Kerala

കേന്ദ്ര ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആര്‍എസ്എസ് സ്ഥാപിച്ചത് : എന്‍.ആര്‍. മധു

അനന്തപുരി ഹിന്ദുമഹാ സമ്മേളനം സമാപിച്ചു

Published by

തിരുവനന്തപുരം: കേന്ദ്ര ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആര്‍എസ്എസ് സ്ഥാപിച്ചതെന്നും എന്നാല്‍ ഭാരതത്തില്‍ ദേശീയമായ ഭരണ സംവിധാനമുണ്ടാകണമെന്ന ആഗ്രഹം ആര്‍എസ്എസിനുണ്ടായിരുന്നുവെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു. കഴിഞ്ഞ അഞ്ച് ദിവസമായി പുത്തരിക്കണ്ടം മൈതാനത്ത് ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് എന്ന പ്രസ്ഥാനം ഇല്ലാതിരുന്നെങ്കില്‍ ഈ നാടിന്റെ ഗതിയെന്താകുമായിരിന്നുവെന്ന് ചിന്തിക്കണം. കേരളത്തിലെ ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായിരുന്ന കാലത്ത് സ്വാമി സത്യാനന്ദ സരസ്വതി അഴിച്ചുവിട്ട കൊടുങ്കാറ്റാണ് ഹിന്ദുത്വ സ്വാഭിമാനത്തെ ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന നിലയ്‌ക്കല്‍ പ്രക്ഷോഭമാണ് ഹിന്ദു ഏറ്റെടുത്ത് വിജയിപ്പിച്ച ആദ്യത്തെ സമരം. അതിനു ശേഷം കേരളത്തിലെ ഹിന്ദു ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പിന്തുണയോടെ നിരവധി വെല്ലുവിളികളെ ഏറ്റെടുത്തു. ഇന്നും ഏറ്റെടുത്തുകൊണ്ടിരിക്കുന്നതായും എന്‍.ആര്‍ മധു പറഞ്ഞു.

സമാപന സമ്മേളനം ബിഎല്‍എം ചെയര്‍മാന്‍ ഡോ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് രംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സമൂഹമാണ് ഹിന്ദു സമൂഹമെന്നും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ബിസിനസ് രംഗത്തേക്കിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ധര്‍മ പരിഷത്ത് പ്രസിഡന്റ് എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു. ബാംഗഌര്‍ യോഗാനന്ദേശ്വര സരസ്വതി മഠം ആചാര്യന്‍ സ്വാമി ശങ്കരഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്‌കൃതഭാരതി അഖിലേന്ത്യ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഹിന്ദു ധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എസ്.രാജശേഖരന്‍ നായര്‍, ഉത്രാടംതിരുനാള്‍ ആശുപത്രി സിഇഒ കേണല്‍ രാജീവ് മണാലി, ഹിന്ദു മഹാസമ്മേളനം ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ അരുണ്‍ വേലായുധന്‍, എസ്.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by