നെഹ്‌റു മന്ത്രിസഭയില്‍നിന്നു രാജിവെച്ച് ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു, ആരോഗ്യ കാരണങ്ങളാലാണ് രാജി എന്നുള്ള അഭ്യുഹങ്ങള്‍ക്ക് മറുപടി കൂടിയായിരുന്നു അത്. 1950 ഒക്ടോബര്‍ 10 ന് അദ്ദേഹം നടത്തിയ പ്രസംഗം മുഴുവന്‍ നിരാശയുടേതായിരുന്നു. നെഹ്‌റു മന്ത്രിസഭയില്‍ നിയമമന്ത്രിയാക്കിയതില്‍ അത്ഭുതപ്പെട്ടുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങുന്നത്. തന്നെ സംബന്ധിച്ചിടത്തോളം അത്ര സുപ്രധാന വകുപ്പല്ലെങ്കിലും നാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു തരത്തിലുമുള്ള നിസ്സഹകരണവും തന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നുള്ള ചിന്തയാണ് മന്ത്രി ആവാനുള്ള ക്ഷണം സ്വീകരിക്കാനുള്ള പ്രേരണ എന്നദ്ദേഹം ആദ്യം തന്നെ പറയുന്നുണ്ട്. പിന്നീടുള്ള ഭാഗങ്ങളെല്ലാം രാജിവയ്‌ക്കുന്നതിനുള്ള കാരണങ്ങളും അനുബന്ധ നിരാശകളുമാണ്. ചരിത്രരേഖകള്‍ പറയുന്നത്, അദ്ദേഹത്തിനെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സ്പീക്കര്‍ സമ്മതിക്കാത്തതിനാല്‍ അതിന്റെ കോപ്പികള്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും വിതരണം ചെയ്തുകൊണ്ട് രാജ്യത്തെ അറിയിച്ചു എന്നതാണ്!
വൈസ്രോയിയുടെ പ്രിവി കൗണ്‍സിലില്‍ അംഗമായിരുന്ന പരിചയത്തില്‍ ഇന്ത്യഗവര്‍ന്മെന്റിന്റെ നിര്‍ണ്ണായക നയരൂപീകരണത്തില്‍ ഭാഗമാകാന്‍ ഉത്സാഹമുണ്ടായിരുന്നു. നിയമം, തൊഴില്‍, പ്ലാനിങ് ഇവയൊക്കെ കൈകാര്യം ചെയ്തുവെങ്കിലും ഏറെ താല്‍പ്പര്യം ഉണ്ടായിരുന്ന വിദേശകാര്യം നല്‍കിയില്ല. ആ വകുപ്പിന്റെ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. പിന്നീട് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലും തഴഞ്ഞു. അവസാനം എതിര്‍പ്പിനെ തുടര്‍ന്ന് സാമ്പത്തികകാര്യ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിദേശത്തു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു അവിടെത്തന്നെ ജോലിചെയ്യുന്നതിനു പകരം തന്റെ സ്വന്തം സമുദായത്തെ തനിക്കു കിട്ടിയ സൗഭാഗ്യം ഉപയോഗിച്ച് ഏതുവിധേനയും ഉയര്‍ത്തണമെന്ന പ്രേരണ മാത്രമായിരുന്നു അദ്ദേഹത്തെ ഭാരതത്തിലേക്ക് തിരികെ എത്തിച്ചത്.
വളരെ നിരാശനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടികജാതി -പട്ടികവര്‍ഗ്ഗത്തോടുള്ള നിഷേധ സമീപനം തന്നെയായിരുന്നു അംബേദ്കറോടും സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ അവരോടും മുസ്ലിം സമുദായം ഒഴികെയുള്ള മറ്റു ന്യൂനപക്ഷങ്ങളോടുമുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ അദ്ദേഹം നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്. ഈ ഭരണഘടനയിലെ നിയമങ്ങള്‍ പട്ടികജാതിക്കാരുടെ സുരക്ഷിതത്ത്വത്തിനു അപര്യാപ്തമെന്നും, ഇത്രയും കാലമായിട്ടു അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഒരു കമ്മീഷനെ പോലും വെച്ചില്ല എന്നും സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പ് അവര്‍ അനുഭവിച്ചിരുന്ന യാതനകള്‍ ഇന്നും മറ്റു പല മേഖലകളില്‍ നിന്നും നേരിടുന്നുണ്ടെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ അവരുടെ സേവനം ഉറപ്പാക്കാന്‍ യാതൊരു പ്രവര്‍ത്തനവും ഫലം കണ്ടില്ലെന്നും പറയുന്നുണ്ട്
അദ്ദേഹം തുടര്‍ന്നു പറയുന്നത്, വിദേശനയത്തിന്റെ പരിണതഫലം എന്നത്, ഐക്യരാഷ്‌ട്ര സഭയില്‍പ്പോലും നമ്മുടെ പ്രമേയത്തെ താങ്ങാന്‍ ആളില്ലെന്നാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചും, കഴിവതും രാജ്യത്തിനു ഗുണകരമാവുന്ന രീതിയിലും വിദേശനയം മാറേണ്ടതുണ്ട്. ഒരുകാലത്തു നല്ലതായിരുന്നത് പിന്നീട് അപകടകരമാവാം. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ അധികരിച്ച സൈനികച്ചെലവിനും കാരണം തെറ്റായ ഈ വിദേശനയമാണ് എന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ പാകിസ്ഥാനോടും കശ്മീര്‍ പ്രശ്‌നത്തോടുമുള്ള സര്‍ക്കാര്‍ സമീപനത്തിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. കിഴക്കന്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ അധസ്ഥിതര്‍ അനുഭവിക്കുന്ന യാതനയോടു യാതൊരു കരുതലുമില്ലാത്തസമീപനത്തെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. അടുത്ത കാരണം, മന്ത്രിസഭയുടെ പ്രവര്‍ത്തന രീതികളോടുള്ള അസംതൃപ്തിയാണ്. വെറും റെക്കോര്‍ഡിങ്ങും രജിസ്‌ട്രേഷനും മാത്രമായിട്ട് ചുരുങ്ങിയിരിക്കുന്നു എന്നും അതാതു കമ്മിറ്റികള്‍ പറയുന്നത് അനുസരിക്കുക എന്നല്ലാതെ മന്ത്രിസഭയില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
അവസാന കാരണമായി പറയുന്നത് ഹിന്ദു കോഡ് ബില്ലിനോടുള്ള പ്രധാനമന്ത്രിയുടെ നിഷേധാത്മക സമീപനമാണ്. അത് മാനസിക ആഘാതം ഉളവാക്കിയെന്നും പറയുന്നു. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച ആ ബില്ലിന്റെ നാള്‍വഴികള്‍ എണ്ണിപ്പറയുകയും അത് പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ അറിവോടെ നിരാകരിച്ചതും വിശദീകരിക്കുന്നുണ്ട്.
മന്ത്രിസഭയില്‍ നിന്നുള്ള രാജി ഈ രാജ്യത്തിനോ ആര്‍ക്കെങ്കിലുമോ ഒരു പ്രശ്‌നമല്ലായെന്നു ബോധ്യമുണ്ടെന്നും പാര്‍ലമെന്റ് അംഗത്വം രാജിവയ്‌ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭരണഘടനാ സമിതിയില്‍ അംഗമാകാനുള്ള പ്രേരണാസക്തി ഹരിജനങ്ങളുടെ താല്‍പര്യസംരക്ഷണത്തിലുള്ള വ്യാകുലതയും ജിജ്ഞാസയുമായിരുന്നു. അത് അദ്ദേഹത്തിന്റെ രണ്ടു പ്രസംഗങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
2014 മുതല്‍ ഭാരത സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള നയങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളും, യാതൊരു തരത്തിലുമുള്ള മുന്‍ഗണനകളുമില്ലാതെ സര്‍ക്കാരിന്റെ പദ്ധതികളും നിയമങ്ങളും ‘സബ്കസാഥ്, സബ്കവികാസ് സബ്ക വിശ്വാസ്, സബ്ക പ്രയാസ്’ എന്ന മന്ത്രത്തിലൂടെ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുമ്പോള്‍ ഈ മഹാനുഭാവന്റെ അഭിലാഷങ്ങളും കൂടിയാണ് സാര്‍ത്ഥകമാവുന്നത്. കൂടാതെ കഴിഞ്ഞ 11 വര്‍ഷമായിക്കൊണ്ടുള്ള വിദേശനയം, കശ്മീര്‍ പ്രശ്‌നപരിഹാരം, മുഴുവന്‍ ജനങ്ങളുടെയും തുല്യനീതിക്കായുള്ള വിവിധമേഖലകളിലേക്കുള്ള നിയമനിര്‍മ്മാണങ്ങള്‍ എല്ലാം അബേദ്കറിന്റെ അഭിപ്രായങ്ങള്‍ക്കു വിലകൊടുത്തുകൊണ്ടാണെന്നതില്‍ രാജ്യത്തിന് അഭിമാനിക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: