട്ടത്തിനൊടുവില്‍ സെന്‍ട്രല്‍ പാനലില്‍ ജോയിന്റ് സെക്രട്ടറിയായി എബിവിപി സ്ഥാനാര്‍ത്ഥി വൈഭവ് മീണ തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എ- ഡിഎസ്എഫ് സഖ്യത്തെ 88 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. എസ്എഫ്ഐ സഖ്യത്തെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും ശക്തമായ പോരാട്ടമാണ് മുന്നണി കൂട്ടുകെട്ടുകള്‍ക്കെതിരെ എബിവിപി ഒറ്റയ്‌ക്ക് കാഴ്ചവെച്ചത്. വിദ്യാര്‍ത്ഥി സമൂഹത്തിനുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന എബിവിപിയുടെ ബഹുജന പിന്തുണയും വിശ്വാസ്യതയും ഇത് പ്രകടമാക്കുന്നു.
ആകെയുള്ള കൗണ്‍സിലര്‍ സീറ്റുകളില്‍ 24 എണ്ണം എബിവിപി നേടി. ഇതുവഴി വിദ്യാര്‍ത്ഥി യൂണിയനില്‍ 50 ശതമാനത്തിലധികം പ്രാതിനിധ്യം നേടി. ജെഎന്‍യുവിലെ ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സമാന തകളില്ലാത്ത നേട്ടമാണിത്. ജെഎന്‍യുവിലെ ഇടതുപക്ഷ ആധിപത്യത്തെ മറികടന്ന എബിവിപിയുടെ യാത്ര, സംഘടനാ പ്രതിബദ്ധതയെ മാത്രമല്ല, വിദ്യാര്‍ ത്ഥികളക്കിടയിലെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ നേട്ടം വെറുമൊരു തെരഞ്ഞെടുപ്പ് വിജയമല്ല, ഒരു പുതിയ ജെഎന്‍യുവിന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തെ രാഷ്‌ട്രനിര്‍മ്മാണത്തിനും സാംസ്‌കാരിക സ്വത്വത്തിനും അക്കാദമിക മികവിനും അനുസൃതമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ജെഎന്‍യു.
ഇടതുശക്തികേന്ദ്രങ്ങളിലെ തന്ത്രപരമായ വിജയങ്ങള്‍
ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തിയ കേന്ദ്രങ്ങളിലും എബിവിപി കാവിക്കൊടി പാറിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ അഞ്ച് കൗണ്‍സിലര്‍ സീറ്റുകളില്‍ രണ്ട് എണ്ണം എബിവിപി നേടി. 25 വര്‍ഷത്തിനുശേഷമുള്ള ഒരു വലിയ മുന്നേറ്റമാണിത്. ഇടതു പ്രത്യയശാസ്ത്രത്തിന്റെ കോട്ടയില്‍ വന്‍വിള്ളല്‍ വീഴ്‌ത്തിയിത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ അഞ്ച് സീറ്റുകളില്‍ രണ്ടെണ്ണം എബിവിപി നേടി. 2019 ലെ പ്രകടനത്തേക്കാള്‍ കുത്തനെയുള്ള മുന്നേറ്റമായിരുന്നു ഇത്. എഞ്ചിനീയറിംഗ് (4/4), സംസ്‌കൃതം, ഇന്‍ഡിക് സ്റ്റഡീസ് (3/3), സംയോജിത കേന്ദ്രം (2/2) തുടങ്ങിയ നിരവധി സ്‌കൂളുകളില്‍ എബിവിപി മികച്ച വിജയം നേടി, ദേശീയ ആശയങ്ങള്‍ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന വ്യക്തമായ സന്ദേശം ഇത് നല്‍കുന്നു. സ്‌കൂള്‍ ഓഫ് ബയോടെക്നോളജി, സ്‌കൂള്‍ ഓഫ് സംസ്‌കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ എതിരില്ലാതെ നേടിയ വിജയം എബിവിപി യുടെ വ്യാപകമായ സ്വീകാര്യതയാണ് കാണിക്കുന്നത്.
ഇടത് കോട്ട തകര്‍ക്കല്‍: 1996 മുതല്‍ 2025 വരെ
ജെഎന്‍യുവിലെ എബിവിപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ ഉജ്ജ്വല നിമിഷം കൂടിയാണിത്. 1996 ലാണ് എബിവിപി ആദ്യമായി ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയത്. മൂന്ന് പ്രധാന സ്ഥാനങ്ങള്‍ നേടി, കാമ്പസില്‍ അത് വലിയ രാഷ്‌ട്രീയചലനം സൃഷ്ടിച്ചു., 2025ല്‍ എത്തുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ പ്രത്യയശാസ്ത്ര വിജയമായി മാറിയിരിക്കുന്നു, നാമമാത്രമായ മുന്നേറ്റത്തില്‍ നിന്ന് ആധിപത്യ സാന്നിധ്യത്തിലേക്കുള്ള ചരിത്രപരമായ പരിവര്‍ത്തനത്തെ അടയാള പ്പെടുത്തുന്നു. എബിവിപിയുടെ മുന്നോട്ടുള്ള യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ല് 2000ത്തിലായിരുന്നു. എബിവിപിയുടെ സന്ദീപ് മഹാപത്ര ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ ചരിത്രനിമിഷമായിരുന്നു അത്. 2016ല്‍ എബിവിപിയുടെ സൗരഭ് ശര്‍മ്മ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1996 ലെ മൂന്ന് സീറ്റുകള്‍ നേടിയതില്‍ നിന്ന് 24 കൗണ്‍സിലര്‍ സീറ്റുകളും ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടുന്നതുവരെയുള്ള എബിവിപിയുടെ ഉയര്‍ച്ച ജെഎന്‍യുവിന്റെ ഊര്‍ജ്ജസ്വലമായ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ ജൈവിക പരിണാമത്തെ പ്രതിഫലിപ്പിക്കുന്നു.
യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധയൂന്നല്‍
രാഷ്‌ട്രീയ വ്യവഹാരങ്ങള്‍ പലപ്പോഴും മുദ്രാവാക്യങ്ങളാലും പ്രത്യയശാസ്ത്രപരമായ കാഠിന്യത്താലും മൂടപ്പെട്ടിരിക്കുന്ന സമയത്ത്, എബിവിപി ശ്രദ്ധയൂന്നിയത് വിദ്യാര്‍ത്ഥികളുടെ കാതലായ പ്രശ്നങ്ങളിലായിരുന്നു. പ്രവേശനം, പരീക്ഷകള്‍, ഫലങ്ങള്‍, കാമ്പസ് പരിസരം, പാഠ്യപദ്ധതി എന്നിവയ്‌ക്കായിരുന്നു എബിവിപിയുടെ ഊന്നല്‍. ജെഎന്‍യുവിനെ ചരിത്രപരമായി ബാധിച്ച തടസ്സങ്ങളിലും രാഷ്‌ട്രീയ വല്‍ക്കരണത്തിലും മനം മടുത്ത വിദ്യാര്‍ത്ഥി സമൂഹത്തില്‍, ഫലങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എബിവിപിയുടെ ഈ സമീപനം ശക്തമായി പ്രതിധ്വനിച്ചു.
ഉത്തരവാദിത്തമുള്ള ഭരണം, സമയബന്ധിതമായ ഫലങ്ങള്‍, വൃത്തിയുള്ളതും സുരക്ഷിതവുമായ കാമ്പസുകള്‍, അക്കാദമിക സമ്പന്നവും ഭാവിക്ക് അനുയോജ്യമായതുമായ പാഠ്യപദ്ധതി എന്നിവ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കൂടുതലായി ആവശ്യപ്പെടുന്നു – ഈ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏകവിശ്വസനീയ ശക്തിയായി എബിവിപി നിലയുറപ്പിച്ചിരിക്കുന്നു. വൈഭവ് മീണയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി കൗണ്‍സിലര്‍മാരുടെ സംഘവും ഈ ശ്രദ്ധാകേന്ദ്ര മേഖലകളില്‍ പൂര്‍ണ്ണസുതാര്യതയോടെയും സമര്‍പ്പണത്തോടെയും പങ്കാളിത്ത നേതൃത്വത്തോടെയും കൂടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ സര്‍വകലാശാല പഠനത്തിന്റെയും സംവാദത്തിന്റെയും ദേശീയ സേവനത്തിന്റെയും ഒരു യഥാര്‍ത്ഥ ക്ഷേത്രമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നു.
വൈഭവ് മീണ: അഭിലാഷ ഭാരതത്തിന്റെ പ്രതീകം
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വൈഭവ് മീണയുടേത് പ്രചോദനാത്മകമായ കഥയാണ്. രാജസ്ഥാനിലെ കരൗളിയിലെ ഒരു വനവാസി കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വൈഭവ്, ഗ്രാമീണ അഭിലാഷത്തിന്റെയും അക്കാദമിക മികവിന്റെയും ദേശീയ ബോധത്തിന്റെയും ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. രാജസ്ഥാന്‍ സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വൈഭവ്, നിലവില്‍ ജെഎന്‍യുവിന്റെ ഇന്ത്യന്‍ ലാംഗേജ് സെന്ററില്‍ ഹിന്ദി സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പും (ജെആര്‍എഫ്) നാഷണല്‍ സര്‍വീസ് സ്‌കീമിലൂടെ (എന്‍എസ്എസ്) സേവനത്തിന്റെ ശ്രദ്ധേയമായ റെക്കോര്‍ഡും വൈഭവ് നേടിയിട്ടുണ്ട്. കാവേരി ഹോസ്റ്റലിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സംവാദം, ഉള്‍ക്കൊള്ളല്‍, അക്കാദമിക ഊര്‍ജ്ജസ്വലത എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഒരു കാമ്പസ് സംസ്‌കാരം കെട്ടിപ്പടുക്കുന്നതിന് വൈഭവ് അക്ഷീണം പ്രവര്‍ത്തിക്കുന്നു.
സാംസ്‌കാരികതയിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന ദേശീയവാദികളായ വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങളെയാണ് ഈ വിജയം പ്രതിനിധീകരിക്കുന്നതെന്ന് മീണ വ്യക്തമാക്കി. ഓരോ വിദ്യാര്‍ത്ഥിക്കും ബഹുമാനത്തിന്റെയും അവസരത്തിന്റെയും ദേശീയ പ്രതിബദ്ധതയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെയും രാഷ്‌ട്രനിര്‍മ്മാണത്തിനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തെ വീണ്ടെടുക്കാനുള്ള അവരുടെ ആഗ്രഹത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് എബിവിപി ജെഎന്‍യു യൂണിറ്റ് പ്രസിഡന്റ് രാജേശ്വര്‍ കാന്ത് ദുബെ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളുടെ ഏകപക്ഷീയമായ പ്രത്യയശാസ്ത്ര സ്വേച്ഛാധിപത്യത്തിനെതിരായ ഒരു ജനാധിപത്യ വിപ്ലവമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രവാദങ്ങളുടെ കളിസ്ഥലമാകുന്നതിനുപകരം അക്കാദമിക മികവിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും ജനാധിപത്യ സംവാദത്തിന്റെയും കേന്ദ്രമായി ജെഎന്‍യു മാറുമെന്ന പ്രതീക്ഷയാണ് ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്.
ജെഎന്‍യുവിനും അതിനപ്പുറവും ഒരു പുതിയ പ്രഭാതം
2025ലെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പ് ജെഎന്‍യുവിന്റെ ചരിത്രത്തിലെ വെറുമൊരു അധ്യായം മാത്രമല്ല, ഭാരതത്തിന്റെ അക്കാദമിക സ്ഥാപനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ പ്രതീകമാണ്. കാലഹരണപ്പെട്ടതും സംഘര്‍ഷഭരിതവുമായ പ്രത്യയശാസ്ത്ര രാഷ്‌ട്രീയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മാറി പരിഹാരാധിഷ്ഠിതവും രാഷ്‌ട്രം ആദ്യം എന്ന ചിന്തയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.
വാക്ക്പയറ്റിനെക്കാള്‍ യോഗ്യതയെയും ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയത്തേക്കാള്‍ രാഷ്‌ട്രനിര്‍മ്മാണത്തെയും പിടിവാശിയെക്കാള്‍ സംഭാഷണത്തെയും വിലമതിക്കുന്ന ഒരു ബോധം. ജെഎന്‍യുവിലെ എബിവിപിയുടെ മുന്നേറ്റം ഈ പുതിയ ബോധത്തിന്റെ ഒരു ദീപസ്തംഭമായി നിലകൊള്ളും.
ജെഎന്‍യുവില്‍ ഉയര്‍ന്ന കുങ്കുമ പതാക വെറുമൊരു രാഷ്ട്രീയ മാറ്റമല്ല, ഭാരതത്തിന്റെ സാംസ്‌കാരികമൂല്യങ്ങളുടെയും ജനാധിപത്യ മനോഭാവത്തിന്റെയും ബൗദ്ധിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ആഘോഷമാണിത്. ജെഎന്‍യുവിലെ എബിവിപിയുടെ മുന്നേറ്റത്തിന്റെ കഥ, ഭാരതത്തിന്റെ ഭാവി രൂപപ്പെടുന്നതിന്റെ കഥ കൂടിയാണ്. ഇത് ഒരു തുടക്കം മാത്രമാണ്.
(ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥിയും എബിവിപി മുന്‍ ദേശീയ മീഡിയാ കോ- കണ്‍വീനറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക