ഇടുക്കി: തൊടുപുഴ തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശു പൊളിച്ച സ്ഥലത്ത് ദുഖ വെളളി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ എത്തി. കുരിശിന്റെ വഴിയുമായി എത്തിയ വിശ്വാസികളെ വനംവകുപ്പും പൊലീസും തടഞ്ഞു. 500 ഓളം വരുന്ന വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടത്തത്.
കുരിശിന്റെ വഴിയുടെ സമാപന സ്ഥാനത്ത് നാല്‍പ്പതാം വെള്ളി ദിവസം വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച സ്ഥലത്താണ് പ്രാര്‍ത്ഥന നടന്നത്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍ രാവിലെ ദുഃഖവെള്ളി ചടങ്ങുകള്‍ക്ക് ശേഷം വിശ്വാസികള്‍ കുരിശിന്റെ വഴിയുമായി ഇറങ്ങിയപ്പോള്‍ തൊടുപുഴ റിസര്‍വ് ഫോറസ്റ്റിന്റെ ഭാഗമായ സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിശ്വാസികളെ വനം വകുപ്പും പൊലീസും തടഞ്ഞു. വലയം ഭേദിച്ചാണ് അകത്തു കയറി വിശ്വാസികള്‍ കുരിശുപൊളിച്ച സ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയത്.കുരിശ് കയ്യിലേന്തി സമാധാനപരമായി പ്രാര്‍ത്ഥന നടത്തി പിന്നീട് വിശ്വാസികള്‍ പിരിഞ്ഞു.
എന്നാല്‍, വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് നിയമനടപടി എടുക്കുമെന്ന് കാളിയാര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മനു കെ നായര്‍ അറിയിച്ചു. വിശുദ്ധ വാരത്തിനുശേഷം വീണ്ടും കുരിശ് സ്ഥാപിക്കും എന്ന് വിശ്വാസികള്‍ പറഞ്ഞു.
വനം വകുപ്പിന്റെ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത് എന്നതിനാലാണ് പൊളിച്ചതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വിശ്വാസികള്‍ ഇത് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: