Literature

മൃത്യുവിന്റെ വിനോദയാത്രകള്‍

Published by

ലഞ്ചെരിവില്‍ വസന്തം
ചിത്രവേലതുടങ്ങിയിരുന്നു
സൂര്യന് നേര്‍ക്ക് ചിരിച്ച്
ഒരു ദേവദാരു
ചില്ലകളില്‍ തേനിരമ്പങ്ങള്‍
മടങ്ങാന്‍ മടിച്ച്
മലമുകളില്‍ നിന്നും
ശൈത്യം അടരുകളായി
താഴേക്ക് കുതിക്കാന്‍
വെമ്പല്‍ കൊള്ളുന്നുണ്ട്
ഇലകളില്‍ ചിലന്തികളുടെ
ധൃതികൂടിയ തുന്നല്‍പ്പണികള്‍
മഞ്ഞുകട്ടകളില്‍
ചിലര്‍ ആനന്ദം
ചികഞ്ഞുകൊണ്ടിരുന്നു
ആര്‍ത്ത്, കൈകോര്‍ത്ത്
ആനന്ദം തിരഞ്ഞുകൊണ്ടേയിരുന്നു

ഇരുണ്ടഇലത്തഴപ്പിനുപിന്നില്‍
മൃതിദൂതര്‍വന്നിറങ്ങുന്നത്
അവരറിഞ്ഞില്ല
അടുത്തെത്തിയതും
അറിഞ്ഞതേയില്ല
കൈഞൊടിച്ച് ചിലരെ,
ചിലരെ മാത്രംചേര്‍ത്തുപിടിച്ച്
അടുത്ത ഒരു യാത്രയിലേക്ക്
കൂട്ടി, എന്തായിരിക്കുമവര്‍
വാഗ്ദാനം ചെയ്തത് !

നടുക്കുന്നഹൃദയശൂന്യതയുടെ
തിരനിറച്ച് ,
തെല്ലുംചോരപൊടിയാതെ,
നെഞ്ചു തുളച്ച്,കാലങ്ങളോളം
പഴുത്തു നീറുന്ന ആദൃശ്യമായ
ഒരു മുറിവിനാല്‍
മരണത്തിനു വളരെമുന്‍പേ
എങ്ങനെ കൊല്ലാം
എന്ന് പരിശീലിച്ചവര്‍, അവര്‍
അവശേഷിച്ചവരുടെ നെഞ്ചിലേക്ക്
ഭീതിയുടെ നിറയൊഴിക്കാന്‍
മറന്നില്ല
ഗിരിശൃംഗങ്ങളിലൊന്നിലും
മുഴങ്ങി പ്രതിധ്വനിക്കാത്ത
തീര്‍ത്തും നിശ്ശബ്ദമായ
സ്‌ഫോടനങ്ങളില്‍
കരള്‍വെന്തവരുടെ
നിലവിളികള്‍
തടാകശൈത്യത്തില്‍
അമ്പേപുതഞ്ഞു പോയി
അറിഞ്ഞവരറിഞ്ഞവര്‍
എത്തിയപ്പോഴേക്കും കണ്ടത്
ഹിമയുഗങ്ങളിലെന്നോ
ഉറഞ്ഞുപോയവരെ…

പകച്ചുപോയ പൂമരത്തിന്റെ
കൊമ്പുകളില്‍ നിന്നും
ഞെട്ടിവിറച്ച് ചോപ്പുപൂക്കള്‍
മഞ്ഞിന്റെ ധവളിമയിലേക്ക്
ഞെട്ടടര്‍ന്ന് നിലംപൊത്തി.
ചോരച്ചാറ്റല്‍ പോലെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by