കേരളീയ ചരിത്രകാരന്മാരിൽ അഗ്രഗണ്യനാണ്, പ്രൊഫ. ഡോ.എം.ജി.എസ്. നാരായണൻ. ചരിത്രപഠനത്തിൽ പുതിയ രീതിശാസ്ത്രം രചിച്ച, പ്രാദേശികവും ദേശീയവുമായ ചരിത്ര പഠന-ഗവേഷണ-രചനാ പദ്ധതികൾ ആവിഷ്‌കരിച്ച് ചരിത്രം സൃഷ്ടിച്ച പണ്ഡിതൻ. 2024 ആഗസ്ത് 20ന് അദ്ദേഹത്തിന് 92 വയസ്സു തികഞ്ഞു.
പ്രൊഫ. ഇളംകുളത്തിന്റെ ചരിത്രദർശനങ്ങളുടെ പിൻബലത്തിലാണ് എംജിഎസ് ഗവേഷണമാരംഭിച്ചത്. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ക്രിസ്തുവർഷം 9-12 നൂറ്റാണ്ടുകൾക്കിടയിൽ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അന്നത്തെ രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക സ്ഥിതിയെക്കുറിച്ചും മറ്റുമുള്ള സൂക്ഷ്മമായ അന്വേഷണ പഠനങ്ങളായിരുന്നു, അദ്ദേഹത്തിന്റെ ഗവേഷണ പഠന ഗ്രന്ഥം: ‘പെരുമാൾസ് ഓഫ് കേരള’ – കേരളത്തിലെ പെരുമാക്കന്മാർ.
കേരളത്തിൽ അവിടവിടങ്ങളിൽ കിടന്നിരുന്ന ശിലാ- താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചരിത്ര പഠന ഗവേഷണ സ്രോതസ്സ്. അക്കാലത്തെ തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങൾ എംജിഎസ് പഠിച്ചു. ബ്രാഹ്‌മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലും അവഗാഹം നേടി. പാലി, തമിഴ്, സംസ്‌കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള ആഴത്തിലുള്ള അറിവും കൈവരിച്ചു.
കേരള ചരിത്രത്തിലും ഭാരത ചരിത്രത്തിലും എംജിഎസ് നടത്തിയ ആത്മാർത്ഥ പഠനം ചരിത്രത്തിന്റെ സത്യരേഖയായി. ചരിത്രം ഭരണത്തിലിരിക്കുന്നവരുടെ ഇഷ്ടവും താൽപര്യവും പ്രകാരം എഴുതിക്കൂട്ടുന്ന വ്യാജകഥകളല്ലെന്ന് കേരളത്തിൽനിന്ന് വിളിച്ചു പറഞ്ഞ രണ്ട് പ്രമുഖ ചരിത്രകാരന്മാരിൽ ഒരാൾ എംജിഎസ്സും മറ്റൊരാൾ പ്രൊഫ.എ. ശ്രീധരമേനോനുമാണ്.
പുതുവർഷപ്പിറവിയിൽ (1200 ചിങ്ങം ഒന്ന്, 2024 ആഗസ്ത് 17) ഡോ.എംജിഎസ്സിനെ കണ്ട് വന്ദിക്കാൻ തപസ്യ കലാസാഹിത്യ വേദി തീരുമാനിച്ചു; തപസ്യയുടെ സുവർണ്ണജയന്തിയാഘോഷങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും. ഞങ്ങൾ, തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, കോഴിക്കോട് ജില്ലാ വർക്കിങ് പ്രസിഡന്റ് എം.സി. രാജീവ്, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വെട്ടിയാട്ടിൽ, സംസ്ഥാന സമിതിയംഗം കാവാലം ശശികുമാർ ആയിരുന്നുപോയത്.
കോഴിക്കോട്ടെ പ്രസിദ്ധമായ മലാപ്പറമ്പ്. ഹൗസിങ് കോളനിയിലെ മൈത്രിക്കു മുന്നിലെത്തി. ഗേറ്റിന്റെ കുറ്റിയും കൊടുത്തും കിലുങ്ങിയ ഒച്ച കേട്ടപ്പോൾ വീട്ടിനകത്തുനിന്ന് മറുവാക്ക്: ‘അമർത്തിയാൽ മതി, തുറക്കാം…’ എത്രയെത്ര അറിവിന്റെ കലവറകളുടെ നിലവറകൾ തുറന്ന ചരിത്രമുള്ളയാളിന്റെ വീടാണ്. കൃത്യമായ സ്ഥലത്ത് അമർത്തിത്തുറന്നാണല്ലോ എംജിഎസ് ചരിത്രഗതി നേരാംവഴിക്ക് തിരിച്ചത്.
എംജിഎസ്സിന്റെ ‘പ്രേമി’, ഭാര്യ പ്രേമലത ഞങ്ങളെ സ്വീകരിച്ചു. ഡോ.പ്രൊഫ.എം.ജി.എസ്. നാരായണൻ ഞങ്ങളെ കാത്തിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഇരിപ്പാണ്, വീൽചെയറിൽ. കാൽമുട്ടിലെ പ്രശ്‌നങ്ങളാണ് മുഖ്യകാരണം. വയസ്സ് 92 എത്തിയതിന്റെ അസ്‌കിതകളും. 1932 ആഗസ്ത് 20 നാണ്, ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയിൽ, മലബാർ ജില്ലയിൽ, പൊന്നാനിയിൽ മുറ്റയിൽ ഇല്ലത്ത് ഗോവിന്ദമേനോന്റെ മകനായി ശങ്കരനാരായണൻ പിറന്നത്.
കാൽതൊട്ടു നമസ്‌കരിച്ചൂ ഞങ്ങൾ. അതൊന്നും സമ്മതിക്കാത്തയാളായിരുന്നു. പക്ഷേ, ‘ആഹാ, എല്ലാവരുമുണ്ടല്ലോ’ എന്ന് പതിഞ്ഞ ശബ്ദത്തിൽ, ചിരിച്ച മുഖത്തോടെ തലവശത്തേക്ക് തിരിച്ച്, കുസൃതിക്കണ്ണുകളോടെ ചോദിച്ചു. ഇരിക്കാൻ ആംഗ്യവും കാട്ടി. ഞങ്ങൾ വീണ്ടും പരിചയം പുതുക്കി. ഉള്ള സൗകര്യങ്ങളിൽ ഞങ്ങളെ ഇരുത്തി, സാറിനെ ഞങ്ങളിലേക്ക് തിരിച്ച്, അവിടെയെത്തുന്ന ആരുടെയും പ്രിയപ്പെട്ട അമ്മയാകുന്ന പ്രേമേച്ചി, ഒരേസമയം പല കാര്യങ്ങളിൽ വ്യാപൃതയായി.
ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനാണ് പറഞ്ഞു തുടങ്ങിയത്. ‘ഇന്ന് ചിങ്ങം ഒന്നല്ലേ, പുതിയ ആണ്ടും നൂറ്റാണ്ടും തുടങ്ങുകയല്ലേ. ചരിത്രത്തെ വന്നുകണ്ട് നമസ്‌കരിക്കാനും അനുഗ്രഹം വാങ്ങാനുമാണ് ഞങ്ങൾ വന്നത്.’
എംജിഎസ്: അതെയതെ ആകാമല്ലോ.
ശ്രീശൈലം: തപസ്യയുടെ അമ്പതാം വാർഷികമാണ് 2025. കോഴിക്കോട്ടാണല്ല തുടക്കം. ആ വിവരങ്ങൾ അറിയിക്കുന്നതിനുള്ള സമ്പർക്കത്തിന്റെ തുടക്കം കൂടിയാണ്…
എംജിഎസ്: തപസ്യ… വലതു കൈയുടെ ചുണ്ടുവിരൽ ചുഴറ്റി, അരിയിൽ ഹരിഃശ്രീ എഴുതുന്ന മട്ടിൽ വായുവിൽ എന്തൊക്കെയോ കുറിക്കുന്നതുപോലെ ചെയ്തു കൊണ്ടിരുന്നു. ഓർമ്മകളുടെ ഇരമ്പം കേൾക്കുന്നതുപോലെ. ഞങ്ങൾ സശ്രദ്ധം ചെവിയോർത്തു, പക്ഷേ, ഒന്നും പറഞ്ഞില്ല.
പ്രേമേച്ചിയാണ് സംസാരിച്ചത്: ‘കുറച്ചേ സംസാരിക്കൂ. ആവശ്യങ്ങൾ പറയും. ഓർമ്മപ്പിശകില്ല. ഇങ്ങനെയിരിക്കും. ഞാൻ പുസ്തകങ്ങളൊക്കെ വായിച്ചു കൊടുക്കും. ഇന്ന പുസ്തകം വായിക്കാൻ ചിലപ്പോൾ പറയും.’
വിദ്യാർത്ഥിയായിരിക്കെയും യൗവനകാലത്തും എഴുതിയ കവിതകളുടെ സമാഹാരം ‘മരിച്ചൂ മമ ബാല്യം’ പുറത്തിറങ്ങി. 92 ാം വയസ്സിൽ ആദ്യത്തെ കവിതാ സമാഹാരം!! അതേക്കുറിച്ചായി ഞങ്ങളുടെ പരാമർശം.
പ്രേമച്ചേച്ചി: അതെയതെ, ബേബിയേട്ടൻ പണ്ട് എഴുതിയതാണ്. എത്രയാണെന്നോ പേപ്പർ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ചെറിയ തുണ്ടുപേപ്പർ പോലുമുണ്ട്. ഇപ്പോൾ എന്റെപണി അതെല്ലാം പരതി, ആവശ്യമുള്ളതൊക്കെ വേർതിരിക്കലാണ്. അങ്ങനെ കണ്ടെടുത്തതാണ് കവിതകൾ പലതും. ചിലത് എനിക്ക് സംശയം തോന്നും, അക്ഷരമൊക്കെ വ്യത്യസ്തം. അപ്പോൾ ഞാൻ കാണിക്കും. ഉവ്വ്, എന്റേതാണെന്ന് എഴുതിയ കാലം ഓർമ്മിച്ച് പറയും.
ബേബിയേട്ടൻ വരച്ച ചിത്രങ്ങളും പെയിന്റിങ്ങുകളും കുറേയേറെയുണ്ട്. വായിച്ചു കൊണ്ടിരിക്കുമ്പോൾ കോറിയിട്ടതു മുതൽ ഗൗരവമായി വരച്ചതുവരെയുണ്ട് അതിൽ. ഒ.വി. വിജയനെ വരച്ച സ്‌കെച്ചുണ്ടായിരുന്നു. ഇപ്പോളത് കാണുന്നില്ല. ചില ചിത്രങ്ങൾ ബേബിയേട്ടനെക്കുറിച്ചുള്ള ഫീച്ചറിനൊപ്പം ചില പത്രങ്ങളിൽ വന്നിട്ടുണ്ട്…..
കവിതകളെക്കുറിച്ച് പറഞ്ഞപ്പോൾ എംജിഎസ് ഊറിച്ചിരിച്ചുകൊണ്ടേയിരുന്നു. ഓർമ്മകൾ ഏറെ പിന്നിലേക്ക് പോയതുപോലെ. പ്രേമേച്ചിയാണ് തുടർന്നത്: അടുത്തകാലത്തും കവിത എഴുതിയിരുന്നു. അത് ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു. അതുമാത്രം എനിക്ക് കണ്ടുപിടിക്കാനായില്ല.’ അപ്പോൾ ഡോ.ശ്രീശൈലം പറഞ്ഞു: കോപ്പി എന്റെ കൈവശമുണ്ട്. ഞാൻ തരാം. ഇടയ്‌ക്കിടയ്‌ക്ക് മൈത്രി സന്ദർശിക്കാറുള്ള ശ്രീശൈലം അടുത്ത വരവിൽ കൈമാറാമെന്ന് ഉറപ്പും നൽകി.
ജന്മഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ചിലത് എംജിഎസ്സിന് കൈമാറി. അതിൽ ഏറ്റവും പുതിയത് എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപി’നെ മുൻനിർത്തി പ്രൊഫ.കെ.പി. ശശിധരൻ നടത്തിയ അന്വേഷണ പഠനമാണ്- ‘സഞ്ചാരി പറഞ്ഞ കടംകഥ.’ മറ്റൊന്ന് ‘ധർമ്മായണം’- കാവാലം ശശികുമാർ എഴുതിയ കാവ്യം. പുസ്തകങ്ങൾ എംജിഎസ് സന്തോഷപൂർവം സ്വീകരിച്ചു, മറിച്ചുനോക്കി. ‘ധർമ്മായണം’ രാമായണത്തെ മുൻനിർത്തിയുള്ള ചിന്തകളാണെന്ന് ചോദിച്ചറിഞ്ഞു. ‘സഞ്ചാരി പറഞ്ഞ കടംകഥ’യെക്കുറിച്ച്, എസ്‌കെ എഴുതിയ ബാലിവിവരണത്തിലെ പിഴവുകളുടെ കണ്ടെത്തലാണെന്ന് ഞങ്ങൾ പറഞ്ഞു. സംസ്‌കൃതം അത്ര വശമില്ലാത്തതിനാൽ ബാലിയെക്കുറിച്ച് ഇംഗ്ലീഷിൽ മറ്റുചിലർ എഴുതിയ പുസ്തകങ്ങളുടെ പകർത്തലാണെന്നും അവ അസത്യവിവരണങ്ങളാണെന്നും വിശദീകരിച്ചു. എംജിഎസ് ഒന്ന് കുലുങ്ങിച്ചിരിച്ചു. ‘ഉവ്വോ’ എന്ന് ആകാംക്ഷയോടെ ചോദിച്ചു. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും എഴുത്തിന്റെയും വഴികളിൽ ഇക്കാലത്തും അന്വേഷണ പഠനങ്ങൾ നടക്കുന്നതിലെ ആനന്ദമായിരുന്നിരിക്കണം ഉള്ളിൽ.
പ്രേമലത: എസ്‌കെയുടെ പുസ്തകങ്ങൾ പലതും അടുത്തിടെ എന്നെക്കൊണ്ട് വായിപ്പിച്ച് കേട്ടു. എസ്‌കെയുമായി ബേബിയേട്ടന് നല്ല അടുപ്പമായിരുന്നു. പ്രഭാതസവാരിയിൽ തമ്മിൽ കാണുമായിരുന്നു.
ഇതിനിടെ പ്രേമേച്ചി ചായ തയാറാക്കിയത് കൊണ്ടുവന്നു. ഞങ്ങൾ അഞ്ചുപേരുടെയും ‘ചായരുചി’ ഇടയ്‌ക്ക് ചോദിച്ചറിഞ്ഞിരുന്നു; ചായയ്‌ക്ക് കൂട്ടിന് മിക്‌സ്ചറും. സാറിന് അരക്കപ്പ് ചായ. ചായ കൈയിൽ വാങ്ങി കുടിച്ചു. ശ്രീശൈലം സ്പൂണിൽ കോരിയ മിക്‌സ്ചർ സാറിന്റെ കൈയിൽ കൊടുത്തു, ഏറെ സൂക്ഷ്മതയോടെ എംജിഎസ് അത് വായിലിട്ടു. അതിനിടെ, സാറിന്റെ മിക്‌സ്ചർ പ്രിയം ശ്രീശൈലം പറഞ്ഞു, അതുകേട്ട് എംജിഎസ് ഒച്ചയുണ്ടാക്കിത്തന്നെ ചിരിച്ചു…
ഡോ.ശ്രീശൈലം: സാറിന്റെ നാടകാഭിനയത്തെക്കുറിച്ച് അറിയാമോ? ഞങ്ങളുടെ സാമൂതിരി ഗുരുവായൂരപ്പൻ കോളെജിലെ ചരിത്രവിഭാഗത്തിൽ എംജിഎസ് അദ്ധ്യാപകനായിരുന്നു. (ഡോ.ശ്രീശൈലം ഗുരുവായൂരപ്പൻ കോളെജിൽ മലയാള വിഭാഗം തലവനാണ്). അക്കാലത്ത് സി.എൻ. ശ്രീകണ്ഠൻനായരുടെ ‘കാഞ്ചനസീത’ നാടകത്തിൽ ശ്രീരാമനായി എംജിഎസ് അഭിനയിച്ചു. കാണാനിരിക്കുന്നവരിൽ സിഎന്നുമുണ്ടായിരുന്നു. ആ നാടകം കളിച്ചു കിട്ടിയ പണംകൊണ്ടാണ് കോളേജിലേക്കുള്ള റോഡു നിർമ്മിച്ചത്. ആ റോഡിന്റെ പേര് ഇന്നും ‘കാഞ്ചനസീതാ’ റോഡെന്നാണ്. കണ്ണുകളിൽ തിളക്കം, വർത്തമാനങ്ങളിലൂടെ ഓർമ്മകളിലേക്ക് കൊണ്ടുപോയി എംജിഎസ്സിനെ മറ്റാരും ഇത്രയേറെ സന്തോഷിപ്പിച്ചിട്ടുണ്ടാവില്ല, അടുത്തെങ്ങും…
‘ധർമ്മായണം’ മറിച്ചു നോക്കിക്കൊണ്ട് പ്രേമേച്ചി ചോദിച്ചു: ശശികുമാർ ആലപ്പുഴ എസ്ഡി കോളെജിലാണ് പഠിച്ചതല്ലേ. ജന്മഭൂമിയിലും മറ്റും വായിച്ച് അറിയാം, കാണുന്നത് ആദ്യമാണെന്നുമാത്രം. ഞാൻ കുട്ടിക്കാലത്ത് ആലപ്പുഴയിൽ ഉണ്ടായിരുന്നു. അച്ഛൻ എൻ.ടി. മാധവൻ നമ്പ്യാർ ആലപ്പുഴ എസ്ഡികോളെജിൽ അദ്ധ്യാപകനായിരുന്നു. പിന്നീടാണ് അവിടുന്ന് കോഴിക്കോട്ടേക്ക് പോന്നത്, സാമൂതിരി ഗുരുവായൂരപ്പൻ കോളെജിൽ (1954 മുതൽ 66 വരെ) പ്രിൻസിപ്പലായിരുന്നു. ടീച്ചർ ഏറെ പറഞ്ഞു, അന്നത്തെ എസ്ഡി കോളെജ് കാമ്പസിനെക്കുറിച്ച്, ടൗണിലെ എസ്ഡിവി സ്‌കൂളിനെക്കുറിച്ച്, അന്ന് താമസിച്ചിരുന്ന മുല്ലയ്‌ക്കൽ പ്രദേശത്തെക്കുറിച്ച്…
പതിനഞ്ചുവർഷം മുമ്പ്, ഇഎംഎസ്സിനെക്കുറിച്ച് ഒരു കുറിപ്പിനുവേണ്ടി എംജിഎസ്സിനുപിന്നാലേ എറണാകുളത്ത് പരിപാടികളിൽനിന്ന് പരിപാടികളിലേക്കായി ഓടിനടന്ന സംഭവം ഞാൻ ഓർമ്മിച്ച് സദസ്സിൽ പങ്കുവെച്ചു. അച്ചടിക്കാൻ ആ ദിവസംതന്നെ കിട്ടേണ്ടതായിരുന്നു. അദ്ദേഹത്തിനാണെങ്കിൽ സമയവുമില്ല. നലുപരിപാടികൾ, ഇടയ്‌ക്ക് ചില സന്ദർശകർ. കിട്ടുന്ന അവസരത്തിൽ, എഴുതാൻപോകുന്ന ആർട്ടിക്കിളിൽ ഉൾപ്പെടുത്താൻപോകുന്ന കാര്യങ്ങൾ അദ്ദേഹം എന്നോട് പറയും. എഴുത്തുമാത്രം നടക്കുന്നില്ല. വൈകിട്ടായി, എംജിഎസ്സിന് കോഴിക്കോട്ടേക്ക് മടങ്ങണം രാത്രിവണ്ടിക്ക്. എന്റെ വിഷമം ഒക്കെ കണ്ടിട്ടാവണം, അഞ്ചുമണിക്ക് നടക്കുന്ന ഒരു പൊതുയോഗ വേദിയിൽ ഇരുന്ന് എംജിഎസ് കുത്തിക്കുറിക്കുന്നു. പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ പേപ്പർ മടക്കി പേന അടച്ചുവെച്ച് അദ്ദേഹം പ്രസംഗിച്ചു, വിഷയം ചരിത്രമായിരുന്നു. യോഗം കഴിഞ്ഞപ്പോൾ എന്നെ അരികിലേക്ക് വിളിച്ചു, ലേഖനം കഴിഞ്ഞിട്ടുണ്ട്, ടൈപ്പുചെയ്ത് എനിക്കയയ്‌ക്കണം. എനിക്ക് ഒരു വായനകൂടി നടത്തണം. ഞാൻ രണ്ടുകൈയും നീട്ടി വാങ്ങി. കൈയെഴുത്തിൽ ആറുപേജുണ്ട്, ഇരുപുറങ്ങളിലായി. ചെറുകുറിപ്പാണ് ചോദിച്ചത് ഒന്നാന്തരം ലേഖനം. അതുവരെ പല സമയത്തായി പറഞ്ഞ കാര്യങ്ങൾ ചിട്ടയായി അടുക്കിവെച്ച് സുഭദ്രമായ ലേഖനം. ഞാൻ പറഞ്ഞു തുടങ്ങിയതിൽ ‘ഇഎംഎസ്’ എന്നത് കേട്ടപ്പോൾ മുതൽ സശ്രദ്ധം കേട്ടിരുന്ന എംജിഎസ് എന്നെനോക്കി നന്നായൊന്ന് ചിരിച്ചു.
ഡോ.ശ്രീശൈലം: ഇഎംഎസ്സിന്റെ ചരിത്ര ദുർവ്യാഖ്യാനങ്ങളെ അടിത്തറ പൊളിച്ച് അടുക്കിപ്പെറുക്കി ആറ്റിൽകളഞ്ഞില്ലേ എംജിഎസ്. പണ്ഡിതരുടെ ഒരു വലിയ നിരതന്നെ എതിർത്തുനിന്നപ്പോൾ അവരെ ഒറ്റയ്‌ക്ക് ചെറുത്തുനിന്ന് ഖണ്ഡിച്ചു. ചരിത്രമായാലും സാഹിത്യമായാലും എംജിഎസ്സിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല.
കാവാലം ശശികുമാർ: ചരിത്രത്തിന്റെ അപഗതിയെ തടഞ്ഞുനിർത്തുകയും നേർവഴിക്ക് നടത്തുകയുമായിരുന്നുവല്ലോ എംജിഎസ്. ഭഗീരഥ പ്രയത്‌നമായിരുന്നു. അതിൽ സൂക്ഷിച്ച സത്യസന്ധതയായിരുന്നു ഏറ്റവും ശ്രദ്ധേയം. പക്ഷം പിടിച്ചില്ല. വാദിച്ചുകൊണ്ടിരുന്നതിനോട് വിയോജിച്ചവരോട്, ഏതെങ്കിലും സ്ഥാനങ്ങൾക്കുവേണ്ടി ഒത്തുതീർപ്പിന് തയാറായില്ല. കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രിയായിരിക്കെ ഡോ.മുരളീ മനോഹർ ജോഷിയാണ് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിൽ (ഐസിഎച്ച്ആർ) എംജിഎസ്സിനെ നിയോഗിച്ചത്. അവിടെയിരുന്ന് അദ്ദേഹം പല വിഷയത്തിലും ചരിത്രസത്യം കണ്ടെത്തി. എന്നാൽ, ഒപ്പമുണ്ടായിരുന്ന മറ്റുചില ചരിത്രകാരന്മാരുടെ നിഗമനങ്ങളോട് വിയോജിക്കേണ്ടിവന്നപ്പോൾ വിയോജിച്ചു, അതിന്റെ പേരിൽ പദവിയും സ്ഥാനവും ഉപേക്ഷിച്ചു. പക്ഷേ, എംജിഎസ് അന്നുപാകിയ ചരിത്രത്തിന്റെ അടിത്തറയിലുംകൂടിയാണ് അയോദ്ധ്യാ തർക്കവിഷയത്തിന് സമാധാനപരമായ പരിഹാരമായതും ക്ഷേത്രം ഉയർന്നതും. അതാണ് നമ്മൾ തിരിച്ചറിയേണ്ടത്.
ഞങ്ങൾ പറഞ്ഞത് സശ്രദ്ധം കേൾക്കുകയായിരുന്ന എംജിഎസ്സിനോട് ചോദിച്ചു: സർ, അങ്ങ് പിന്തുടർന്നിരുന്ന ചരിത്രാന്വേഷണ പഠന ഗവേഷണ രീതികൾ ഇന്നത്തെ കാലത്ത് തുടരുന്നില്ല എന്നു തോന്നുന്നുണ്ടോ? ലിഖിതങ്ങൾ, ഗ്രന്ഥവരികൾ, പുരാരേഖകൾ ഒക്കെ പഠിച്ച് പരിശോധിക്കുന്നരീതി.
എംജിഎസ്: ‘ഇല്ല. ആ രീതിയിൽ ഇന്ന് ആളുകൾ കുറവാണ്,’ക്ഷണം മറുപടി വന്നു. പക്ഷേ, ആ രീതിയാണ് ശരി. അതാണ് കാലാതിവർത്തിയായ ചരിത്രം കണ്ടെത്തി സംരക്ഷിക്കുന്ന രീതി. അദ്ദേഹം എന്തോ ചിലത് പറയാനൊരുങ്ങി, ഓ, വേണ്ട എന്നുവെച്ചതുപോലെ… കൈയനക്കവും വിരൽ ചുഴറ്റലും അങ്ങനെ തോന്നിപ്പിച്ചു.
അപ്പോൾ ഞാൻ ഓർമ്മിക്കുകയായിരുന്നു. അയോദ്ധ്യാ വിഷയത്തിൽ ചരിത്രകാരന്മാർ പലവാദങ്ങൾ പറഞ്ഞ് ചർച്ചയും അവകാശവാദങ്ങളും മൂത്തുനിൽക്കുന്ന കാലം. 1994 ൽ ആണെന്ന് ഓർമ്മ. ‘പ്രൊഫ.എം.ജി.എസ്. നാരായണൻ ചരിത്ര ഗവേഷകനല്ല, ഗവേഷകന് അക്കാദമിക്കൽ ലോകം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അദ്ദേഹത്തിനില്ല’ തുടങ്ങിയ ഏറെ വ്യക്തിപരമായ വിമർശനങ്ങളാണ് എതിർ പക്ഷത്തുണ്ടായിരുന്ന ചരിത്രമെഴുത്തുകാരായ ഇർഫാൻ ഹബീബ്, പ്രൊഫ.കെ.എൻ. പണിക്കർ തുടങ്ങിയവർ ഉയർത്തിയത്. അന്ന് ഊർജ്ജസ്വലനായി, ‘എതിരാളികൾ വരട്ടെ, ഞാൻ വാദത്തിന് തയാർ’ എന്ന് പറയാതെ പറഞ്ഞുകൊണ്ട് ഒരു പോരാളിയെപ്പോലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് എംജിഎസ് ചരിത്രം വിശദീകരിച്ചു: ”ഞാൻ പറയുന്നത് ഊഹാപോഹങ്ങളല്ല, സങ്കൽപ്പങ്ങളും സാധ്യതകളും വിവരിക്കലല്ല. ഞാൻ പറയുന്നത് രേഖകൾ വായിച്ചാണ്. ആ രേഖകൾ ആർക്കും വായിക്കാവുന്നതാണ്.”
ഡോ.ശ്രീശൈലം: ഇർഫാൻ ഹബീബിന്റെയൊക്കെ വാദങ്ങളെ മലർത്തിയടിച്ചില്ലേ. ചരിത്രത്തിന്റെ നേർവായനയായിരുന്നു എംജിഎസ് നടത്തിയത്. അത് ഇന്നും ആരാലും ചോദ്യം ചെയ്യപ്പെടാത്ത കണ്ടെത്തലുകളാണ്.
കാവാലം ശശികുമാർ: കുമാരനാശാന്റെ വീണപൂവിന് പിന്നിലെ ചരിത്രം കണ്ടെത്തി അവതരിപ്പിച്ചത് സാറല്ലേ. സാഹിത്യത്തിൽ, കുമാരനാശാന്റെ ‘വീണപൂവി’ന് പിന്നിലെ കഥയും ചരിത്രവും അനുഭവവും കണ്ടെത്തി പ്രസിദ്ധീകരിച്ച കാര്യം ഓർമ്മിപ്പിച്ചപ്പോൾ എംജിഎസ് ആഹ്ലാദത്തോടെ തലകുലുക്കിച്ചിരിച്ചു: ‘ശരിയാണ് ശരിയാണ്’ എന്നു പറഞ്ഞു. ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യത്തിന്റെ രചനയക്കുപിന്നിൽ, കവി കുമാരനാശാനുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചാണ് എംജിഎസ് കണ്ടെത്തി എഴുതിയത്. ആശാന്റെ കൊൽക്കൊത്ത ജീവിതകാലത്തെ അനുഭവമാണ് എംജിഎസ് കണ്ടെത്തി അവതരിപ്പിച്ചത്. ചർച്ച സാഹിത്യത്തിലേക്ക് തിരിഞ്ഞു. കോഴിക്കോട്ടെ കോലായ സാഹിത്യ ചർച്ചകളിലേക്കും, അതിൽ എംജിഎസ് ഏറെ സക്രിയനായിരുന്നതും മറ്റും.
ഡോ.ശ്രീശൈലം: സഞ്ജയനുമായി (എം.ആർ. നായർ) അടുപ്പമുണ്ടായിരുന്നോ? ‘ഇല്ല,’ എന്ന് എംജിഎസ്. ഇടശ്ശേരി, അക്കിത്തം, ഉറൂബ് തുടങ്ങിയ പേരുകൾ പറഞ്ഞപ്പോൾ എംജിഎസ് ഒന്നിളകിയിരുന്നു. നല്ല ആവതുണ്ടായിരുന്നെങ്കിൽ ആ വിഷയത്തിൽ പലതും ഏറെപ്പറഞ്ഞേനെ എന്ന് തോന്നിപ്പിച്ചു.
അനൂപ് കുന്നത്ത്: സാറിനെക്കുറിച്ചുള്ള കുറിപ്പുകൾ ഏതെങ്കിലും ഇംഗ്ലീഷിൽ തയാറാക്കിയത് ഉണ്ടാവുമോ? പ്രേമേച്ചിയോടായിരുന്നു ചോദ്യം. അതിനുമുമ്പ് കൃഷ്ണകുമാർ വെട്ടിയാട്ടിലും എം.സി. രാജീവും തമ്മിൽ അനൂപ് എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. തുടർന്നായിരുന്നു ചോദ്യം.
പ്രേമലത: ഉവ്വ്, ഉണ്ട്്, തപ്പിയെടുക്കണം. എന്തിനാണ്, വല്ല അവാർഡിനോ മറ്റോ വേണ്ടിയാണെങ്കിൽ ബേബിയേട്ടന് അതിലൊന്നും താൽപര്യമില്ല. പണ്ട് ചിലർ ബേബിയേട്ടന് പദ്മ അവാർഡുകൾക്കായി പരിശ്രമിക്കുന്നുവെന്ന് കേട്ടു. ബേബിയേട്ടനോട് അതെക്കുറിച്ച് ചർച്ച ചെയ്തു. എനിക്ക് അതിൽ ഒന്നും ചെയ്യാൻ താൽപര്യമില്ല എന്നായിരുന്നു മറുപടി. ഒരിക്കൽ ദൽഹിയിൽനിന്ന് ഉയർന്ന തലത്തിലുള്ള ഒരുദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു. ഇവിടെ ഒരു പുസ്തകവും അപേക്ഷകളും വ്യക്തിവിവരങ്ങളുമായി അനേകംപേർ അവാർഡുകൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നു. അങ്ങയുടെ പുസ്തകമോ വ്യക്തിവിവരങ്ങളോ അപേക്ഷയോ ഒന്നും കിട്ടിയിട്ടില്ലല്ലോ?, വർഷങ്ങൾ പലതുമുമ്പായിരുന്നു അത്. അദ്ദേഹത്തോട് ബേബിയേട്ടൻ പറഞ്ഞു: ഞാൻ ഇതിനൊന്നും പിറകേ പോകാനില്ല. ഞാനും ഞാൻ എഴുതിയതും മൂല്യമുള്ളതാണെങ്കിൽ ശേഷിക്കും. അത് ഏതുകാലത്തും അന്വേഷിക്കുന്നവർ കണ്ടെത്തും. അതാണ് എന്റെ നിലപാട്.
കൃഷ്ണകുമാർ വെട്ടിയാട്ടിൽ: സ്വയം അപേക്ഷിക്കുന്ന്തും ശിപാർശ ചെയ്യുന്നതുമായ കാലമൊക്കെ മാറി. ഇപ്പോൾ അർഹതപ്പെട്ടവർക്ക് അന്വേഷിച്ച് കണ്ടെത്തി കൊടുക്കുകയാണ് രാജ്യത്തെ പരമോന്നത ബഹുമതികൾ. സാറാകട്ടെ ഏത് പദ്മാ ബഹുമതിക്കും സർവഥാ യോഗ്യനും.
കേരളത്തിലെ സർക്കാരുകൾ ഇതുവരെ ശിപാർശ ചെയ്തിട്ടില്ല, ഈ പേര്. കാരണം എൽഡിഎഫിന് ചതുർത്ഥിയാണ് എംജിഎസ്. യുഡിഎഫിന് അപ്രിയനും. അപ്പോൾപ്പിന്നെ ഇക്കാലമത്രയും വൈകിയതിന് വേറേ കാരണം പറയേണ്ടതില്ലല്ലോ.
കാവാലം ശശികുമാർ: അവാർഡുകളല്ല, സാർ അവതരിപ്പിച്ചതിന് കിട്ടിയ സ്വീകാര്യതയാണ് സമ്മാനം. സാർ പറഞ്ഞതൊക്കെയാണ് ശരിയെന്ന് കാലം തെളിയിച്ചു. അന്ന് പലരും പൊക്കിക്കൊണ്ടുനടന്നവരും അവരുടെ വാദങ്ങളും ഇന്ന് എവിടെയെന്ന് നോക്കിയാൽ മതി. ചരിത്രത്തിനെ ഗതിമാറ്റിയൊഴുക്കിയ കരുത്താണ് ഈ ഇരിക്കുന്നത്.
ഡോ.ശ്രീശൈലം: ഓർമ്മയുണ്ടോ. കോഴിക്കോട്ട് ഫാറൂഖ് കൊളേജിൽ ചിലർ ചേർന്ന് വലിയ ചരിത്ര സെമിനാർ നടത്തി. ദേശീയ അന്താരാഷ്‌ട്ര ചരിത്രകാരന്മാരുടെ സംഗമമായിരുന്നു. സംഘാടകർ മനപ്പൂർവം ഡോ.എം.ജി.എസ്. നാരായണനെ ഒഴിവാക്കി. സാറാണെങ്കിൽ ചരിത്രകാരനാണല്ലോ, ചരിത്രം തേടിനടക്കുന്നയാൾ. അതിനാൽ ക്ഷണിച്ചില്ലെന്ന കാര്യം നോക്കിയില്ല. സദസ്സിൽ മുൻനിരയിൽ ചെന്നിരുന്നു. ദേശീയ അന്താരാഷ്‌ട്ര ചരിത്ര പണ്ഡിന്മാരും ഗവേഷകരും ആളെ തിരിച്ചറിഞ്ഞു. അവർ ചുറ്റുംകൂടി. ചിലർ ഓട്ടോഗ്രാഫ് നേടാൻ. ചിലർ അനുഗ്രഹം നേടാൻ. എംജിഎസ് അവർക്കൊപ്പം സമയം ചെലവിട്ടു. എന്തുകൊണ്ട് എംജിഎസ്സിനെ സെമിനാറിൽനിന്ന് ഒഴിവാക്കിയെന്ന് വിശദീകരിക്കാനാവാതെ സംഘാടകർ കുഴങ്ങി.
അനൂപ് കുന്നത്തും ശ്രീശൈലവും ഒരേ സമയത്താണ് ചോദിച്ചത് സാറിന് ഒരു കഷണം കേക്ക് തരട്ടേ എന്ന്. ‘ആവാം’ എംജിഎസ് പറഞ്ഞു. വളരെ ശ്രദ്ധയോടെ അത് രുചിക്കാൻ തുടങ്ങിയപ്പോൾ പ്രേമേച്ചി വന്നു. ഭക്ഷണം ഇഷ്ടമാണ്. എന്തുവേണമെന്നുവെച്ചാൽ കൊടുക്കുകയും ചെയ്യും. ചിലപ്പോൾ രാത്രി രണ്ടുമണിക്കും നാലുമണിക്കും ഒക്കെ ഉണർന്ന് വിശക്കുന്നു എന്തെങ്കിലും കഴിച്ചാലോ എന്നുചോദിക്കും. പണ്ടുമുതലേ ശീലമാണ്. രാത്രി വൈകി ഉറങ്ങും. എഴുതാൻ തോന്നിയാൽ പിന്നെ സമയബോധമൊന്നുമില്ല, ചിലപ്പോൾ അങ്ങനെ വായിച്ചുകൊണ്ടേയിരിക്കും. ഇടയ്‌ക്കിടയ്‌ക്ക് ചായ, എന്തെങ്കിലും കഴിക്കാൻ, അതായിരുന്ന് അന്ന് ശീലം. അതുതന്നെ ഇപ്പോഴും.
ഡോ.ശ്രീശൈലം: എന്റെ വിവാഹത്തിന്റെ സ്വീകരണ പരിപാടിയിൽ സാർ കാലേകൂട്ടി അളകാപുരിയിലെത്തിയത് ഞാനോർമ്മിക്കുന്നു, സാർ ഓർക്കുന്നില്ലേ… (എംജിഎസ് തലയാട്ടി) 1965 ൽ ആയിരുന്നു പ്രേമലതയെ എംജിഎസ് വിവാഹം ചെയ്തത്. 2025 ൽ നമുക്ക് അറുപതാം വാർഷികം ആഘോഷിക്കണം. ഇവർ രണ്ടുപേരും ഗുരുവായൂരപ്പൻ കോളെജിലെ പൂർവ വിദ്യാർത്ഥികളാണ്.
‘ധർമ്മായണ’ത്തിന്റെ അവതാരിക പ്രൊഫ.എം.കെ. സാനുവാണെന്ന് കണ്ട് പ്രേമേച്ചി പറഞ്ഞു: ഇപ്പോഴും സാനുമാഷ് പരിപാടികളിൽ പ്രസംഗിക്കുന്നു, എഴുതുന്നു. 97 വയസ്സായി. അതുകാണുമ്പോൾ ഞാൻ ബേബിയേട്ടനോട് പറയും നോക്കൂ, അവർക്ക് എഴുതാൻ കഴിയുന്നല്ലോ എന്ന്. അപ്പോൾ ചിരിക്കും. എന്നെക്കൊണ്ട് വായിപ്പിച്ച് കേൾക്കും.
ഞങ്ങൾ: ഇന്നുതന്നെ ഞങ്ങൾ വന്നത് രണ്ട് കാരണങ്ങൾകൊണ്ടാണ്. കൊല്ലവർഷം 1199 ൽനിന്ന് 1200 ലേക്ക് കടക്കുകയല്ലേ. പുതിയ വർഷം, ചിങ്ങം ഒന്ന്. ചരിത്രമെഴുത്തിന്റെ തമ്പുരാനെ കണ്ട് വന്ദിക്കുക എന്നലക്ഷ്യമാണ് ഒന്ന്. മറ്റൊന്ന് തപസ്യ കലാ സാഹിത്യവേദിയുടെ അമ്പതാം വാർഷികാഘോഷമാണ് 2025 ഫെബ്രുവരി മുതൽ. അതിന്റെ അറിയിപ്പ് ഇന്ന് ഇവിടെ തുടങ്ങുകയെന്നതും. ‘ആഹാ, നന്നായി, തപസ്യ…’ എന്ന് പറഞ്ഞ് പലതും ഓർമ്മിച്ചെടുക്കുന്നതുപോലെ എംജിഎസ് ഇരുന്നു.
കൊല്ലവർഷ സങ്കൽപ്പത്തെക്കുറിച്ച് ചോദിച്ചു. കൈകൊണ്ട് ആഗ്യം കാണിച്ചു. ആദി ശങ്കരനും കൊല്ലവർഷത്തിന്റെ കലണ്ടർ വർഷമാകുന്ന 825 ഉം തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചപ്പോൾ ‘ഒന്നുമില്ല, ഒരു ബന്ധവുമില്ല,’ എന്ന് പറഞ്ഞു.
അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ച് കാൽതൊട്ടുവന്ദിച്ചു. തപസ്യയുടെ ഉപഹാരവും സമർപ്പിച്ചു. പ്രേമേച്ചി ദിനചര്യകളും രീതികളും വിവരിച്ചു. വീൽചെയറിൽ ഇരിക്കും. വായിച്ചുകേൾക്കും. എല്ലാം നല്ല ഓർമ്മ. എഴുതാനും അധികം സംസാരിക്കാനും വയ്യ. കാൽമുട്ടിലാണ് ആദ്യം പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നെ ഒരേ ഇരിപ്പായി. ആരോഗ്യം ക്ഷയിച്ചു.
മകൻ വിദേശത്താണ്. വിജയ കുമാർ നാരായണൻ. അച്ഛനെ ശുശ്രൂഷിക്കാൻ ജോലി ഉപേക്ഷിച്ച് നാട്ടിൽ നിൽക്കാൻ തയാറായ മകനെ അമ്മ പ്രേമലത നിരുത്സാഹപ്പെടുത്തി. ഞങ്ങളോട് നിനക്കുള്ള സ്‌നേഹം ഞങ്ങൾക്കറിയാത്തതല്ലല്ലോ. ഇപ്പോൾ ഞാനുണ്ട് അച്ഛനെ നോക്കാൻ. നിന്റെ ജീവിതം നീ ജീവിക്കണം. ആവശ്യമെങ്കിൽ അറിയിക്കാം, പിന്നെ അയലത്തുണ്ടല്ലോ മകൾ. ഇക്കാര്യത്തിൽ മനസ്സില്ലാ മനസ്സോടെ വിജയിന് അമ്മയെ അനുസരിക്കേണ്ടിവന്നു. മകൾ വിനയ നാരായണൻ ബെംഗളൂരിലാണ്. ഇടയ്‌ക്കിടെ വരും. മികച്ച നർത്തകികൂടിയാണ് വിനയ. പഠിക്കാനും പഠിപ്പിക്കാനും ഉത്സുക.
എംജിഎസ് വരച്ച ചിത്രങ്ങൾ പെയിന്റിങ്ങുകൾ പ്രേമേച്ചി ഞങ്ങളെ കാണിച്ചുതന്നു. പ്രസിദ്ധ ചിത്രകാരൻ എം.വി. ദേവൻ കോഴിക്കോട്ടുണ്ടായിരുന്ന കാലത്ത് എംജിഎസ്സിലെ വരബോധം വളർന്ന കാര്യങ്ങൾ, പഴയകാല ഫോട്ടോകളുടെ വിശദീകരണങ്ങൾ നൽകി… അങ്ങനെ സമയം ഏറെ നീണ്ടു.
വീണ്ടും ‘തപസ്യ’യിലേക്ക് വന്നു. തപസ്യ ആസ്ഥാനം കേസരി ഭവനിലാണെന്ന് ചോദിച്ചറിഞ്ഞ പ്രേമേച്ചി, ‘കേസരി’യുടെ നവരാത്രി സർഗ്ഗോത്സവത്തെക്കുറിച്ച് സംസാരിച്ചു. അതിൽ മകൾ വിനയയുടെ നൃത്തം അവതരിപ്പിക്കുന്നത് സംസാരിച്ചു. കേസരി ഭവൻ ഇരിക്കുന്ന ചാലപ്പുറം പ്രദേശത്ത് പണ്ട് താമസിച്ചിരുന്ന കാര്യങ്ങൾ പറഞ്ഞു. കോഴിക്കോടിന്റെ ചരിത്രവഴികളിലൂടെ വിവരണങ്ങൾകൊണ്ട് ഞങ്ങളെ നടത്തിച്ചു.
തപസ്യയുടെ സുവർണ്ണ ജൂബിലിക്ക് എംജിഎസ്സിന്റെ സന്ദേശം ഞങ്ങൾ ചോദിച്ചു. ”ഇപ്പോൾ ഞാൻ പറഞ്ഞാൽ പോരേ,” എന്നു ചോദിച്ചു. പിന്നെ തുടർന്നു: ”തപസ്യ എന്നു പറഞ്ഞാൽ ആ പേരുതന്നെ തപസ്സ് എന്നാണല്ലോ. തപസ്സ് സീരിയസായി എടുക്കുന്നവർ എന്നുള്ള അർത്ഥത്തിലാണല്ലോ വരുന്നത്. കവിതയും സാഹിത്യവും മാത്രമല്ല അത് ആരാധനയുടെ ഭാഗമാണ്. അതിനുവേണ്ടിയാണ് ആ പേരുതന്നെ ഉപയോഗിച്ചത്. സുവർണ ജൂബിലിക്ക് എല്ലാ ആശംസകളും.”
പിന്നെയും പ്രണമിച്ച് ഞങ്ങളിറങ്ങി. പിന്നാലേ വന്നു പ്രേമേച്ചി എന്ന പ്രേമലത, ‘പ്രേമീ’ എന്ന വിളി കേൾക്കുന്നുണ്ടോ എന്ന് അകത്തേക്ക് കാതോർത്ത്…
ഡോ.എം.ജി.എസ്. നാരായണൻ
1932 ൽ പൊന്നാനിയിൽ ജനിച്ചു, ആഗസ്ത് 20-ന്. മുറ്റയിൽ ഗോവിന്ദമേനോന്റെ മകൻ. പരപ്പനങ്ങാടി, പൊന്നാനി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബിരുദതലം വരെയുള്ള പഠിപ്പും പൂർത്തിയാക്കി.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. തുടർന്ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി. 1973-ൽ കേരള സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. 1970 മുതൽ 1992-ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.
കേരളത്തിലെ ചേരമാൻ പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങൾ അദ്ദേഹം കണ്ടെത്തി.
‘പെരുമാൾസ് ഓഫ് കേരള’ (1972) എന്ന ഗവേഷണ ഗ്രന്ഥമാണ് ഏറ്റവും പ്രധാന സംഭാവന. ഇത് കേരളത്തിന്റെ ചരിത്രപഠനത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. എംജിഎസിന്റെ ആത്മകഥ 2018ൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ചരിത്രകാരനും ചരിത്രാന്വേഷണത്തിനും പുതിയ നിർവചനം നൽകി എംജിഎസ്. അതിസാധാരണക്കാരനായ പണ്ഡിതനായിരുന്നു.
ഗവേഷണത്തിലെ നിലവാരവും ഗുണവും മുൻനിർത്തി, ലണ്ടൻ സർവകലാശാലയുടെ ‘കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ’, സ്‌കൂൾ ഓഫ് ഓറിയന്റൽ – ആഫ്രിക്കൻ സ്റ്റഡീസ് അറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ (1974 75); മോസ്‌കോ, ലെനിൻഗ്രാഡ് സർവകലാശാലകളിൽ ‘വിസിറ്റിങ് ഫെലോ’, ടോക്യോവിൽ ‘വിസിറ്റിങ് പ്രൊഫസർ’ (199495). എന്നീ തസ്തികകളിൽ അദ്ദേഹം നിയമിക്കപ്പെട്ടു.
ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി (19901992) ചെയർമാൻ (2001 മുതൽ 03 വരെ) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറയിലെ കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ‘സെന്റർ ഫോർ ഹൈറിറ്റേജ് സ്റ്റഡീസ്’ ഡയറക്ടർ ജനറൽ ആയിരുന്നു 2011 മുതൽ 14 വരെ.
2018 ഏപ്രിലിൽ എംജിഎസ് തന്റെ സ്വകാര്യ ലൈബ്രറി ‘കാലിക്കറ്റ് യൂണിവേഴ്‌സിറ്റി’ ചരിത്ര വിഭാഗത്തിന് കൈമാറി.
ഭാര്യ: പ്രേമലത; മക്കൾ: വിജയ് കുമാർ നാരായണൻ; വിനയ നാരായണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: