അഹമ്മദാബാദിലെ കോണ്‍ഗ്രസ് സമ്മേളനത്തിന് വേദിയായത് സബര്‍മതീ തീരം. എല്ലാ പരിപാടികളും സബര്‍മതി നദിയുടെ മനോഹര തീരത്താണ് സംഘടിപ്പിച്ചത്. 64 വര്‍ഷത്തിനു ശേഷം ആദ്യമായി എഐസിസി സമ്മേളനം ഗുജറാത്തില്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുമ്പോള്‍ നന്ദി പറയേണ്ടത് നരേന്ദ്രമോദിക്കും ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനുമാണ്. മൂന്ന് പതിറ്റാണ്ടായി ഗുജറാത്തില്‍ ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണ നേട്ടത്തെയാണ് സബര്‍മതീ തീരത്തെ കോണ്‍ഗ്രസ് സമ്മേളനം പ്രതിഫലിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം അഹമ്മദാബാദ് നഗരത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്രമോദിയെ എതിര്‍ക്കുമ്പോഴും നഗരത്തിന്റെ മാറ്റവും വികസനവും കണ്ട് അത്ഭുതപ്പെട്ടിരിക്കാം.
1990നു മുമ്പുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് സബര്‍മതി തീരത്തേക്ക് ആര്‍ക്കും എത്തിനോക്കാന്‍പോലും കഴിയില്ലായിരുന്നു. ഗാന്ധിജിയുടെ സബര്‍മതി ആശ്രമവും നദിയുടെ മാലിന്യത്തിന്റെ ദുരിതം അനുഭവിച്ചു. നദിയിലെ വെള്ളപ്പൊക്കം ആശ്രമത്തെയും ബാധിച്ചു. മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ തീരം അഹമ്മദാബാദ് നഗരത്തിന്റെ ശാപമായിരുന്നു. മഹാനഗരത്തിന്റെ രോഗവാഹിനിയായാണ് സബര്‍മതി ഒഴുക്കു നിലച്ച് കെട്ടിക്കിടന്നിരുന്നത്. ഇരുകരകളിലും വന്‍തോതില്‍ അലക്കുകാരുടെ ചേരികളായിരുന്നു. മണ്‍സൂണ്‍കാലത്ത് നദി കരകവിഞ്ഞ് മാലിന്യം സമീപത്തെ വീടുകളിലേക്ക് കയറുമായിരുന്നു. നദിയുടെ പാതയില്‍ ഗുജറാത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരത്തില്‍ ദുരിതത്തിലായി. നദിയും തീരവും മാലിന്യമുക്തമാക്കണമെന്നും രോഗപീഡകളില്‍ നിന്ന് അഹമ്മദാബാദ് നഗരത്തെ രക്ഷിക്കണമെന്നുമുള്ള നാട്ടുകാരുടെ മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഈ മുറവിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ല.
നദീതീര വികസനത്തിനുള്ള ആദ്യ നിര്‍ദ്ദേശം 1961ലാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്. 1960കളില്‍ ഫ്രഞ്ച് വാസ്തുശില്പിയായ ബെര്‍ണാഡ് കോണ്‍, ധരോയ് അണക്കെട്ട് മുതല്‍ കാംബെ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന സബര്‍മതി നദീതടത്തില്‍ ഒരു പാരിസ്ഥിതിക താഴ് വര നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചു. സദീതീരത്ത് പലരും കയ്യേറിയ ഏക്കര്‍കണക്കായ ഭൂമി തിരികെ പിടിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 1966ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ടു പോയെങ്കിലും ബെര്‍ണാഡ് കോണ്‍ സമര്‍പ്പിച്ച പദ്ധതിക്കപ്പുറം സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നു വന്നപ്പോള്‍ അദ്ദേഹം പിന്നാക്കം പോയി. പിന്നീട് ഈ പദ്ധതി ചലിച്ചില്ല. പദ്ധതിനടത്തിപ്പിന്റെ വേഗം കുറഞ്ഞ്, പതിയെ നിലച്ചു.
1997ല്‍ ബിജെപി നേതൃത്വത്തിലുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നദീതീര വികസനത്തിനായി സബര്‍മതി നദീതീര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് രൂപീകരിച്ചതോടെയാണ് നദിയുടെയും നഗരത്തിന്റെയും തലവര മാറിത്തുടങ്ങിയത്. പിന്നീടെല്ലാം വേഗത്തിലായിരുന്നു. 1998ല്‍ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കുകയും പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 1500 കോടിയോളം രൂപ ചെലവുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. 2005ല്‍ പൂര്‍ണതോതില്‍ നിര്‍മ്മാണം ആരംഭിച്ചു. നദീതീരത്തെ ചേരി ഒഴിപ്പിക്കുന്നതായിരുന്നു വെല്ലുവിളി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അതെല്ലാം നിഷ്പ്രയാസം നടപ്പാക്കി. തീരത്തെ അലക്കുകാര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടാത്ത തരത്തില്‍ തീരത്തു തന്നെ വസ്ത്രങ്ങള്‍ അലക്കാന്‍ ആധുനിക സംവിധാനം നിര്‍മ്മിച്ചു നല്‍കി. ചേരി നിവാസികള്‍ക്കാകെ വീടു നിര്‍മ്മിച്ചു നല്‍കി അവരെയെല്ലാം ഉയര്‍ന്ന ജീവിതനിലവാരമുള്ളവരാക്കി. അവര്‍ക്കെല്ലാം തൊഴില്‍ചെയ്യാനും കച്ചവടം നടത്താനുമുള്ള സാഹചര്യമുണ്ടാക്കി.
സബര്‍മതിയുടെ 22 കിലോമീറ്ററോളം ഇരുകരകളും സമാനതകളില്ലാത്ത തരത്തില്‍ വികസിപ്പിക്കുകയും സൗന്ദര്യവത്കരണം നടത്തുകയുമാണുണ്ടായത്. സബര്‍മതി നദിക്ക് കുറുകെ നിര്‍മ്മിച്ച പഴയ പതിനൊന്ന് പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കി. നദിക്കരയില്‍ ബോട്ടിങ് സ്റ്റേഷനുകളും എക്‌സിബിഷന്‍ സ്ഥലങ്ങളും നിര്‍മ്മിച്ചു. ആയിരക്കണക്കിനു പേര്‍ക്ക് പങ്കെടുക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, ആയിരത്തോളം വാഹനങ്ങള്‍ കയറ്റിയിടാവുന്ന പാര്‍ക്കിങ് സ്റ്റേഷന്‍, ഏകദേശം 45000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം എന്നിവയെല്ലാം തീരത്തുണ്ടായി. 330ലധികം തദ്ദേശിയവും വിദേശീയവുമായ സസ്യങ്ങളില്‍ എല്ലാ കാലത്തും ഇവിടെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. വര്‍ഷം മുഴുവനും സന്ദര്‍ശകര്‍ക്ക് സീസണ്‍ ഇല്ലാതെ പൂക്കളുടെ ഭംഗി ആസ്വദിക്കാം.
നിരവധി മാര്‍ക്കറ്റുകള്‍, വെന്‍ഡിംഗ് ഏരിയകള്‍, ബിസിനസ് സെന്ററുകള്‍, ഇവന്റ് ഗ്രൗണ്ടുകള്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലിസ് പാലത്തിന് കീഴില്‍ നടന്നിരുന്ന അനൗപചാരിക ഞായറാഴ്ച ചന്ത പുതിയ സ്ഥലത്തേക്ക് മാറ്റി. ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റില്‍ വെണ്ടര്‍മാര്‍ക്കായി സോണുകളും പ്ലാറ്റ്‌ഫോമുകളും ഒരുക്കി. 2014 ഫെബ്രുവരിയില്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. തീരത്ത് വീണ്ടെടുക്കുന്ന ഭൂമിയുടെ ഏകദേശം 14% പാര്‍പ്പിട, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. എട്ട് മ്യൂസിയങ്ങള്‍ ഉള്‍പ്പെടെ ആകെ 52 കെട്ടിടങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്.
നഗരവാസികള്‍ക്ക് എല്ലാദിവസവും തീരത്ത് സൈക്കിളിങ്ങിനും നടത്തത്തിനുമുള്ള വീതിയേറിയ വാക്കിങ് വേയും സൈക്കിള്‍ പാത്തും നിര്‍മ്മിച്ചു. തീരത്തെത്തുന്ന ആര്‍ക്കും അവിടെ പ്രത്യേകമായ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന സൈക്കിളുകള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ എടുത്ത് യാത്രചെയ്യാം. വിവിധങ്ങളായ കച്ചവടക്കാര്‍ ആധുനിക സംവിധാനങ്ങളോടെയൊരുക്കിയ കടകളില്‍ അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നു. നദിയുടെ തീരത്ത് പട്ടം പറത്തി കുട്ടികള്‍ ആഘോഷമാക്കുമ്പോള്‍ അവരെല്ലാം ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിക്ക് നന്ദിപറയുന്നു. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക്. 2012 ഓഗസ്റ്റ് 15നാണ് സബര്‍മതീ നദിയുടെയും തീരത്തിന്റെയും ആദ്യഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നിര്‍വ്വഹിച്ചത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിന്റെ സഹായങ്ങളൊന്നും ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചിരുന്നില്ല.
രണ്ടാം ഘട്ട നിര്‍മ്മാണത്തിനാകെ 900 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. രണ്ടാം ഘട്ടത്തില്‍ തീരവീകസനത്തിന്റെ വിസ്തൃതി കൂടി. സബര്‍മതിയുടെ തീരത്ത് കൂടുതല്‍ പ്രദേശത്തേക്ക് വികസനം എത്തുന്നു. വികസനം പൂര്‍ത്തിയാകുമ്പോള്‍, നദീതീരത്തെ മനോഹാരിതയുടെ ആകെ നീളം 34 കിലോമീറ്ററായിരിക്കും. നദിക്കുകുറുകെ നിര്‍മ്മിച്ച അടല്‍ ബ്രിഡ്ജ് ഇന്ന് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. അടല്‍ പാലം എന്ന ആശയം 2018 മാര്‍ച്ചിലാണ് ഉണ്ടായത്. 2022 ജൂണില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ഈ പാലം ഉത്തരായന ആഘോഷത്തിന്റെ നിറങ്ങളും സന്തോഷവും പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാലം സര്‍ദാര്‍ പാലത്തെയും എല്ലിസ് പാലത്തെയും ബന്ധിപ്പിക്കുന്നു. ഇതൊരു കാല്‍നടപ്പാലമാണ്. എന്നാല്‍ പാലത്തിന്റെ മനോഹാരിതയും പാലത്തില്‍ നിന്നുള്ള രാത്രി കാഴ്ചകളും എത്ര വിവരിച്ചാലും മതിയാകില്ല.
2014 സെപ്തംബര്‍ 17ന് ഭാരതത്തിലെ ത്തിയ ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സബര്‍മതി നദീതീരത്ത് സന്ദര്‍ശനം നടത്തിയത് ചരിത്രമായി. എല്ലാവരും വെറുപ്പോടെ കണ്ടിരുന്ന ആ തീരത്തെ കാറ്റിന്റെ സുഗന്ധം അനുഭവിച്ച് ഷി ജിന്‍പിങ്ങും ഭാര്യയും ഇരുന്നപ്പോള്‍ ഗുജറാത്ത് വികസനത്തിന്റെ പുതിയ ചരിത്രം അടയാളപ്പെടുത്തുകയായിരുന്നു.
പഴമ ഒട്ടും ചോരാതെ പുനര്‍നിര്‍മിച്ച ഗാന്ധിജിയുടെ സബര്‍മതീ ആശ്രമത്തില്‍ ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷവാനായിരുന്നേനെ. ഈ നദി ഇങ്ങനെയായിരുന്നെങ്കില്‍ എന്ന് അദ്ദേഹവും സ്വപ്‌നം കണ്ടിരിക്കാം. സബര്‍മതീ നദി ഇപ്പോള്‍ ശാന്തമായി, മനോഹരിയായാണ് ഒഴുകുന്നത്. മാലിന്യം ഒട്ടുമില്ലാതെ കണ്ണാടി പോലെ ഒഴുകുന്ന നദി. എല്ലാ ദിവസവും ഇവിടെ സബര്‍മതി ആരതി നടക്കുന്നു. ഓരോ ദിവസവും ആരതിയില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍. ഒരു ജനതയുടെ സംസ്‌കാരം നദിയുടെ പുനരുജ്ജീവനത്തിലൂടെ വീണ്ടെടുത്തു.
എഐസിസി സമ്മേളനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സബര്‍മതിയുടെ തീരത്തെ ഗാന്ധിജിയുടെ ആശ്രമവും ദണ്ഡിപാലവുമെല്ലാം സന്ദര്‍ശിച്ചു. ബിജെപിയുടെ ഭരണത്തിലാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ മഹാത്മാ ഗാന്ധിജിയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും ആദരിക്കപ്പെട്ടത്. ഗാന്ധിജിയുടെ സ്മരണ നിറയുന്ന എത്രയോ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. പുതിയവ ഉണ്ടായി. ഗാന്ധി മ്യൂസിയവും ഗാന്ധി സ്മൃതിയും സബര്‍മതിയും ത്രി ഡി ഹോളോഗ്രാഫിയില്‍ സ്ഥാപിച്ചിട്ടുള്ള ദണ്ഡി കുതിര്‍, നാഷണല്‍ സാള്‍ട്ട് മെമ്മോറിയല്‍…അങ്ങനെ എന്തെല്ലാം. ഇവിടെയെല്ലാം കോണ്‍ഗ്രസ്സുകാര്‍ പോയില്ല. പക്ഷേ, അവര്‍ സമ്മേളനമിരുന്ന സബര്‍മതീ നദീതിരത്തെക്കുറിച്ചെങ്കിലും അവരോര്‍ക്കണം. നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥമായി നന്ദിപറയണം. ഈ തീരത്ത് ഇങ്ങനെയിരിക്കാന്‍ സാഹചര്യമൊരുക്കിയത് അദ്ദേഹമാണ്. ആ ആശ്രമത്തില്‍ പോയിരുന്ന് ചിത്രം പിടിക്കാന്‍ അഭിനവ ഗാന്ധിമാര്‍ക്ക് സൗകര്യമുണ്ടാക്കിയതും മോദി തന്നെയാണ്., ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ വികസനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: