എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് അക്കാദമിക് യോഗ്യതകൊണ്ടും അനുഭവസമ്പത്തുകൊണ്ടും ഈ പദവി വഹിക്കാന്‍ തികച്ചും അര്‍ഹനാണ്. ഈ സര്‍വകലാശാലയുടെയും ഇതില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള കോളജുകളുടെയും സുഗമമായ പ്രവര്‍ത്തനത്തെക്കുറിച്ചും അതിനുവേണ്ട പശ്ചാത്തല വികസനത്തെക്കുറിച്ചും, കോഴ്സുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു അക്കാദമിക് വിദഗ്ധനാണ് ഡോ. ശിവപ്രസാദ്. ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പദ്ധതികളും ഈ അക്കാദമീഷ്യന്‍ മുന്നോട്ടുവയ്‌ക്കുന്നു. ഒപ്പം സാംസ്‌കാരികമായി സമ്പന്നമായ തന്റെ കുടുംബ പശ്ചാത്തലവും, കുട്ടിക്കാലത്തും വിദ്യാഭ്യാസകാലത്തും അനുഭവിച്ച കഷ്ടപ്പാടുകളും പങ്കുവയ്‌ക്കുന്നു. അച്ഛന്‍ പകര്‍ന്നുകൊടുത്ത ജീവിതലാളിത്യം ഇപ്പോഴും പുലര്‍ത്തുന്ന ഈ ഷിപ്പ് ടെക്നോളജി വിദഗ്ധന്‍ സഹധര്‍മ്മിണി നല്‍കുന്ന പിന്തുണയെയും വിലമതിക്കുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു പൊതുവെയും, ടെക്നോളജിക്കല്‍ സര്‍വകലാശാലയ്‌ക്ക് പ്രത്യേകിച്ചും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനാവുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഈ അഭിമുഖത്തില്‍ ഡോ. ശിവപ്രസാദ് നല്‍കുന്നത്.
ആദ്യമായി എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദങ്ങള്‍. അങ്ങയുടെ മാതാപിതാക്കള്‍ വളരെ ലളിതമായ ജീവിതത്തില്‍ നിഷ്‌കര്‍ഷയുള്ളവരായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇത് വ്യക്തിത്വവികസനത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
= ശരിയാണ്. ഭക്ഷണം, വസ്ത്രം അങ്ങനെ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കപ്പെട്ടിരുന്നു. ഇന്ന് ഞാനും എന്റെ ഭാര്യയും ആ ലാളിത്യം തുടരുന്നു. ഏത് ജീവിതസാഹചര്യത്തിലും പൊരുത്തപ്പെടാനും, ആര്‍ഭാടങ്ങള്‍ക്ക് പുറകെ പോകാതിരിക്കാനും അത് ഞങ്ങളെ ശീലിപ്പിച്ചു.
കുടുംബത്തിന്റെ ഈ സ്വാധീനം അങ്ങയുടെ വിദ്യാഭ്യാസത്തെയും ഔദ്യോഗികജീവിതത്തെയും എങ്ങനെ സ്വാധീനിച്ചു?
= എന്റെ ജ്യേഷ്ഠനും ഞാനും പഠിത്തത്തില്‍ വളരെ മുന്നിലായിരുന്നു. ജ്യേഷ്ഠന്‍ പ്രത്യേകിച്ചും എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറുമാര്‍ക്ക് വാങ്ങുന്ന ഏറ്റവും മിടുക്കനായിരുന്നു. എന്റെ കുടുംബത്തില്‍ അന്ന് കുട്ടികള്‍ പുറത്തുപോയി കളിക്കുന്ന പതിവില്ല. ബന്ധുജനങ്ങളും അതില്‍ വളരെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. അച്ഛന് പക്ഷേ വളരെ വ്യക്തവും ഭിന്നവുമായ ചിന്താഗതി ഉണ്ടായിരുന്നു. എന്നെയും ജ്യേഷ്ഠനെയും നിര്‍ബന്ധമായും തെരുവില്‍ കുട്ടികളുമായി കളിക്കാന്‍ വിട്ടിരുന്നു. അങ്ങനത്തെ കളികളില്‍ ഞങ്ങള്‍ നിരന്തരം തോല്‍ക്കും. തോല്‍ക്കുമ്പോള്‍ കരയും. അച്ഛന്‍ വീണ്ടും കളിക്കാന്‍ വിടും. ഞങ്ങള്‍ തോല്‍വി അറിഞ്ഞു വളരണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത് വളരെ നല്ല പരിശീലനമായിരുന്നു. ചെറുപ്പത്തില്‍ പരാജയം അറിയാത്തവര്‍ക്ക് പിന്നീടുണ്ടാവുന്ന പരാജയങ്ങള്‍ താങ്ങാന്‍ പറ്റാതെ വന്നേക്കാം. എനിക്ക് പിന്നീട് അപ്രതീക്ഷിതമായി പരാജയങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചെറിയ പ്രായത്തില്‍ അറിഞ്ഞ പരാജയങ്ങള്‍ ഓര്‍ക്കും. ഒരര്‍ത്ഥത്തില്‍ എവിടെയെങ്കിലും പരാജയം ഉണ്ടായാല്‍ അതിനെ അന്നത്തെ പരാജയങ്ങളുടെ എക്സ്റ്റന്‍ഷന്‍പോലെ കണക്കാക്കാന്‍ ആ പരിശീലനം ഞങ്ങളെ സഹായിച്ചു. ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ വിജയങ്ങളെയും അതിന്റെ മാധുര്യത്തോടൊപ്പം സമചിത്തതയോടെയും കാണാന്‍ സാധിച്ചു.
മറ്റൊരു കാര്യം എന്റെ ജ്യേഷ്ഠനും ഞാനും, ജ്യേഷ്ഠന് ഒന്‍പതും എനിക്ക് ഏഴും വയസുള്ളപ്പോള്‍ വീട്ടില്‍ ഒരു ലൈബ്രറി ഉണ്ടാക്കി. മുതിര്‍ന്നവരുടെ കയ്യില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങിയാണ് അത് ഉണ്ടാക്കിയത്. വിദേശത്തുള്ള ബന്ധുക്കളുടെ സഹായത്താല്‍ നല്ല മാസികകളൊക്കെ പിന്നീട് കിട്ടാന്‍തുടങ്ങി. ഞങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളുമൊക്കെ ഈ ലൈബ്രറിയുടെ ഗുണഭോക്താക്കള്‍ ആയിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അതൊക്കെ സംഘടനപാടവം, സാമൂഹ്യസേവനം തുടങ്ങിയവയുടെ ആദ്യപാഠങ്ങള്‍ ആയിരുന്നു.
അച്ഛന്‍ ഇടപ്പള്ളി പൂക്കോട്ട് മഠത്തിലെ അംഗമായിരുന്നു. ആദ്യകാലത്ത് ഞങ്ങള്‍ അവിടെത്തന്നെയായിരുന്നു താമസം. അവിടെ അടുത്തടുത്ത് സ്‌കൂളുകള്‍, അമ്പലങ്ങള്‍, ബന്ധുവീടുകള്‍ ഒക്കെയുണ്ടായിരുന്നു. അവിടെ വീടുകള്‍ക്കിടയില്‍ മതിലുകള്‍ ഉണ്ടായിരുന്നില്ല. വിശാലമായ ഒരുലോകത്ത് എപ്പോഴും സ്വതന്ത്രമായി നടന്ന് പല തരത്തിലുള്ളവരുമായി ഇടപഴകാന്‍ സാധിച്ചു. അത് വളരെ നല്ല അനുഭവങ്ങള്‍ തന്നു. പിന്നീട് അച്ഛന്‍ തൃക്കാക്കരയില്‍ വീട് വച്ച് ഞങ്ങള്‍ അങ്ങോട്ടു മാറി. അവിടെ ഒറ്റപ്പെടലുണ്ടായിരുന്നു. അന്ന് തൃക്കാക്കര, ഇടപ്പള്ളിയെ അപേക്ഷിച്ചു വികസനത്തില്‍ വളരെ പുറകിലായിരുന്നു. സ്‌കൂളില്‍ പോകാനായൊക്കെ ധാരാളം യാത്രചെയ്യേണ്ടിവന്നു. ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും അതും പിന്നീട് പ്രയോജനപ്രദമായ ജീവിതപാഠങ്ങള്‍ തന്നു. ഉന്നതവിദ്യാഭ്യാസത്തിനായി അന്നുതന്നെ തൃക്കാക്കരയില്‍ ഭാരതമാതാ കോളേജ് ഉണ്ടായിരുന്നു. പിന്നീട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വന്നു. ഞാനും എന്റെ ജ്യേഷ്ഠനും സഹോദരിയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്.
അങ്ങയുടെ അമ്മ കൊടുങ്ങല്ലൂര്‍കോവിലകത്തെ അംഗമാണല്ലോ. താങ്കള്‍ സാഹിത്യരചന നടത്തുന്ന ആളുമാണ്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാള സാഹിത്യത്തിലെ അദ്വിതീയനാണ്. കൊടുങ്ങല്ലൂര്‍ കോവിലകം കേരളത്തില്‍ സാംസ്‌കാരികമായും സാമൂഹ്യമായും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുമുണ്ടല്ലോ. അങ്ങയുടെ സാഹിത്യസപര്യയില്‍ കോവിലകത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടായിട്ടുണ്ട്?
= കൊടുങ്ങല്ലൂര്‍ കോവിലകത്തെപ്പറ്റി പറയുകയാണെങ്കില്‍ എഡി 1795 മുതല്‍ 1950 വരെയൊക്കെ ഒരു സര്‍വകലാശാലയ്‌ക്ക് തുല്യമായ സൗജന്യ വിദ്യാഭ്യാസകേന്ദ്രം അവിടെ നടത്തിയിരുന്നു, കൊടുങ്ങല്ലൂര്‍ കളരി എന്ന പേരില്‍. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പിന്നീട് നടന്ന രാഷ്‌ട്രീയ അധിനിവേശങ്ങള്‍ കാരണം ഒരു അടയാളവും ശേഷിക്കാതെ ആ കളരി നശിച്ചു. എങ്കിലും ഞങ്ങളുടെ മുത്തശ്ശി കുഞ്ഞിക്കുട്ടന്‍ തമ്പുരാനെയൊക്കെ കണ്ടിരുന്നു. അമ്മയുടെ കോവിലകത്ത് അവധിക്ക് പോകുമ്പോള്‍ മുത്തശ്ശി പഴയകഥകള്‍ പറഞ്ഞുതരും. കൊടുങ്ങല്ലൂര്‍ കളരിയില്‍ പരിശീലനം കിട്ടിയ ചില മുതിര്‍ന്ന ബന്ധുജനങ്ങളും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞുതന്ന പഴയ കാര്യങ്ങള്‍ കുറച്ചൊക്കെ അറിയാം. അവിടെ ഒരു പൊളിത്തിണ്ണ ഉണ്ടായിരുന്നു. അവിടെ ചെറിയ വിദ്വത്സമ്മേളനങ്ങള്‍ നടന്നിരുന്നു. ദൂരയാത്ര പോയി വന്നവര്‍ അവിടെ യാത്രാവിവരണം നടത്തിയിരുന്നു. മറ്റു ചരിത്രരേഖകള്‍ കുറവാണ്. ഇപ്പോള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഞങ്ങളുടെ കോവിലകത്തിന്റെ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവയൊക്കെ എന്റെ സാഹിത്യവാസനയെ വളരെ സഹായിച്ചിട്ടുണ്ട്.
‘ഓര്‍മ്മചെപ്പിലെ ചെറുപ്പം’ എന്ന എന്റെ പുസ്തകത്തില്‍ ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കൊട്ടിഞ്ചിരി എന്ന ഭഗവതിയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. കുട്ടികളാണ് അവിടെ പൂജ നടത്തുന്നത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സഹോദരന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ മികച്ച കഥകളിനടന്‍ ആയിരുന്നു. പട്ടിക്കാംതൊടി രാവുണ്ണിമേനോനൊക്കെ ശിഷ്യര്‍ ആയിരുന്നു. കുഞ്ഞുണ്ണിത്തമ്പുരാനാണ് കൊട്ടിഞ്ചിരി ഭഗവതിയുടെ പ്രതിഷ്ഠ നടത്തിയത്. കളഞ്ഞുപോയ സാധനങ്ങള്‍ കണ്ടുകിട്ടാനായി ഈ ഭഗവതിക്ക് നാണയം ഉഴിഞ്ഞുവച്ചാല്‍ കണ്ടുകിട്ടും എന്നാണ് വിശ്വാസം. ഇതിനു പല അനുഭവങ്ങളും സാക്ഷ്യമാണ്. എന്റെ അമ്മാവന്മാര്‍ മലയാള സാഹിത്യത്തില്‍ തല്‍പ്പരരായിരുന്നു. അവര്‍ സാഹിത്യരചന നടത്തിയിരുന്നു. പക്ഷേ സാമ്പത്തികമായി വളരെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഒരു കോവിലകമായിരുന്നു ഞങ്ങളുടേത്. പല കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി പണം ആവശ്യമായി വന്നതിനാല്‍ കോവിലകം വില്‍ക്കേണ്ടിവന്നു. അത് വാങ്ങിയവര്‍ ബാര്‍ ഹോട്ടലായി മാറ്റി. അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ വളരെ അനുഭവിച്ചു. കോവിലകത്തെ അംഗങ്ങള്‍ക്കൊക്കെ ജോലിക്ക് പോകേണ്ടിവന്നു. എന്നാലും സാഹിത്യാഭിരുചി അമ്മാവന്മാര്‍ നിലനിര്‍ത്തുകയും സാഹിത്യരചന നടത്തുകയും ചെയ്തിരുന്നു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സ് ആണല്ലോ സാര്‍ ചെയ്തത്? ഡിഗ്രി കഴിഞ്ഞതിനുശേഷമാണിത്? ആ സമയത്ത് ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പോലുള്ള ബേസിക് ഡിഗ്രി കോഴ്‌സുകള്‍ ഉണ്ടായിരുന്നു. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ പോലെയുള്ള മറ്റ് എഞ്ചിനീയറിങ് ശാഖകളും ഉണ്ടായിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
= അച്ഛന് ആര്‍എംഎസില്‍ ചെറിയ ശമ്പളമുള്ള ജോലിയായിരുന്നു. അമ്മയ്‌ക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തൃശൂരും തിരുവനന്തപുരത്തുമൊക്കെ എന്‍ജിനീയറിങ്ങിന് കിട്ടുമായിരുന്നു. മറ്റു കോഴ്‌സുകള്‍ക്കും വേണമെങ്കില്‍ ചേരാമായിരുന്നു. പക്ഷേ ദൂരെ പോയി പഠിക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ല. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ആകുമ്പോള്‍ ഞങ്ങള്‍ തൃക്കാക്കര താമസിക്കുന്നതുകൊണ്ട് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. ചെലവ് വളരെ കുറവായിരിക്കും. ആ ഒരു കാരണംകൊണ്ടാണ് അന്ന് ആ കോഴ്‌സ് തെരഞ്ഞെടുത്തത്. പിന്നീട് അത് വളരെ നന്നായെന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. ഒരുപാട് നല്ല കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും ഈ കോഴ്‌സുകൊണ്ട് സാധിച്ചിട്ടുണ്ട്.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലെ പഠനം എങ്ങനെ കൂടുതലായി പ്രയോജനപ്പെട്ടുവെന്ന് വിശദീകരിക്കാമോ?
= 1975 കാലഘട്ടത്തിലാണ് ഞാന്‍ അവിടെ പഠിക്കുന്നത്. ഇന്ന് ഈ കോഴ്‌സിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അത് കാലത്തിനു മുന്‍പേയുള്ള ഒരു കോഴ്‌സായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നു. ഇപ്പോള്‍ നമ്മുടെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയൊക്കെ അവസാനത്തെ സെമസ്റ്ററിലാണ് ഇന്റേണ്‍ഷിപ്പിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. പക്ഷേ ആ കാലഘട്ടത്തില്‍പോലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായിരുന്നു. ഫസ്റ്റ് ഇയര്‍ മുതല്‍ രണ്ടുമാസം വെക്കേഷന് ഞങ്ങള്‍ ഇന്റേണ്‍ഷിപ്പിനു പോകണം. ആദ്യത്തെ ഇന്റേണ്‍ഷിപ്പ് എല്ലാവര്‍ക്കും കൊച്ചിന്‍ ഷിപ്‌യാര്‍ഡിലായിരുന്നു. രണ്ടാമത്തെ വര്‍ഷം മുതല്‍ പുറത്തുപോകണം. സാമ്പത്തിക ബുദ്ധിമുട്ട് കണ്ടിട്ട് എന്റെ ഒരു അധ്യാപകന്‍ രണ്ടാമത്തെ വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുംകൂടി കൊച്ചിയില്‍തന്നു. പക്ഷേ മൂന്നാമത്തെ വര്‍ഷം മുതല്‍ സംസ്ഥാനത്തിനു പുറത്ത് പോകേണ്ടിവന്നു. ബോംബെയിലും കല്‍ക്കട്ടയിലും ഗോവയിലുമൊക്കെ പോയി ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്. അക്കാലത്ത് ഞങ്ങളൊക്കെ വളരെ ബുദ്ധിമുട്ട് തരണം ചെയ്താണ് ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്. തനിയെ യാത്ര ചെയ്യണം. അവിടെ ചെന്നിട്ട് താമസം, ഭക്ഷണം മുതലായ കാര്യങ്ങളൊക്കെ തനിയെ കണ്ടുപിടിക്കണം. ആ ചെറിയ പ്രായത്തില്‍തന്നെ അങ്ങനത്തെ അനുഭവം കിട്ടിയതുകൊണ്ട് ഭാവിയില്‍ വളരെ പ്രയോജനങ്ങളുണ്ടായി.
അന്ന് സ്റ്റാര്‍ട്ടപ്പ് എന്ന പേരിലല്ലാതെതന്നെ സ്റ്റുഡന്‍സ് പ്രോജക്ട് ചെയ്തിട്ട് ഇന്‍ഡസ്ട്രീസിന് പ്രോജക്ട് ചെയ്തുകൊടുക്കുന്ന രീതിയില്‍ ധാരാളം പ്രോജക്ട്‌സ് ചെയ്തിരുന്നു. പിന്നീട് ഞാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വകുപ്പ് മേധാവി ആയിരുന്നപ്പോള്‍ ഏകദേശം ഒരു കോടി രൂപയുടെ പ്രോജക്ട് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വേറൊരുകാര്യം, ഒരു പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ബോഡി അവിടെ രൂപീകരിച്ചു. എന്നിട്ട് ഒരു ജേര്‍ണല്‍ അന്നത്തെ കാലത്ത് കുട്ടികള്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിലേക്ക് ഫൈനലിയറും പ്രീഫൈനലിയറുമായ കുട്ടികള്‍തന്നെ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. അതുകൂടാതെ നേരത്തെ ഇന്റേണ്‍ഷിപ്പിന് പോകുന്ന കാര്യം ഞാന്‍ പറഞ്ഞുവല്ലോ. ഗോവ, ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പിന് പോകുമ്പോള്‍ കുട്ടികള്‍ ടെക്‌നിക്കല്‍ ജേര്‍ണലിന്റെ കോപ്പികള്‍ കൊണ്ടുപോകും. അടുത്ത ലക്കത്തിനു വേണ്ടിയുള്ള സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യം എന്നിവയൊക്കെ കമ്പനികളില്‍ പോയി വാങ്ങിക്കുകയും, അവിടുത്തെ ആളുകളില്‍നിന്ന് ചെറിയ ടെക്‌നിക്കല്‍ ലേഖനങ്ങള്‍ എഴുതിവാങ്ങിക്കുകയും, ഈ കോഴ്‌സിനെപ്പറ്റി സംസാരിക്കുകയും പ്ലേസ്‌മെന്റിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസകാലത്തും പിന്നീട് അവിടെ അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോഴും ഇങ്ങനെയുള്ള ധാരാളം നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
താങ്കള്‍ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നിയമിതനായിരിക്കുകയാണല്ലോ. ഈ പുതിയ ചുമതലയില്‍ കാണുന്ന അവസരങ്ങളും വെല്ലുവിളികളും എന്തൊക്കെയാണ്?
= അവസരം എന്നുപറഞ്ഞാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തില്‍ മുഴുവനും വ്യാപിച്ചുകിടക്കുന്ന 143 കോളജുകളുടെ സാരഥി. കോളജുകളുടെ എണ്ണത്തില്‍ ആയാലും കുട്ടികളുടെ എണ്ണത്തില്‍ ആയാലും ഭൂമിശാസ്ത്രപരമായ വ്യാപ്തിയിലായാലും ബൃഹത്തായ ഒരു യൂണിവേഴ്‌സിറ്റിയുടെ അമരക്കാരനാകാന്‍ കഴിഞ്ഞു എന്നുള്ളത് വലിയ അവസരമായിട്ടാണ് ഞാന്‍ കാണുന്നത്. കേരളത്തിന്റെ വികസന കാര്യം മാത്രമല്ല, ഭാരതത്തിന്റെ വികസനത്തിനും ലോകത്തിന്റെ മുഴുവന്‍ വികസനത്തിനും അടിത്തറ പാകുന്നത് സാങ്കേതിക വിദ്യാഭ്യാസമാണല്ലോ. അതിലേക്ക് കാര്യമായി സംഭാവനം ചെയ്യാന്‍ പറ്റുന്ന ഒരു മേഖലയാണ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വിദ്യാഭ്യാസം. സാങ്കേതിക വിദ്യാഭ്യാസരംഗത്തും, ഐഎസ്ആര്‍ഒ പോലെ പൊതുമേഖലയിലുള്ള മറ്റ് പ്രധാനപ്പെട്ട ഡിഫന്‍സ് റിസര്‍ച്ച് അല്ലെങ്കില്‍ അറ്റോമിക് റിസര്‍ച്ച് മേഖലകളിലും കേരളത്തില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദധാരികള്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ധാരാളംപേരെ സാങ്കേതിക മേഖലകളില്‍ കേരളത്തില്‍നിന്ന് നമുക്ക് സംഭാവനചെയ്യാന്‍ പറ്റിയിട്ടുണ്ട്. ആ ഒരു പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഇത്രയധികം കോളേജുകളും ഇത്രയധികം വിദ്യാര്‍ത്ഥികളുമുള്ള വലിയൊരു ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് സാധിക്കും. അതുതന്നെയാണ് ഏറ്റവും വലിയ പൊട്ടന്‍ഷ്യലായി ഞാന്‍ കാണുന്നത്.
വെല്ലുവിളികളെപ്പറ്റി പറയുകയാണെങ്കില്‍ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായിട്ട് ഇപ്പോള്‍ 10 വര്‍ഷത്തിലേറെയായി. 2015 ലാണ് സ്ഥാപിതമാകുന്നത്. പക്ഷേ ഇപ്പോഴും ഏതെങ്കിലും രീതിയിലുള്ള റാങ്കിങ്ങുകള്‍, അംഗീകാരങ്ങള്‍ എന്നിവയൊന്നും ലഭിക്കാത്ത ഒരു യൂണിവേഴ്‌സിറ്റിയാണ് കെടിയു. സര്‍വകലാശാലയുടെ കീഴിലുള്ള പല കോളജുകള്‍ക്കും ഉയര്‍ന്ന റാങ്കിങ്, അക്രെഡിറ്റേഷന്‍ എന്നിവയൊക്കെ ഉണ്ടായിരിക്കും. പക്ഷേ യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായിട്ട് ഇക്കാര്യങ്ങള്‍ ഒന്നും ഇതുവരെ ആയിട്ടില്ല. ഒരു അന്ത്യശാസനം എന്നതുപോലെ 2030 നമ്മുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. രണ്ടായിരത്തി മുപ്പതിന് ശേഷം ഇങ്ങനെയൊക്കെയുള്ള അംഗീകാരങ്ങള്‍ ഒന്നുമില്ലാതെ ഒരു യൂണിവേഴ്‌സിറ്റിക്ക് നിലനില്‍ക്കാന്‍ പറ്റുമോയെന്ന ചോദ്യം ഒരു ഭീഷണിയായി മുന്നിലുണ്ട്. ഒരു ക്യാമ്പസ് ഉണ്ടാവണം, ക്യാമ്പസില്‍ കോഴ്‌സുകള്‍ തുടങ്ങണം, ആ ക്യാമ്പസിന്റേതായ വിദ്യാര്‍ത്ഥികള്‍ ഉണ്ടാവണം, ക്യാമ്പസിന്റേതായിട്ടുള്ള ഗവേഷണം വേണം, ക്യാമ്പസിന്റെ സ്വന്തമായ അധ്യാപകര്‍ വേണം. അങ്ങനെ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ഗവേഷകരായ അധ്യാപകരുമൊക്കെ ചേര്‍ന്നുള്ള ഒരു ഇക്കോസിസ്റ്റം ഉണ്ടാവണം. ഒരു സര്‍വ്വകലാശാലയുടെതായ ആ എക്കോസിസ്റ്റത്തിലേക്ക് പത്ത് വര്‍ഷം കഴിഞ്ഞിട്ടും നാം എത്തിയിട്ടില്ല. പത്തു കൊല്ലമായിട്ടും ഈ യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായ ഒരു വ്യക്തിത്വം, അസ്തിത്വം, സ്വന്തം കെട്ടിടങ്ങള്‍, അതിന്റേതായ ക്യാമ്പസുകള്‍ ഇതൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്.
അഫിലിയേറ്റഡ് കോളജുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും റിസര്‍ച്ച് കോണ്‍ട്രിബ്യൂഷന്‍സ് നിലനിര്‍ത്തിക്കൊണ്ടുതന്നെ യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായിട്ട് ഇങ്ങനെ ഒരു ആരോഗ്യകരമായ ഇക്കോസിസ്റ്റംകൂടി ഉണ്ടാവുകയാണെങ്കില്‍ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ മുന്നില്‍ അനന്തമായ സാധ്യതകളാണ് ഞാന്‍ കാണുന്നത്.
ഇപ്പോഴത്തെ പുതിയ ബജറ്റില്‍ 7.2 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ അര്‍ഹമായ പങ്ക് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിക്കുവേണ്ടി, അതിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാന്‍ പറ്റുമെന്നാണ് വിഭാവനം ചെയ്യുന്നത്?
= ഈ ഫണ്ടൊക്കെ ഉപയോഗപ്പെടുത്തണമെങ്കില്‍ നമ്മള്‍ പറഞ്ഞതുപോലെ സ്വന്തമായിട്ട് ഒരു ക്യാമ്പസും സ്വന്തമായിട്ട് കോഴ്‌സുകളും ഗവേഷണവുമൊക്കെ ഉണ്ടായിരിക്കണം. ഇപ്പോള്‍ നമ്മുടെ യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും, റാങ്കിങ്ങും മറ്റും ഇല്ലാത്തതുകൊണ്ടും അത് പ്രയോജനപ്പെടുത്തുന്നത്തിനു പരിമിതികളുണ്ട്. പക്ഷേ വളരെ നല്ല റാങ്കിങ്ങും സൗകര്യങ്ങളും എല്ലാമുള്ള ധാരാളം അഫിലിയേറ്റഡ് കോളജുകളുണ്ട്. അവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ള തുക ഉപയോഗപ്പെടുത്താവുന്നതാണ്. പ്രോജക്ടുകള്‍ക്കായിട്ടും ലാബുകള്‍ സെറ്റ്‌ചെയ്യാനുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ എല്ലാ വിധത്തിലുമുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ഞാന്‍ പറഞ്ഞതുപോലെ അതിനു സ്വന്തമായ കെട്ടിടങ്ങളും ക്യാമ്പസും വിദ്യാര്‍ത്ഥികളും ഗവേഷണവും നിര്‍ബന്ധമാണ്.
കേരളത്തില്‍ സമീപകാലത്ത് പ്രകൃതിദുരന്തങ്ങളും കോവിഡുമൊക്കെ നമ്മള്‍ കണ്ടു. ഇതിനെയൊക്കെ പ്രതിരോധിക്കാനായി യുവതലമുറയെ പരിശീലിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് എന്തൊക്കെ കാര്യങ്ങള്‍ സാധിക്കും?
= കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ രണ്ട് പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ഒന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു പ്രോജക്ടാണ്. കോവിഡ് സമയത്ത് കേരളം എല്ലാ വീടുകളിലെയും രോഗികളുടെയും ഡേറ്റ സമാഹരിക്കുന്നതിനായി ഒരു ആപ്പ് നിര്‍മ്മിച്ചിരുന്നു. നമുക്ക് ലോകം മുഴുവന്‍ പ്രശംസ നേടിത്തന്ന ഒരു കണ്ടുപിടിത്തമായിരുന്നു അത്. അതിനു സമാനമായി നാഷണല്‍ സര്‍വീസ് സ്‌കീമില്‍ അംഗമായിട്ടുള്ള വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുകൊണ്ട് പാലിയേറ്റീവ് കെയര്‍ ആപ്പ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു പ്രോജക്ട് വന്നിരിക്കുന്നത്. ഏതൊക്കെ വീടുകളിലാണ് കെയര്‍ ആവശ്യമുള്ള രോഗികളുള്ളത്, അവര്‍ക്ക് എത്തരത്തിലുള്ള പരിചരണമാണ് വേണ്ടത് എന്നൊക്കെയുള്ള എല്ലാ ഡാറ്റയും സമാഹരിക്കലാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ഈ പ്രൊജക്ട് ചെയ്യാന്‍ വേണ്ടിയുള്ള ഡാറ്റാ കളക്ഷനുവേണ്ടി കുട്ടികള്‍ കേരളത്തില്‍ ഉടനീളം സഞ്ചരിക്കേണ്ടിവരും. ഇങ്ങനെയുള്ള ഓരോ രോഗികളെയും സന്ദര്‍ശിക്കേണ്ടിവരും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കാണാനും അവരോട് നേരിട്ട് ഇടപഴകാനും, അങ്ങനെ അവരുടെ മനസ്സില്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ഒരു ആഗ്രഹം ഉണ്ടാക്കാനുംകൂടി കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍കൂടി ഉപയോഗിച്ച് കോഡിങ് ചെയ്ത് ഈ ആപ്പുകള്‍ ക്രിയേറ്റ് ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത്.
സെറിബ്രല്‍ പാള്‍സി ബാധിതരായവര്‍, ദിവ്യാംഗര്‍ മുതലായവര്‍ക്ക് സഹായത്തിനായിട്ടുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് രണ്ടാമത്തെ പ്രോജക്ട്. ഇപ്പോള്‍ ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടതായ ഉപകരണങ്ങള്‍ വില വളരെ കൂടുതലായിട്ടാണ് വിപണിയില്‍ കിട്ടുന്നത്. ഇങ്ങനെയുള്ള ഉപകരണങ്ങള്‍ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഡെവലപ്പ് ചെയ്യുക എന്നതാണ് രണ്ടാമത്തെ പ്രോജക്ടിന്റെ ഉദ്ദേശം.
അതുപോലെ ആര്‍ഡിനോ എന്ന ഇറ്റാലിയന്‍ കമ്പനി ഒറിജിനല്‍ ആര്‍ഡിനോ ചിപ്പ് നിര്‍മിക്കുന്നതിനായി മൈസൂരില്‍ ഫാക്ടറി സ്ഥാപിക്കുന്നു. അവര്‍ കേരളാ ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പിനു വലിയൊരു അവസരമാണ് ഇത്. ആപ്ലിക്കേഷന്‍ ലെവലില്‍ പ്രോഗ്രാമിങ് ചെയ്യാനും ഇതൊരു നല്ല അവസരം ആയിരിക്കും.
കേരളത്തില്‍ സംരംഭകത്വത്തിന് വളരെയധികം സാധ്യതകളാണുള്ളത്. കേരളത്തിനും കുട്ടികള്‍ക്കും രാജ്യത്തിനു മുഴുവനും ഗുണം കിട്ടുന്ന വലിയ പ്രോജക്ടുകളാണ് കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗവേഷണം, പേറ്റന്റുകള്‍, അതുപോലെ ഉയര്‍ന്ന നിലവാരമുള്ള ജേര്‍ണലുകളില്‍ പേപ്പര്‍ പ്രസന്റ്‌ചെയ്യുക, വിവിധ തരത്തിലുള്ള ഫെലോഷിപ്പുകള്‍ ചെയ്യുക. ഇത്തരം കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള റിസര്‍ച്ച് സെന്ററുകള്‍ക്കും അവിടുത്തെ അധ്യാപകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമൊക്കെ ഏതു തരത്തിലുള്ള സഹായങ്ങളാണ് വിഭാവനം ചെയ്യുന്നത്?
= റിസര്‍ച്ചിന് സീഡ്മണിയായി ധാരാളം പണം കൊടുക്കുന്നുണ്ട്. ഏകദേശം 130 വിവിധ തരത്തിലുള്ള ഫണ്ടുകളാണ് യൂണിവേഴ്‌സിറ്റി റിസര്‍ച്ചിനും സ്റ്റാര്‍ട്ടപ്പിനും പിച്ചിങ്ങിനുമൊക്കെ കൊടുത്തിരിക്കുന്നത്. പക്ഷേ മുന്‍പ് പറഞ്ഞതുപോലെ ഒരു ക്യാമ്പസിന്റെ അഭാവം നമ്മളെ ബാധിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഏകദേശം 1200 ഗവേഷണ വിദ്യാര്‍ത്ഥികളാണ് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗവേഷണത്തിന് പ്രാമുഖ്യം നല്‍കിയില്ലെങ്കില്‍ നമുക്ക് യൂണിവേഴ്‌സിറ്റി എന്നു പറയാന്‍ പറ്റില്ല. അതുപോലെ ധാരാളം റിസര്‍ച്ച് ഗൈഡുകളുമുണ്ട്. അവര്‍ക്കൊക്കെ താഴെ ധാരാളം റിസര്‍ച്ച് സ്റ്റുഡന്റ്‌സും ഉണ്ട്. റിസര്‍ച്ചിന് മുന്‍തൂക്കം നല്‍കിയ ഒരു ക്യാമ്പസ് സ്ഥാപിക്കപ്പെടണം. അങ്ങനെ മുന്നോട്ടു പോയാല്‍ യൂണിവേഴ്‌സിറ്റിക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകും.

ഓരോ തവണയും കരിക്കുലം, സിലബസ്, റെഗുലേഷന്‍സ് ഇവ പുതുക്കുമ്പോള്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തില്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളാണ് ഇന്‍ഡസ്ട്രിക്ക് അനുകൂലമായ സിലബസ് നവീകരണം നടത്തുക, കോര്‍ സബ്‌ജെക്റ്റുകള്‍ നിലനിര്‍ത്തുക എന്നത്. ഇതിനെപ്പറ്റി സാറിന്റെ കാഴ്ചപ്പാട് എന്താണ്?
= അവിടെ വീണ്ടും നമ്മള്‍ ഇന്റേണ്‍ഷിപ്പിന്റെ സാധ്യതകളെപ്പറ്റിതന്നെയാണ് ചിന്തിക്കേണ്ടത്. സിലബസിലെ ഉള്ളടക്കം ഒരു പരിധിയില്‍ കവിഞ്ഞ് കുറക്കാതിരിക്കണം. ഇന്‍ഡസ്ട്രിക്ക് ആവശ്യമായ രീതിയില്‍ സിലബസ് പരിഷ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു കുഴപ്പമുണ്ട്. ചില ടെക്നോളജികള്‍ വളരെ പെട്ടെന്ന് കാലഹരണപ്പെട്ടുപോയേക്കാം. അങ്ങനെയുള്ളവ സിലബസില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ അത് പെട്ടെന്ന് മാറ്റേണ്ടിവരും. ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അഭിമുഖീകരിക്കാതിരിക്കാനായിട്ട് സിലബസ് റീഫോം ചെയ്യുന്നതിനൊപ്പംതന്നെ ഇന്റേണ്‍ഷിപ്പ് കൂട്ടുകയാണ് ചെയ്യേണ്ടത്. കാലക്രമത്തില്‍ വെക്കേഷന്‍ എന്നു പറയുന്ന ഒരു കണ്‍സെപ്റ്റ് ഇല്ലാതാവുകയും, സെമസ്റ്റര്‍ ബ്രേക്കിന് കുട്ടികള്‍ നിര്‍ബന്ധമായിട്ടും ഇന്റേണ്‍ഷിപ്പിന് പോവുകയും ചെയ്യുന്ന ഒരു വ്യവസ്ഥ വരണം. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്‌ട്ര മുതലായ സംസ്ഥാനങ്ങളിലൊക്കെ ധാരാളം ഇന്‍ഡസ്ട്രികള്‍ ഉള്ളതുകൊണ്ട് കോളജുകള്‍ക്ക് അടുത്തുതന്നെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ് കണ്ടുപിടിക്കാന്‍ പറ്റും. പക്ഷേ നമ്മുടെ കുട്ടികള്‍ മടിയില്ലാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വെക്കേഷന്‍ മുഴുവനും പ്രയോജനപ്പെടുത്തി ഇന്റേണ്‍ഷിപ്പിന് പോകണം. അതാണ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരം. അതുപോലെ പ്രൈംമിനിസ്റ്റേഴ്സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഉണ്ട്. അതിന്റെയും ഗുണഭോക്താക്കളാകാന്‍ നമ്മുടെ ടെക്നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറ്റും. പ്രത്യേകിച്ച് പുതിയ ഒരു നയം കൊണ്ടുവന്നിരിക്കുന്നത്, കമ്പനികള്‍ക്ക് അവരുടെ സിഎസ്ആര്‍ ഫണ്ട് ഇന്റേണ്‍ഷിപ്പിനുവേണ്ടി ഉപയോഗിക്കാം എന്നതാണ്. ഇത്രയുംകാലം ഫണ്ടുകള്‍ മറ്റ് കാര്യങ്ങള്‍ക്ക് അതായത് സമൂഹത്തിലെ മറ്റ് ആവശ്യങ്ങള്‍ക്ക്, വൃദ്ധജനങ്ങള്‍ക്കായിട്ടും ദിവ്യാംഗര്‍ക്കും അഗതികള്‍ക്കും വേണ്ടിയായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ഒരു ഭാഗം സ്റ്റുഡന്‍ന്റ് ഇന്റേണ്‍ഷിപ്പിനുവേണ്ടി നീക്കിവയ്‌ക്കാനായിട്ട് ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണമായി ഞാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിട്ടുള്ള ബിപിസിഎല്‍ കമ്പനിയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ 50 ശതമാനം വരെ സിഎസ്ആര്‍ ഫണ്ട് ഇന്റേണ്‍ഷിപ്പിനുവേണ്ടി ഉപയോഗിക്കാം എന്ന തീരുമാനമെടുത്തിട്ടാണ് പിരിഞ്ഞത്. അതുകൊണ്ട് ഇത് വളരെ നല്ലൊരു അവസരമാണ്. പരോക്ഷമായി കമ്പനിക്ക് തന്നെയാണ് അതിന്റെ ഗുണം കിട്ടുന്നത്. ഇതുപോലെ തന്നെ കുട്ടികള്‍ക്കും അതിന്റെ പ്രയോജനം കിട്ടും. ഇന്റേണ്‍ഷിപ്പിന് വരുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കാനും അവരുടെ താമസസൗകര്യത്തിനും ഭക്ഷണത്തിനും ഫണ്ട് ഉപയോഗിക്കാന്‍ പറ്റും. ഇതിനു മുന്‍പ് ഇന്റേണ്‍ഷിപ്പിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യമൊരുക്കാനായിട്ടുള്ള ബജറ്റ് കമ്പനികള്‍ക്ക് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പദ്ധതി നിലവില്‍ വരുമ്പോള്‍ ഇങ്ങനെയുള്ള വലിയൊരു തുക ഇന്റേണ്‍ഷിപ്പിന് നല്‍കാം. അത് വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കഴിയണം. ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങള്‍ എന്തുതന്നെയായാലും അവിടുത്തെ വിടവ് നികത്താനായിട്ട് ഓരോ വര്‍ഷവും പുതിയ പുതിയ കമ്പനികളിലേക്ക്, അതുപോലെ കമ്പനികളുടെ പുതിയ പുതിയ ഡെവലപ്മെന്റ് രീതികളിലേക്കൊക്കെ ഇന്റേണ്‍ഷിപ്പിന് കുട്ടികള്‍ പോകുമ്പോഴേ ഇന്‍ഡസ്ട്രി- സ്റ്റുഡന്റ്- അക്കാഡമിക് ഗ്യാപ്പ് ഇല്ലാതാക്കാന്‍ പറ്റുകയുള്ളൂ. അതിനും വലിയ സാധ്യതകളാണ് കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ മുന്നില്‍ ഉള്ളത്. അത് നമ്മള്‍ ഉപയോഗപ്പെടുത്തണം.
നമ്മള്‍ പൊതുവേ കേള്‍ക്കുന്ന ഒരു കാര്യമാണ് ഭാരതം വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുന്നു എന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഒരു കാഴ്ചപ്പാടില്‍ ഈ വികസനം നമുക്ക് എങ്ങനെയാണു കാണാന്‍ കഴിയുക?
= നമ്മള്‍ ഒന്നാലോചിച്ചുനോക്കിയാല്‍ മതി, കുറേക്കാലം മുന്‍പ് കേരളത്തിലെ ടെക്‌നിക്കല്‍ ബിരുദധാരികള്‍ കേരളത്തിലെ പിഎസ്‌സി പരീക്ഷകള്‍ എഴുതി ജോലി വാങ്ങിക്കാനും, വളരെ ചെറിയൊരു ശതമാനം കേന്ദ്രസര്‍ക്കാരിന്റെ എന്‍ജിനീയറിങ് മേഖലയിലുള്ള കമ്പനികളിലോ അല്ലെങ്കില്‍ അതുപോലെ പൊതുമേഖലയിലോ ജോലികിട്ടാനുമാണ് മത്സരിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള കുട്ടികളുമായി മത്സരിക്കുകയാണ് ചെയ്യുന്നത്. യുഎസില്‍പോകുന്ന കുട്ടികള്‍ അവിടെയുള്ള ലോകത്തിന്റെ എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന മിടുക്കരായ യുവജനങ്ങളുമായി മത്സരിച്ചിട്ടാണ് ജോലിക്ക് കേറുന്നത്. കാനഡ, ബ്രിട്ടന്‍, ആസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എത്രമാത്രം ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യാഭ്യാസം നേടിയ കുട്ടികള്‍ ലോകനിലവാരമുള്ളവരായിത്തീര്‍ന്നു എന്നാണ് ഇതിനര്‍ത്ഥം. ടെക്‌നിക്കല്‍ കോംപീറ്റന്റ് ആയിട്ടുള്ള ഒരു ജനത ലോകത്തിനു മുഴുവന്‍ മാതൃകയായിതീരുന്ന ഒരു കാഴ്ച നമുക്ക് കാണാന്‍ പറ്റുന്നു എന്നതാണ് മറ്റൊരു കാര്യം.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കുമ്പോള്‍ വെറുതെ നാടും കാണാന്‍ പോവുകയല്ല. ഇന്ത്യയില്‍ ഇത്ര ഉല്‍പ്പാദനമുണ്ട്, ഇന്ത്യയില്‍ ഇത്ര മാനവശേഷിയുണ്ട്, ഇതൊക്കെ ലോകത്തിനുവേണ്ടി ഷെയര്‍ ചെയ്യാന്‍ തയ്യാറാണ് എന്നുള്ള ഒരു വിളംബരംകൂടിയാണ് പ്രധാനമന്ത്രി നടത്തുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന ഒരു മുദ്രാവാക്യം മാറിയിട്ട് മെയ്‌ക്ക് ഫോര്‍ ദ വേള്‍ഡ് – ലോകത്തിനു മുഴുവനും വേണ്ട സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമുള്ള ഉല്‍പ്പാദനക്ഷമത ഭാരതം കൈവരിക്കണമെന്ന് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നു. അതുപോലെതന്നെ പുതുതായി വരുന്ന ദേശീയ വിദ്യാഭ്യാന നയമായാലും അത് ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസത്തിനെ ഉയര്‍ത്താന്‍ ഉതകുന്ന സമ്പ്രദായമാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് കേരളത്തില്‍നിന്ന് ധാരാളം യുവതീയുവാക്കള്‍ പുറംരാജ്യങ്ങളിലേക്ക് പോകുന്നു എന്നത് ഒരു പ്രശ്‌നമായി താങ്കള്‍ കാണുന്നുണ്ടോ?
= ധാരാളംപേര്‍ പോകുന്നുണ്ട് എന്നുള്ളത് ശരിയാണ്. അതില്‍ ഒരു അത്ഭുതവുമില്ല. കാരണം പഠിച്ചുവരുന്ന കുട്ടികള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ കുട്ടികള്‍ തീര്‍ച്ചയായും അത് ഉള്ളിടത്തേക്ക് പോകും. അതുപോലെ ജീവിതസൗകര്യങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളിലേക്കും കുടിയേറിപ്പോകും. ഇതൊക്കെ പുരാതനകാലം മുതലേയുള്ള കാര്യം തന്നെയാണ്. നമ്മള്‍ കാണേണ്ടത് രാജ്യം പുരോഗതിയുടെ പാതയിലേക്ക് പോകുമ്പോള്‍ ഈ പോയ ആളുകളെ നമ്മുടെ പുരോഗതിക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ്. ഒരു കോളജിന്റെ കാര്യമായാലും, ഒരു യൂണിവേഴ്‌സിറ്റിയുടെ കാര്യമായാലും ദൂരദേശത്തുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്വന്തമായി കമ്പനിയുള്ളവരോ ഉയര്‍ന്ന ഔദ്യോഗികസ്ഥാനത്തുള്ളവരോ ആയിരിക്കും. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തുന്നുവെന്ന് പറയുന്നതുപോലെ ഒരു ഗ്ലോബല്‍ അലൂമിനി മീറ്റ് നടത്തുക. അതിനുശേഷം അവരുടെ പലതരത്തിലുള്ള സേവനം നമ്മള്‍ ഉപയോഗപ്പെടുത്തുക. അങ്ങനെ ഭാരതത്തില്‍നിന്ന് പുറത്തേക്ക് പോയവരെ കേരളത്തിനും ഭാരതത്തിനും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയും. നമ്മുടെ പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ വ്യാകുലപ്പെട്ട് കണ്ടിട്ടില്ല. അതേസമയം വിദേശങ്ങളില്‍ താമസിക്കുന്ന ഭാരതീയരെ എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്ന ഒരു പ്രധാനമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. അതേമാര്‍ഗംതന്നെ നമ്മള്‍ അവലംബിക്കേണ്ടതാണ്.
കെടിയുവിന്റെ അടുത്ത നാല് വര്‍ഷത്തേക്കുള്ള ഭാവി എങ്ങനെയാണ് അങ്ങ് വിഭാവനം ചെയ്തിരിക്കുന്നത്?
= ഞാന്‍ പറഞ്ഞല്ലോ യൂണിവേഴ്‌സിറ്റി റാങ്കിങ്, യൂണിവേഴ്‌സിറ്റിയുടെ അക്രഡിറ്റേഷന്‍ ഇവ ഉടനെതന്നെ ചെയ്തുതീര്‍ക്കേണ്ട ലക്ഷ്യങ്ങളായിട്ട് മുന്നില്‍നില്‍ക്കുകയാണ്. അതുകൂടാതെ സ്ഥാപിതമായി പത്തുവര്‍ഷം ആയെങ്കിലും സ്വന്തമായിട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനോ കോഴ്‌സുകള്‍ ആരംഭിക്കാനോ സാധിച്ചിട്ടില്ല. അത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഗവേഷണം നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പദ്ധതികളും കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. ഈ രീതിയില്‍ ഒരു പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്. ഇതൊക്കെ നടത്തിയെടുക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ഇത്രയും പറഞ്ഞതില്‍നിന്നും സാറിന്റെ ഇത്രയും വര്‍ഷത്തെ ഔദ്യോഗിക ജീവിതം വളരെ വിജയകരമായിരുന്നുവെന്ന് അറിയാനാവുന്നത്. ഇത്രയും വലിയ ഒരു ദൗത്യത്തിലേക്ക് കടക്കുകയും ചെയ്തു. ഈ വിജയത്തില്‍ കുടുംബത്തിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്?
= അതിനുത്തരം ഏറ്റവും അടുത്ത ഒരു സംഭവം അടിസ്ഥാനമാക്കി ഞാന്‍ പറയാം. കെടിയുവിന്റെ വൈസ്ചാന്‍സലര്‍ പദവി ഏറ്റെടുക്കേണ്ടിവരുമെന്ന് അറിഞ്ഞ സമയത്ത് കുട്ടികള്‍ രണ്ടുപേരും നാട്ടിലില്ല. അവര്‍ പുറത്ത് പഠിക്കുകയാണ്. എന്റെ അച്ഛനമ്മമാരും മരിച്ചുപോയി. ഭാര്യ ശാലിനി ഒറ്റയ്‌ക്കാണ്. ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുന്നതിനു മുന്‍പ് പല ചിന്തകള്‍ വന്നപ്പോള്‍ ഞാനും ഒന്നു മടിച്ചു. അപ്പോള്‍ ശാലിനിയാണ് എന്നെ നിര്‍ബന്ധിച്ചത്. ”ഈ ഒരു അവസരം ഒരു കാരണവശാലും പാഴാക്കിക്കളയരുത്. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഞാന്‍ കൂടെയുണ്ടാവും. എത്ര വെല്ലുവിളികള്‍ ഉണ്ടെങ്കിലും കൂടെയുണ്ടാവും. ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കൊള്ളാം. ഇത് ഏറ്റെടുക്കണം. നമ്മുടെ നാടിനും ഇവിടുത്തെ കുട്ടികള്‍ക്കും നമ്മുടെ രാജ്യത്തിനും നമ്മളാല്‍ കഴിയുന്ന വലിയ സംഭാവന ചെയ്യാന്‍ പറ്റുന്ന ഒരു ഉത്തരവാദിത്വമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്” എന്നു പറഞ്ഞ് എനിക്ക് എല്ലാ ധൈര്യവും തന്നത് ശാലിനിയാണ്. എന്നെക്കാളേറെ എനിക്ക് ഈ ഉത്തരവാദിത്വം കിട്ടിയതില്‍ സന്തോഷിച്ചതും എനിക്ക് താങ്ങായിട്ട് നില്‍ക്കുന്നതും ശാലിനിയാണ്. അങ്ങനെ ഒരു പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇത് ഏറ്റെടുക്കാനും, എന്റെ ചുമതലകള്‍ നന്നായി നിര്‍വഹിക്കാനും സാധിക്കുന്നത്.
ജീവിതരേഖ
1965 ല്‍ കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകത്ത് ജനനം. അമ്മ കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകത്ത് ഭദ്രതമ്പുരാട്ടി. അച്ഛന്‍ ഇടപ്പള്ളി പൂക്കോട്ട് മഠത്തില്‍ രവിവര്‍മ. ഭാര്യ ശാലിനി. കെ, റിട്ടയേര്‍ഡ് സംസ്‌കൃതം അദ്ധ്യാപിക. രണ്ട് ആണ്‍മക്കള്‍. മൂത്തമകന്‍ നാമദേവ് ലണ്ടനില്‍ ഫിലിംമേക്കിങ്ങില്‍ പോ
സ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്നു. ഇളയ മകന്‍ മാനവേദന്‍ കോയമ്പത്തൂരില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബാച്ചിലര്‍ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി. സഹോദരന്‍ ഡോ. അച്യുതാമൃത ചൈതന്യ അമൃത യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പല്‍. സഹോദരി അദ്രിജ ചെന്നൈയില്‍ അമൃത വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപിക.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്‌മെന്റ്ഓഫ് ഷിപ് ടെക്‌നോളജിയില്‍നിന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ്ഷിപ് ബില്‍ഡിങ്ങില്‍ ബിടെക് ബിരുദം, ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ സ്ട്രാത്ക്ലയ്ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഷിപ് പ്രൊഡക്ഷനില്‍ എംഎസ്‌സി കൊച്ചിന്‍യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡെവലപ്‌മെന്റ് ഓഫ്‌ബെസ്റ്റ് പ്രാക്ടീസസ് ഇന്‍ ഷിപ്പ് റീസൈക്ലിങ് പ്രോസെസസ് എന്ന വിഷയത്തില്‍ പിഎച്ച്ഡി എന്നിവ നേടി. പിഎച്ച്ഡി ഷിപ്പ് റീസൈക്ലിങ്ങിലെ ലോകത്തെ പ്രഥമ റിസേര്‍ച്ചിന് തുടക്കമിട്ടു.
മസഗോണ്‍ ഡോക്കില്‍ ജൂനിയര്‍ നേവല്‍ ആര്‍ക്കിടെക്ടായി 1989-1994 വരെ ജോലിനോക്കി. പിന്നീട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്ടെക്‌നോളജിയില്‍ 1994-2006 വരെ ലക്ച്ചറര്‍, 2006-2014 അസോസിയേറ്റ് പ്രൊഫസര്‍, 2014 മുതല്‍ പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചുവരുന്നു.
ബിഎച്ച്ഇഎല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം, ടോക്കിയോയിലെ ജാപ്പനീസ് ഷിപ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റി (ക്ലാസ് എന്‍കെ) ഇന്ത്യന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിലെ അംഗം, ചെന്നൈ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ ബോര്‍ഡിലെ അംഗം, ഡിആര്‍ഡിഒ വിദഗ്‌ദ്ധ സമിതിയിലെ അംഗം, ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയ മോണിറ്ററിങ് കമ്മിറ്റിയിലെ അംഗം, ചെന്നൈയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ മുന്‍ അംഗം, തിരുവനന്തപുരം അബ്ദുള്‍കലാം കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരളാ സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം, ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ പവേര്‍ഡ് ഫെറിയായ ‘ആദിത്യ’യുടെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു. 2024 നവംബര്‍ 27 മുതല്‍ എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലര്‍.
സാഹിത്യകാരന്‍കൂടിയായ ഡോ. കെ. ശിവപ്രസാദ് ആനുകാലികങ്ങളില്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓര്‍മ്മച്ചെപ്പിലെ ചെറുപ്പം, ഒരു കപ്പല്‍ പഠനവകുപ്പിന്റെ പിറവിയും പ്രയാണവും എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്ത ലേഖിക അങ്കമാലി ഫിസാറ്റില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് എഞ്ചിനീയറിങ് പ്രൊഫസറാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: