Kerala

വീടുവിട്ടത് ആണ്‍സുഹൃത്തിനെ കാണാന്‍, ട്രെയിനില്‍ വന്നിറങ്ങിയ 13കാരിയെ സ്വീകരിച്ചത് റെയില്‍വേ പൊലീസ്

Published by

പത്തനംതിട്ട: ആണ്‍സുഹൃത്തിനെ കാണാനായി അടൂരിലെ വീടുവിട്ട് കാസര്‍കോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ 13കാരിയെ റെയില്‍വേ പോലീസ് പിടികൂടി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. ഒന്നര വര്‍ഷമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് പൊയിനാച്ചി സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ 21കാരനൊപ്പം ജീവിക്കാനാണ് പെണ്‍കുട്ടി കാസര്‍കോഡ് എത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ സഞ്ചരിക്കുന്നുണ്ടെന്നും കാസര്‍കോട് അടുക്കാറായെന്നും മനസിലായി. ഇതോടെ റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിന്ന് ഇറങ്ങിയ ഉടനെ വീട്ടുകാര്‍ നല്‍കിയ ഫോട്ടോ വച്ച് പൊലീസ് പെണ്‍കുട്ടിയെ തിരിച്ചറിയുകയും അനുനയിപ്പിച്ച് ഒപ്പം കൂട്ടുകയുമായിരുന്നു. സ്‌റ്റേഷനില്‍ കാത്തുനിന്ന ആണ്‍സുഹൃത്തിനെയും പിടികൂടി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വഴക്കുപറഞ്ഞതുകൊണ്ടാണ് വീടു വിട്ടുപോന്നതെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ഇരുവരുടേയും ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കേസെടുക്കത്തക്ക വിവരങ്ങള്‍ ലഭിച്ചില്ല. ആണ്‍സുഹൃത്ത് മോശമായി പെരുമാറിയിട്ടില്ലെന്ന് പെണ്‍കുട്ടിയും അറിയിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ താക്കീതു നല്‍കി പറഞ്ഞുവിട്ടു. പെണ്‍കുട്ടിയെ പൊലീസ്് അറിയിച്ചതനുസരിച്ച് എത്തിയ വീട്ടുകാക്കൊപ്പം അടൂര്‍ക്ക് അയച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by