എഴുത്തച്ഛനെയും അദ്ധ്യാത്മരാമായണത്തെയും സമഗ്രമായ പഠനത്തിനു വിധേയമാക്കുന്ന ഉജ്ജ്വലരചനയാണ് രാമായണഗംഗ. എന്നല്ല, കിളിപ്പാട്ടിന്റെ ദര്‍ശത്തെ ആഴത്തിലും പരപ്പിലും വിശകലനത്തിന് വിധേയമാക്കുന്നു. ഡോ. ശ്രീഭുവനമാണ് ഈ മനോഹര ഗ്രന്ഥത്തിന്റെ രചയിതാവ്. ഭാരതീയ ദര്‍നത്തിന്റെ ആധികാരിക പ്രഭവങ്ങളായ കൃതികളുമായുള്ള ഗ്രന്ഥകാരിയുടെ ആത്മൈക്യം പുസ്തകത്തെ മഹനീയമായ ഒന്നാക്കിത്തീര്‍ത്തിരിക്കുന്നു.
പുസ്തകത്തിന്റെ പേരുതന്നെ സവിശേഷ ചാരുതയുള്‍ക്കൊള്ളുന്നു. തലക്കെട്ടിലെ ‘ഗംഗ’ ഭാരതീയ സംസ്‌കൃതിയുടെ ആഴങ്ങളിലേക്ക് വായനക്കാരനെ ആനയിക്കുന്ന താക്കോല്‍ വാക്കാണ്. ചിരന്തനമായ മുക്തിയുടെ മഹാ പ്രവാഹമായാണ് ഗംഗ ഭാരതീയ മനസ്സുകളില്‍ കുടികൊള്ളുന്നതെന്ന സത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, രാമായണ ദര്‍ശനത്തിന്റെ അധിഷ്ഠാനത്തെക്കുറിച്ചുകൂടി സൂചന നല്‍കാന്‍ എഴുത്തുകാരി ശ്രദ്ധിക്കുന്നു. രാമായണപഠനത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചുള്ള കിളിവാതില്‍ കൂടിയായി പുസ്തകത്തിന്റെ പേര് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
രാമായണ ദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ പ്രധാനമായും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെയാണ് എഴുത്തുകാരി പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഏഴദ്ധ്യായങ്ങളിലായാണ് രാമായണ ദര്‍ശനത്തെ ഗ്രന്ഥകര്‍ത്രി നിബന്ധിച്ചിരിക്കുന്നത്. ഒരുയാത്രയ്‌ക്ക് വായനക്കാരനെ സജ്ജമാക്കുംവണ്ണം ആമുഖം അവതരിപ്പിക്കുന്നു.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം’ എന്ന ഒന്നാം അധ്യായത്തില്‍ ‘മോക്ഷം’ എന്ന സങ്കല്‍പ്പത്തെക്കുറിച്ച് ഗഹനമായി ആലോചിക്കുന്നു. എന്താണ് മോക്ഷം, വിവിധ മോക്ഷോപാധികള്‍ എന്തെല്ലാം, ജീവന്മുക്തന്‍ ആരാണ്, എഴുത്തച്ഛന്റെ സങ്കല്‍പ്പത്തിന്റെ സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ അധ്യായത്തില്‍ സവിസ്തരം പ്രതിപാദിച്ച് വിശകലനം ചെയ്യുന്നു.
”രാമനുമായി യുദ്ധം ചെയ്ത് രാവണനു വൈകുണ്ഠം പ്രാപിക്കണമെന്നുള്ള” വാക്യത്തില്‍ രാമനും രാവണനും മനുഷ്യരുടെ മനസ്സിലെ രണ്ടുഭാവങ്ങളാണെന്ന് സമര്‍ത്ഥിക്കുന്നു. ആത്മബന്ധോപനിഷത്ത്, നാരായണാഥര്‍വശിരോപനിഷത്ത് തുടങ്ങിയവ മന്ത്രങ്ങളുടെ സഹായത്തോടെയാണ് എഴുത്തുകാരി ഇത്തരം ഒരാശയത്തെ മൂര്‍ത്തമാക്കി അവതരിപ്പിക്കുന്നത്.
എഴുത്തച്ഛന്റെ അഥവാ അദ്ധ്യാത്മ രാമായണത്തിന്റെ ജീവിത ദര്‍ശനത്തെ നിരൂപണം ചെയ്യുകയും വിശദമാക്കുകയും ചെയ്യുന്നതാണ് രണ്ടാം അദ്ധ്യായമായ ‘നിര്‍മ്മാല്യദര്‍ശനം.’ ‘കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം’ എന്ന പരികല്‍പ്പന അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലില്ലാത്തതും എഴുത്തച്ഛന്റെ സ്വന്തവുമാണെന്ന് പറഞ്ഞു തരുന്നു. തുടര്‍ന്ന്, നന്മയില്‍ നിന്നു വ്യക്തിയെ വ്യതിചലിപ്പിക്കുന്നതാണ് ദുര്‍ജ്ജന സമ്പര്‍ക്കമെന്നും, അതിനാല്‍ കഴിവതും ദുര്‍ജ്ജന സംസര്‍ഗ്ഗം ഒഴിവാക്കണമെന്നുമാണ് എഴുത്തച്ഛന്‍ ഇപ്രകാരം പറയുന്നതിന്റെ പൊരുളടക്കമെന്നും വിശദമാക്കുന്നു.
‘സ്വപ്‌നതുല്യം സഖേ’ എന്നു പേരിട്ടിരിക്കുന്ന മൂന്നാമത്തെ അദ്ധ്യായം, ഭാരതീയ ദര്‍ശനത്തില്‍ സവിശേഷ പ്രാധാന്യമുള്ള ‘മായ’ എന്ന സമസ്യയെ നിര്‍ദ്ധാരണം ചെയ്തവതരിപ്പിക്കാനുള്ള പരിശ്രമമാണ്. സ്വരൂപം, സ്വഭാവം, അവസ്ഥാ ഭേദങ്ങള്‍, പ്രവര്‍ത്തന ഫലങ്ങള്‍, വിദ്യയും അവിദ്യയും, മായയുടെ വിനാശം തുടങ്ങിയവയുടെ സമഗ്ര പഠനമാണ് ഇവിടെ നാം ദര്‍ശിക്കുന്നത്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ പ്രതിരൂപാത്മക ദര്‍ശനത്തെ അനാവരണം ചെയ്യുന്ന അദ്ധ്യായമാണ്, നാലാമതായുള്ള ‘നിശബ്ദതയുടെ സൗന്ദര്യം’.
‘ആനന്ദ സാഗര ഗമനം’ എന്ന അധ്യായത്തില്‍ വിവിധ ദര്‍ശനങ്ങളുടെ സമന്വയം കിളിപ്പാട്ടില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു. എന്തിന്, എപ്രകാരം, എങ്ങനെ കിളിപ്പാട്ടില്‍ ദര്‍ശന വൈവിദ്ധ്യത്തെ എഴുത്തച്ഛന്‍ വിളക്കി ചേര്‍ത്തിരിക്കുന്നു എന്ന് എഴുത്തുകാരി ഇവിടെ വിശദമാക്കുന്നു.
‘പരമ സത്യം ഇതാണ്’ എന്ന അദ്ധ്യായം രാമായണ ദര്‍ശനത്തെയും ആദര്‍ശത്തെയും ചൂണ്ടിക്കാണിക്കുന്നു. ബ്രഹ്മം, ദേഹി-ദേഹബന്ധം, വിരാട്- രൂപകല്‍പ്പന, ജീവന്‍ മുക്തന്റെ ലക്ഷണം എന്നിങ്ങനെ ബ്രഹ്മത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം, ‘പരമ സത്യം ഇതാണ്’ എന്ന അദ്ധ്യായത്തില്‍ കാണാം. ഈ അദ്ധ്യയത്തിന്റെ സവിശേഷ പ്രാധാന്യവും അതുതന്നെയാണ്. വിവേകചൂഡാമണി, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയങ്ങളുടെ സ്വാധീനം എഴുത്തച്ഛനില്‍ എങ്ങനെ പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് ഇതില്‍ എടുത്തു കാണിക്കുന്നുണ്ട്.
എഴുത്തച്ഛന്റെ രചനാലക്ഷ്യം, സാമൂഹികപ്രതിബദ്ധത തുടങ്ങിയവ ‘ശാരികപ്പൈതലിന്‍ ഉണര്‍ത്തുപാട്ട്’ എന്ന അധ്യായത്തില്‍ പരിചിന്തനത്തിന് വിധേയമാക്കുന്നു. അഭേദ ദര്‍ശനത്തില്‍ അധിഷ്ഠിതമാണ് കിളിപ്പാട്ടിന്റെ ദാര്‍ശനിക ഭാവം എന്ന് എഴുത്തുകാരി വിലയിരുത്തുന്നു.
എഴുത്തച്ഛന്‍ പഠനങ്ങള്‍ക്കും പൊതുവെയും രാമായണ പഠനങ്ങള്‍ക്ക് വിശേഷിച്ചും ഉപകാരപ്രദമായ രീതിയിലുള്ള ഒരു രചനയാണ് ‘രാമായണഗംഗ’യെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: