Kerala

ഉന്നത വിദ്യാഭ്യാസരംഗത്തെ ആശയ രൂപീകരണവുമായി ജന്മഭൂമി

Published by

തിരുവനന്തപുരം: അനന്തപുരിയില്‍ നടക്കുന്ന ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വികസിത ഭാരതത്തിനായി മാനസികോന്നതിയും വിദ്യാഭ്യാസ ശ്രേഷ്ഠതയും എന്ന വിഷയത്തില്‍ ശംഖുംമുഖം ഉദയ് പാലസില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഉരുതിരിഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍.

നാഷണല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(എന്‍എസിസി-നാക്)ചെയര്‍മാന്‍ ഡോ.അനില്‍ സഹസ്രബുദ്ധേയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അധ്യാപകരും, വിദ്യാഭ്യാസ വിദഗ്ധരും,വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും വെല്ലുവിളികളും സെമിനാറില്‍ ചര്‍ച്ചയായി. ഇന്ത്യയെ ശക്തവും പുരോഗമനപരവുമായ ഒരു രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള നൂതനാശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സംഗമമായാണ് ദേശീയ വിദ്യാഭ്യാസ നയത്തെ ഡോ. അനില്‍ സഹസ്രബുദ്ധ വിശേഷിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തു.ഭാരതത്തില്‍ മികച്ച സ്ഥാപനങ്ങളുണ്ടായിട്ടും രാജ്യാന്തര റാങ്കിങ്ങുകളില്‍ ഭാരതത്തിലെ സ്ഥാപനങ്ങള്‍ പിന്നില്‍ പോകുന്നത് എന്തുകൊണ്ടാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും സംശയം പ്രകടിപ്പിച്ചത്. അതിനു പല കാരണങ്ങളുണ്ടെന്ന് അനില്‍ സഹസ്രബുദ്ധേ മറുപടി പറഞ്ഞു. രാജ്യാന്തര റാങ്കിങിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ പോലും പ്രശ്‌നമാണ്. ഒരുദാഹരണം പറയാം. വൈവിധ്യം എന്നൊരു മാനദണ്ഡമുണ്ട്. ഓരോ സ്ഥാപനത്തിലും വിദേശരാജ്യങ്ങളില്‍ നിന്ന് എത്രപേര്‍ പഠിക്കുന്നുവെന്നതാണ് പരിശോധിക്കുന്നത്. ഇതു നമ്മള്‍ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനാണ് പ്രാമുഖ്യം.

അതേസമയം, വിദേശരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ നമ്മുടെ അത്രയും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയും കടന്നെത്തുന്ന വിദ്യാര്‍ഥികള്‍ ഇല്ല. പക്ഷേ, അതു റാങ്കിങ്ങില്‍ പരിഗണിക്കില്ല. റാങ്കിങ് പിന്നിലാണെന്നു കരുതി ഭാരതത്തിലെ സ്ഥാപനങ്ങളോ അവിടത്തെ വിദ്യാര്‍ഥികളെ ഒട്ടും പിന്നിലല്ല. ലോകോത്തര ഐടി സ്ഥാപനങ്ങളുടെ തലപ്പത്തും അല്ലാതെയും ഇന്ത്യയിലെ എന്‍ജിനീയറിങ് കോളജില്‍ പഠിച്ച അനേകം വിദ്യാര്‍ഥികളെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചവരെ നീണ്ടുനിന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അദ്ദേഹത്തോടു സംവദിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by