Thiruvananthapuram

അനന്തപുരിയുടെ സംസ്‌കൃതി: സാറാട്ട് വണ്ടിയും മഹാരാജാക്കന്മാരും

Published by

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് വരെയുള്ള തിരുവിതാംകൂറിന്റെ ആറ് മഹാ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നതാണ് സാറാട്ട് വണ്ടി അഥവാ രഥം. തിരുവനന്തപുരത്ത് മ്യൂസിയത്തിലെ ശ്രീചിത്രാ എന്‍ക്ലേവില്‍ ഇപ്പോള്‍ വെടുപ്പോടും പ്രൗഢിയോടെയും സൂക്ഷിച്ചിരിക്കുന്ന സാറാട്ട് വണ്ടിക്ക് സമീപം തിരുവിതാംകൂറുകാരുടെ പൊന്നുതമ്പുരാന്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

മലയാള വര്‍ഷം 1012 ല്‍ ദന്തദാരു ശില്പകലകളില്‍ പ്രാവീണ്യം നേടിയ കൊച്ചുകുഞ്ഞ് ആശാരിയും മണക്കാട് പണ്ടാരംവക മൂത്ത ആശാരിയുമാണ് സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഈ സാറാട്ട് വണ്ടിയുടെ നിര്‍മ്മാണം ആരംഭിച്ചത്. നാല് കൊല്ലങ്ങള്‍ കൊണ്ടാണ് ഈ മനോഹര നിര്‍മ്മിതി പൂര്‍ത്തിയായത്. തിരുചെന്തൂര്‍ സ്വദേശിയമായ കളച്ചെവിയാന്‍ അലങ്കാരം എന്ന് പേരുള്ള ഒരാള്‍ കുരുത്തോല കൊണ്ട് തേരുണ്ടാക്കി സ്വാതി തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇതു പോലൊരു സാറാട്ട് വണ്ടി തിരുവിതാംകൂറിനും വേണമെന്ന ആശയം മഹാരാജാവില്‍ ഉദയം കൊണ്ടത്. ഈ സാറാട്ട് വണ്ടിക്ക് കൂലിയും നിര്‍മ്മാണ സാമഗ്രഹികളുടെ വിലയും ഉള്‍പ്പടെ 11,158 പണം അനുവദിച്ചതായി 1016 ചിങ്ങം 14 ലെ ഹജൂര്‍ രായസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1017 ചിങ്ങം 20 ലെ തിരുവോണ നാളിലായിരുന്നു തടിയില്‍ തീര്‍ത്ത, സ്വര്‍ണ്ണത്തിലും വെള്ളിയിലും പണിത ആവരണങ്ങളുള്ള സാറാട്ട് വണ്ടിയില്‍ സ്വാതി തിരുനാള്‍ മഹാരാജാവ് പട്ടണ പ്രവേശനം നടത്തിയത്. അന്നേ ദിവസം ഒരു പതക്കം മഹാ രാജാവ് ശ്രീപദ്മനാഭ പെരുമാളിന് സമര്‍പ്പിച്ചതായും രേഖകള്‍ പറയുന്നു. ആദ്യകാലങ്ങളില്‍ കാളകളെ പൂട്ടിയാണ് ഈ രഥം ചലിപ്പിച്ചത്, പിന്നീട് കാളകള്‍ക്ക് പകരം വെള്ള കുതിരകള്‍ വന്നു.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ പൂജപ്പുര എഴുന്നള്ളത്തും ശാസ്തമംഗലത്ത് എഴുന്നള്ളത്തുമെല്ലാം സാറാട്ട് വണ്ടിയിലായിരുന്നു. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കീരീടധാരണ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതും ഈ സാറാട്ട് വണ്ടിയില്‍ വച്ചായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു നിര്‍ഭാഗ്യകരമായ സംഭവവും.
1841 ല്‍ തീര്‍ത്ത രഥം 1947 വരെയുള്ള തിരുവിതാംകൂറിന്റെ മഹാ രാജാക്കന്മാരായ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു എന്നത് സര്‍ക്കാരിന്റെ സംവിധാനങ്ങളെ പാഴ്‌ചെലവുകളില്ലാതെ എത്ര വിവേകപൂര്‍വമാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനു ഉദാഹരണമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക