രാജ്യത്തെ ആദ്യ ദേശീയ സഹകരണ സര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയ്‌ക്കുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിന്റെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. 2025-ലെ അന്താരാഷ്‌ട്ര സഹകരണ വര്‍ഷത്തിലാണ് ഈ വികസനം സംഭവിക്കുന്നത് എന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ സൂചിപ്പിച്ചതുപോലെ, ”സഹകരണത്തിലൂടെ സമൃദ്ധി” എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്ന തില്‍ ഈ സര്‍വകലാശാല കരുത്തുറ്റ സംവിധാനമായി മാറാന്‍ ഒരുങ്ങുകയാണ്.
എട്ടുലക്ഷത്തിലധികം സഹകരണസ്ഥാപനങ്ങളും 287 ദശലക്ഷം അംഗങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനത്തിന്റെ ആസ്ഥാനമാണ് ഇന്ത്യ. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വരെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന സഹകരണസ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നതിലുപരിയാണ്. സമൂഹം നയിക്കുന്ന വികസനം, സാമ്പത്തികസമത്വം, സാമൂഹ്യനീതി എന്നിവയുടെ ആവിഷ്‌കാരത്തെ യാണ് അതു പ്രതിനിധാനംചെയ്യുന്നത്. 2021-ല്‍ കേന്ദ്ര സഹകരണ മന്ത്രാലയം സ്ഥാപിതമായത് ഈ മേഖലയോടുള്ള, പുതുക്കിയ ദേശീയ പ്രതിജ്ഞാബദ്ധതയുടെ സൂചനയാണ്. വ്യാപ്തി വര്‍ധിപ്പിക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുക, സമഗ്രവികസനത്തിന്റെ ആധാരശിലയായി സംയോജിപ്പിക്കുക എന്നിവയാണ് ഇതു ലക്ഷ്യമിടുന്നത്.
67,390 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (PACS) കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് 2516 കോടി രൂപ അനുവദിക്കല്‍, 25-ലധികം വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രാപ്തമാക്കുന്നതിന് 32 സംസ്ഥാനങ്ങളില്‍ സ്വീകരിച്ച മാതൃകാ ഉപനിയമങ്ങള്‍ അവതരിപ്പിക്കല്‍, രണ്ടുലക്ഷം പുതിയ വിവിധോദ്ദ്യേശ സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കല്‍, 1100 കര്‍ഷക ഉല്‍പ്പാദക സംഘങ്ങളെ (FPO) പിന്തുണയ്‌ക്കല്‍, 44,000 പിഎസിഎസുകളെ പൊതുസേവനകേന്ദ്രങ്ങളാക്കി മാറ്റല്‍ തുടങ്ങിയ പ്രശംസനീയമായ നടപടികള്‍ സഹകരണമന്ത്രാലയം സ്വീകരിച്ചു. നികുതി ആനുകൂല്യങ്ങള്‍, വായ്പയിലേക്കുള്ള സുഗമമായ പ്രവേശനം, വികേന്ദ്രീകൃത സംഭരണ പരിഹാരങ്ങള്‍ എന്നിവ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നു. വിത്തുകള്‍, കയറ്റുമതി, ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കായി മൂന്നു പുതിയ ദേശീയ ഫെഡറേഷനുകള്‍ സ്ഥാപിച്ചത് ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പ്രതിനിധികളായി സഹകരണസംഘങ്ങള്‍ സ്ഥാനം പിടിക്കുന്നുവെന്നതിന്റെ സൂചനയാണ്.
എന്നിരുന്നാലും വ്യാപ്തിയും തോതും ഉണ്ടായിരുന്നിട്ടും സഹകരണമേഖലയുടെ വിദ്യാഭ്യാസ-പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ വിഘടിക്കപ്പെട്ടു. അവികസിതവും അസന്തുലിതമായി വിതരണം ചെയ്യപ്പെട്ടു. ഭരണ-കാര്യനിര്‍വഹണസംവിധാനംമുതല്‍ സാങ്കേതിക-പ്രവര്‍ത്തനാത്മക യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ആവശ്യം ലഭ്യമായ വിതരണത്തേക്കാള്‍ വളരെ കൂടുതലാണ്. നിലവിലുള്ള ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും അതുപോലെ നിര്‍ണായകമാണ്. അവരില്‍ പലര്‍ക്കും പതിവു പരിശീലനമോ ഘടനാപരമായ പഠന അവസരങ്ങളോ ലഭ്യമല്ല. അംഗീകൃത പാഠ്യപദ്ധതി, ഗുണനിലവാര ഉറപ്പ്, സ്ഥാപനപരമായ യോജിപ്പ് എന്നിവയില്ലാതെ, ഈ മേഖലയ്‌ക്ക് അതിന്റെ സാധ്യതകള്‍ പൂര്‍ണമായി മനസ്സിലാക്കാനോ അതിന്റെ വളര്‍ച്ച നിലനിര്‍ത്താനോ കഴിയില്ല. പുതിയ തലമുറകളെ സഹകരണപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. അവര്‍ പ്രൊഫഷണലായി സജ്ജരായ വ്യക്തികള്‍ മാത്രമല്ല, സഹകരണ മൂല്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും ഈ മേഖലയില്‍ നൂതനത്വം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തലങ്ങളിലും ശേഷി വര്‍ധിപ്പിക്കുന്ന വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയുടെ കേന്ദ്രമായി നിലകൊള്ളുന്നതിലൂടെ, സഹകരണ മേഖലയിലെ നേതാക്കളുടെ പുതിയ തലമുറയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിലൂടെ ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയ്‌ക്കു പരിവര്‍ത്തനാത്മക പങ്കുവഹിക്കാന്‍ കഴിയുന്നത് ഇവിടെയാണ്.
അമുല്‍ മാതൃകയുടെ ദീര്‍ഘവീക്ഷണമുള്ള ശില്‍പ്പിയായ ശ്രീ ത്രിഭുവന്‍ദാസ് പട്ടേലിന്റെ പേരില്‍ അറിയപ്പെടുന്നതും ഇന്ത്യയുടെ ക്ഷീര സഹകരണ വിപ്ലവത്തിന്റെ കളിത്തൊട്ടിലായ ആനന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഈ സര്‍വകലാശാല, പ്രതീകാത്മക ശ്രദ്ധാഞ്ജലി എന്നതിലുപരി തന്ത്രപരമായ ഇടപെടല്‍കൂടിയാണ്. പതിറ്റാണ്ടുകളായി സഹകരണ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദിനെ (IRMA) ഈ സര്‍വകലാശാലയുടെ അടിത്തറയായി തെരഞ്ഞെടുത്തത് പ്രായോഗികവും പ്രചോദനാത്മകവുമാണ്. IRMA മികവിന്റെ കേന്ദ്രമായി വര്‍ത്തിക്കുന്നതിനാല്‍, സഹകരണ സംരംഭങ്ങളുടെ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാന്‍ സജ്ജരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിനുള്ള കരുത്തുറ്റ പാരമ്പര്യം സര്‍വകലാശാല കെട്ടിപ്പടുക്കും.
ഔപചാരിക മാനേജ്‌മെന്റ് ബിരുദങ്ങള്‍ തേടുന്നവര്‍ക്കപ്പുറം സര്‍വകലാശാലയുടെ കാഴ്ചപ്പാട് ഇതിലൂടെ കൂടുതല്‍ മുന്നോട്ടുപോകും. പ്രാഥമിക-ദ്വിതീയ സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍, പ്രവര്‍ത്തന മേഖലകളിലുടനീളമുള്ള ജീവനക്കാര്‍, ധാര്‍മികവും സുസ്ഥിരവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വ്യാപാര മാതൃകകളില്‍ താല്‍പ്പര്യമുള്ള പുതിയ തലമുറ യുവാക്കള്‍ എന്നിവരിലേക്ക് ഇതു വ്യാപിപ്പിക്കും. സ്വയംസഹായം, ജനാധിപത്യനിയന്ത്രണം, പരസ്പര ഉത്തരവാദിത്വം എന്നിവയുടെ സഹകരണമൂല്യങ്ങളില്‍ വേരൂന്നിയ അനുയോജ്യമായ പഠന മൊഡ്യൂളുകള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍, ബിരുദ കോഴ്‌സുകള്‍, ഡിജിറ്റല്‍ പ്രാപ്യത, മേഖലാധിഷ്ഠിത ഗവേഷണം എന്നിവയിലൂടെ സര്‍വകലാശാല ഇതിനെ പിന്തുണയ്‌ക്കും.
പ്രധാനമായി, സര്‍വകലാശാലയ്‌ക്ക് ദേശീയ വിജ്ഞാനവേദിയായി പ്രവര്‍ത്തിക്കാനും പങ്കാളികള്‍ തമ്മിലുള്ള സംഭാഷണം സുഗമമാക്കാനും, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും, ഗ്രാമീണ യാഥാര്‍ഥ്യങ്ങള്‍ക്ക് അനുയോജ്യമായ നൂതനാശയങ്ങളെ പിന്തുണയ്‌ക്കാനും കഴിയും. ക്ഷീര-വായ്പ- ഭവന-മത്സ്യബന്ധന-തുണിത്തര മേഖലകള്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സഹകരണഭൂപ്രകൃതിയില്‍, വിദ്യാഭ്യാസവിദഗ്ധര്‍, നയആസൂത്രകര്‍ എന്നിവരെ കൂട്ടിയിണക്കി ബഹുമുഖ വൈദഗ്ധ്യത്തിന്റെ ഒത്തുചേരല്‍ ഇടമായി പ്രവര്‍ത്തിക്കാന്‍ സര്‍വകലാശാലയ്‌ക്ക് കഴിയും.
ആഗോളതലത്തില്‍, സഹകരണപ്രസ്ഥാനങ്ങളുടെ വിജയത്തിനു സഹകരണവിദ്യാഭ്യാസം അടിത്തറ പാകിയിട്ടുണ്ട്. 1844-ലെ റോച്ച്ഡേല്‍ പയനിയേഴ്സിന്റെ കാലത്ത്, യഥാര്‍ഥ പെരുമാറ്റച്ചട്ടങ്ങളില്‍ ലാഭത്തിന്റെ ഒരു ഭാഗം വിദ്യാഭ്യാസത്തിനായി നീക്കിവച്ചിരുന്നു. അഞ്ചാമത്തെ സഹകരണതത്വമായ വിദ്യാഭ്യാസം, പരിശീലനം, വിവരങ്ങള്‍ എന്നിവ പ്രസ്ഥാനത്തിന്റെ പ്രധാന സ്തംഭമായി തുടരുന്നു. ഇത് അംഗങ്ങളും നേതാക്കളും വിശാലമായ സമൂഹവും സഹകരണമാതൃക മനസ്സിലാക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ആഴത്തില്‍ വേരൂന്നിയ ഈ വിദ്യാഭ്യാസ പാരമ്പര്യമാണു സഹകരണ പരിപാലനത്തെ നിലനിര്‍ത്തുന്നതും നവീകരണത്തെ പ്രോത്സാഹിപ്പിക്കു ന്നതും ഉത്തരവാദിത്വത്തിനു കരുത്തേകുന്നതും.
ഈ സാഹചര്യത്തില്‍, ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയ്‌ക്ക് കേവലം വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി സഹകരണ വികസനത്തിനുള്ള ദേശീയവും ആഗോളവുമായ വിജ്ഞാനകേന്ദ്രമായി മാറാനാകും. പ്രായോഗികത നയവുമായി പൊരുത്തപ്പെടുന്ന ഇടമാകാനാകും. നേതൃത്വത്തിന് ഇന്ധനം പകരാന്‍ പഠനത്തിനാകുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടന്ന ഐസിഎ ആഗോള സഹകരണ സമ്മേളനത്തില്‍, പങ്കാളിത്ത വേദികള്‍ കെട്ടിപ്പടുക്കുന്നതിനും പൊതു വെല്ലുവിളികളെ നേരിടുന്നതിനും മുന്നോട്ടുള്ള പാത കൂട്ടായി രൂപപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഗ്ലോബല്‍ സൗത്തിനെ നയിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യയോട് ആഹ്വാനം ചെയ്തു. ദേശീയ സര്‍വകലാശാല അത്തരമൊരു വേദിയാണു വാഗ്ദാനം ചെയ്യുന്നത്. ചര്‍ച്ചകള്‍ പരിപോഷിപ്പിക്കാനും മികച്ച സമ്പ്രദായങ്ങള്‍ പങ്കിടാനും സഹകരണസംഘങ്ങള്‍ക്കിടയില്‍ വികസ്വര രാജ്യങ്ങളിലുടനീളമുള്ള സഹകരണം ശക്തിപ്പെടുത്താനും കഴിയും.
സമഗ്രവും ജനാധിപത്യപരവും സുസ്ഥിരവുമായ സാമ്പത്തിക മാതൃകകള്‍ കൂടുതലായി തേടുന്ന ലോകത്ത്, ഇന്ത്യയുടെ സഹകരണ പ്രസ്ഥാനവും അതിന്റെ ആദ്യ സഹകരണ സര്‍വകലാശാലയും പ്രചോദനം മാത്രമല്ല, ദിശാബോധവുമേകുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും നേതൃത്വം വളര്‍ത്തി, പ്രാപ്യവും നൂതനവും സ്വാധീനാധിഷ്ഠിതവുമായ തലത്തിലേക്ക് സര്‍വകലാശാല ഉയരണം. അടിത്തറ പാകിക്കഴിഞ്ഞു. അതു പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാടിന് യോഗ്യമായ സ്ഥാപനം കെട്ടിപ്പടുക്കേണ്ട സമയമാണിത്; സഹകരണത്തിന്റെ ശാശ്വത ശക്തിയിലൂടെ വരുംതലമുറകളെ പഠിപ്പിക്കുകയും ശാക്തീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം. സഹകരണ സ്ഥാപനങ്ങള്‍ ഏവര്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നുവെന്ന് അത് ഉറപ്പാക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: