Kerala

സി വി ആനന്ദബോസ് വാഹനവ്യൂഹം പുറകോട്ടെടുക്കാന്‍ നിര്‍ദേശം നല്‍കി,പ്രതിഷേധം കരഘോഷത്തിന് വഴിമാറി

അടുത്ത ഗ്രാമത്തിലേക്ക് നീങ്ങുമ്പോഴും ജനക്കൂട്ടം പ്രത്യാശയോടെ കൈവീശി തങ്ങളുടെ 'രാജ്യപാലി'ന് അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു

Published by

കൊല്‍ക്കത്ത: മുര്‍ഷിദാബാദ് ജില്ലയിലെ ബാറ്റ്‌ബോണ ഗ്രാമം . വീടുകള്‍ തകര്‍ത്തും തീവെച്ചും കൊള്ളയടിച്ചും മനുഷ്യവേട്ട നടത്തിയും അക്രമികള്‍ അഴിഞ്ഞാടിയ പ്രദേശം. ഗവര്‍ണറുടെ സന്ദര്‍ശന വാര്‍ത്തയറിഞ്ഞ് വന്‍ ജനക്കൂട്ടം കാത്തുനിന്നു- നിഷ്‌ക്രിയമായി നോക്കിനിന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധവും പാവപ്പെട്ട ഗ്രാമീണര്‍ അനുഭവിക്കുന്ന ദുഃഖദുരിതങ്ങളുടെ ആവലാതിയുമായി.

ജാഫ്രാബാദിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ജനക്കൂട്ടത്തിന്റെ നിരാശ പ്രതിഷേധസ്വരത്താല്‍ പ്രക്ഷുബ്ധമായി.

അതുകണ്ട ഗവര്‍ണര്‍ സിവി ആനന്ദബോസ് വാഹനവ്യൂഹം പുറകോട്ടെടുക്കാന്‍ നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ പുറത്തിറങ്ങിയപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെ ചുറ്റും കൂടി. ഒരു നിമിഷം അവര്‍ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുനിന്ന ‘രാജ്യപാല്‍’ ബംഗാളിയില്‍ ‘അമാര്‍ ഭായ് ഒ ബുനേര’ എന്ന സംബോധനയോടെ ഉച്ചഭാഷിണിയില്‍ അവരോട് സംസാരിച്ചു.

തന്റെ നിലപാടുകളും സ്വീകരിക്കാന്‍ പോകുന്ന നടപടികളും ബംഗാളിയിലും ഹിന്ദിയിലുമായി വിശദീകരിച്ചശേഷം അദ്ദേഹം അവരോട് ചോദിച്ചു: ”നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടോ?”

”വായു ..പുണ്യാ ഹോ പുണ്യാ ഹോ, രാജ്യപാല്‍ ജയ് ഹോ’ എന്ന് ആര്‍ത്തുവിളിച്ച് അവര്‍ ഒന്നോടെ കരഘോഷം മുഴക്കി. വാഹനവ്യൂഹം അടുത്ത ഗ്രാമത്തിലേക്ക് നീങ്ങുമ്പോഴും ജനക്കൂട്ടം പ്രത്യാശയോടെ കൈവീശി തങ്ങളുടെ ‘രാജ്യപാലി’ന് അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by