ഡേവിഡ് കറി, ഷെയ്ഖ് ഉബൈദ്
അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം’ (യുഎസ് സിഐആര്‍എഫ്) മതസ്വാതന്ത്ര്യമില്ലാത്ത ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യ’ (സിപിസി)ങ്ങളുടെ പട്ടികയില്‍ 2020 ന് ശേഷം തുടര്‍ച്ചയായി ഭാരതത്തെ ഉള്‍പ്പെടുത്തുന്നുണ്ട്. 2019 വരെ ടയര്‍ 2 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പരിശോധിച്ചാല്‍ ജമാ അത്ത് ഇസ്ലാമിയുള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളും ഭാരത വിരുദ്ധരായ മതംമാറ്റ സുവിശേഷക സംഘടനകളും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ നടത്തിയ യോജിച്ച നീക്കത്തിന്റെ ഫലമായിരുന്നു ഇതെന്ന് മനസിലാക്കാം. ഇരുകൂട്ടരും ചേര്‍ന്നുള്ള സമാനമായ ശ്രമമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡന വാര്‍ത്തകളുടെ കുത്തൊഴുക്കിന് പിന്നിലും. ഇത്തരം പീഡന-അതിക്രമ വാര്‍ത്തകളെല്ലാം തന്നെ കെട്ടിച്ചമച്ചതോ സ്ഥിരീകരിക്കാത്തതോ അഭ്യൂഹങ്ങളോ കഥകളോ ആയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം സംഘടനകളുടെ ലക്ഷ്യം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്‌ട്രമായി ഭാരതത്തെ ചിത്രീകരിച്ച് ആഗോള തലത്തില്‍ രാജ്യത്തിന് അവമതിപ്പുണ്ടാക്കുകയും പൗരന്മാര്‍ക്കിടയില്‍ മതഭിന്നിപ്പും അസ്ഥിരതയും സൃഷ്ടിക്കുകയെന്നതാണ്. വിവിധ ക്രൈസ്തവ സഭകളും വിശ്വാസികളും മറ്റുള്ളവരും ഇത്തരം ശക്തികളുടെ ആഖ്യാന വലയില്‍ വീഴുന്നു എന്നതാണ് മറ്റൊരു വശം. ഇത്തരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖന പരമ്പര…
ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍
അമേരിക്കന്‍ സര്‍ക്കാര്‍ 2023 മെയ് 15-ന് പ്രസിദ്ധീകരിച്ച ‘ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ‘ (ഐആര്‍എഫ്) റിപ്പോര്‍ട്ടില്‍ തന്നെ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തുന്നതിന് അവരെ സഹായിച്ച സംഘടനകളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി) ഓപ്പണ്‍ ഡോര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (എഫ്ഐഎസിഒഎന്‍എ) അഥവാ ഫിയക്കോണ എന്നീ സംഘടനകളാണവ. പാക് ജമാ അത്ത് ഇസ്ലാമി അമേരിക്കയിലെ ഭാരത മുസ്ലിം പ്രവാസികള്‍ക്കായി രൂപം നല്‍കിയ സംഘടനയാണ് ഐഎഎംസി. മനുഷ്യാവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഭാരതത്തില്‍ വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ വ്യാജവാര്‍ത്തകള്‍ നല്‍കന്നതിലൂടെ ഭാരതത്തെ ‘ഐഎഎംസി’ മുന്‍പ് നിരന്തരം ലക്ഷ്യമിടുകയും ഇതിന്റെ ഭാഗമായി ത്രിപുരയില്‍ നിരവധി കേസുകളും സംഘടനയുടെ പേരിലുണ്ട്. ഐ.എ.എം.സി യുടെ സ്ഥാപകന്‍ ഷെയ്ഖ് ഉബൈദാണ്. 1962 ല്‍ ജനിച്ച, ഹൈദരാബാദില്‍ വേരുകളുള്ള ഇയാള്‍ പാക് ജമാ അത്ത് അമേരിക്കയില്‍ രൂപം നല്‍കിയ ‘ഇസ്ലാമിക് കമ്മ്യൂണിറ്റി ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ മുഖപത്രമായ ‘ദി മെസേജ് ഇന്റര്‍നാഷണലി’ന്റെ എഡിറ്ററായിരുന്നു. അതില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഭാരത മുസ്ലിം പ്രവാസികള്‍ക്കായി ഐഎഎംസി സ്ഥാപിക്കുന്നത്. ഭാരത മുസ്ലിങ്ങളുടെ പേരിലെങ്കിലും പാക് ജമാ അത്ത് ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് സംഘടന. മറ്റ് രണ്ട് സംഘടനകളായ ‘ഓപ്പണ്‍ ഡോറും’, ‘എഫ്ഐഎസിഒഎന്‍എ’യും ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് അഥവാ സുവിശേഷ ശക്തികളുടെ നിയന്ത്രണത്തിലാണ്.
ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍
ഡേവിഡ് കറിയുടെ നേതൃത്വത്തില്‍ എഴുപതിലധികം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ‘ഓപ്പണ്‍ ഡോര്‍’സ് ‘യുഎസ്എഐആര്‍എഫു’മായും മറ്റ് സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സിയാറ്റിലിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും വാഷിങ്ടണിലെ ടാക്കോമയിലുള്ള ‘ഫെയ്‌ത്ത് ഇവാഞ്ചലിക്കല്‍ കോളേജി’ല്‍ നിന്നും സെമിനാരിയില്‍ നിന്നും ഓണററി ഡോക്ടറേറ്റും ഡേവിഡ് കറി നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന’ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെ’ യുഎസ് വിഭാഗത്തിന്റെ പ്രസിഡന്റും സിഇഒയുമാണ് ഇദ്ദേഹം. 2022 മെയ് മാസത്തില്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ’ത്തില്‍ (യുഎസ് സിഐആര്‍എഫ്) ഡേവിഡ് കറി നിയമിതനായിരുന്നു. ഭാരതത്തിലെ ക്രിസ്ത്യന്‍ പീഡന വിഷയത്തില്‍ ‘ഐഎഎംസി’യും ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ) ഉം അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം കറി പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ‘ക്രിസ്ത്യാനിറ്റി ടുഡേ’, ‘ദി ക്രിസ്ത്യന്‍ പോസ്റ്റ്’, ‘റിലീജിയന്‍ ന്യൂസ് സര്‍വീസ്’, ‘ഹഫിങ്ടണ്‍ പോസ്റ്റ്’ എന്നീ പത്ര-മാസികകളില്‍ സ്ഥിരമായി ലേഖനങ്ങളും എഴുതുന്നു. എന്നാല്‍ 2023 ജനുവരി 1 മുതല്‍ ‘ഓപ്പണ്‍ ഡോര്‍’സ് യുഎസ്എ ‘ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലു’മായുള്ള ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന ‘ഗ്ലോബല്‍ ക്രിസ്ത്യന്‍ റിലീഫ്’ ആയി അത് മാറി. ഡേവിഡ് കറിയാണ് ഇതിന്റെ സിഇഒ. ഓപ്പണ്‍ ഡോര്‍സ് എല്ലാ വര്‍ഷവും ഒരു ‘വേള്‍ഡ് വാച്ച് ലിസ്റ്റ് ‘ പുറത്തിറക്കും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ പീഡനങ്ങള്‍ നടക്കുന്ന 50 രാജ്യങ്ങളെയാണ് അതില്‍ പട്ടികപ്പെടുത്തുക. ക്രിസ്ത്യാനികള്‍ക്കെതിരെ അതിരൂക്ഷമായ പീഡനങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അവര്‍ ഭാരതത്തെ ഉള്‍പ്പെടുത്തുക മാത്രമല്ല ഈ റിപ്പോര്‍ട്ടില്‍ ലഡാക്കും കശ്മീരുമില്ലാത്ത വികലമായ ഭാരത ഭൂപടമാണ് പ്രസിദ്ധീകരിച്ചതും. ചില അക്രമ കേസുകള്‍ക്ക് തെളിവുകളുടെ പിന്തുണയുണ്ടെങ്കിലും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂരിഭാഗം കേസുകളും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്. ഉദാഹരണത്തിന്, ‘നുണകളെ തുറന്നു കാട്ടുക’ യെന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ഭാഗത്ത് എട്ട് കേസ് പഠനങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും തെളിവുകളോ സ്രോതസ്സോ നല്‍കിയിട്ടില്ല. മാത്രമല്ല 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ‘ഓപ്പണ്‍ ഡോര്‍സ്’ അവരുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പത്താം സ്ഥാനമാണ് ഭാരതത്തിന് നല്‍കിയത്. എന്നാല്‍ 2023 ല്‍ ഭാരതം പതിനൊന്നാം സ്ഥാനത്തായി.
സംയുക്ത ഭാരത വിരുദ്ധ നീക്കങ്ങള്‍
യുഎസ് ആസ്ഥാനമായുള്ള ഇസ്ലാമിക ശക്തികളെയും സുവിശേഷ സംഘങ്ങളെയുമാണ് ഓപ്പണ്‍ ഡോര്‍സ് ഇത്തരം റിപ്പോര്‍ട്ട് നിര്‍മാണങ്ങള്‍ക്കായി കൂട്ടുപിടിക്കുന്നത്. അമേരിക്കയിലെ പാക് ജമാ അത്ത് നേതൃത്വം നല്‍കുന്ന ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ ‘ജസ്റ്റിസ് ഫോര്‍ ഓള്‍’, ‘ഐഎഎംസി’ തുടങ്ങിയവയാണ് അതില്‍ പ്രധാനം. 2022 ഒക്ടോബര്‍ മൂന്നിന് ‘ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍’ ‘റിവേഴ്‌സിങ് ദി ട്രെന്‍ഡ്: മൈനോറിറ്റി റൈറ്റ്സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറിന്റെ സഹ-സംഘാടകര്‍ ജോര്‍ജ് സോറോസിന്റെ ‘ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’, ജമാ അത്ത് ഇസ്ലാമിയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള്‍’, സുവിശേഷ സംഘമായ ‘ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ്’, ‘ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദലിത് റൈറ്റ്സ്’ എന്നീ സംഘടനകളായിരുന്നു. കൂടാതെ, ഓപ്പണ്‍ ഡോര്‍ യുഎസ്എയുടെ അഡ്വക്കസി ഡയറക്ടറായ ഐസക് സിക്സിനെ മുഖ്യ പ്രഭാഷകനാക്കി അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂലൈ 28 ന് ജമാ അത്ത് -ഐഎഎംസി സംഘടിപ്പിച്ച പരിപാടിയുടെ വിഷയം ‘ ക്രിസ്ത്യന്‍് പെര്‍സിക്യൂഷന്‍ ഇന്‍ ഇന്ത്യ’ അഥവാ ‘ഭാരതത്തിലെ ക്രൈസ്തവ പീഡന’ മെന്നതായിരുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പീഡനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ‘യുഎസ് സിഐആര്‍എഫും’ ഐസക് സിക്സിനെ ക്ഷണിച്ചിട്ടുള്ളതായി കാണാം. രാജ്യങ്ങളെ റാങ്ക് ചെയ്യുന്നതിന് ഓപ്പണ്‍ ഡോറിനെ പോലെയുള്ള സംഘടനകള്‍ ശേഖരിച്ച വിവരങ്ങള്‍ യുഎസ് സിഐആര്‍എഫ് ആശ്രയിക്കുന്നതുകൊണ്ടുതന്നെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ റിപ്പോര്‍ട്ടുകളില്‍ വ്യാജ വാര്‍ത്തകള്‍ ഇടംപിടിക്കുന്നു. അതായത് യുഎസ് സിഐആര്‍എഫിന്റെ കമ്മീഷണര്‍ അദ്ദേഹത്തിന് ലഭ്യമായ ഡാറ്റയില്‍ തീരുമാനമെടുക്കുമ്പോള്‍ ഓപ്പണ്‍ ഡോറിന്റെ സിഇഒ ആയി മാറുന്നുവെന്ന് ചുരുക്കം. ഇതിലൂടെ ഭാരതത്തെ പ്രതിരോധത്തിലാക്കി നിയന്ത്രിക്കാമെന്ന തന്ത്രവും അമേരിക്കന്‍ സര്‍ക്കാര്‍ പയറ്റുന്നു.
നാളെ: റിപ്പോര്‍ട്ടുകളിലെ രീതിശാസ്ത്രപരമായ പൊരുത്തക്കേടുകള്‍
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക