World

1400 വർഷമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മഹാവിഷ്ണു വിഗ്രഹം : അകാല മൃത്യു ഭയന്ന് രാജാവ് പോലും കയറാൻ ഭയക്കുന്ന ക്ഷേത്രം

Published by

കാഠ്മണ്ഡു : ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏക ഹിന്ദു രാഷ്‌ട്രമാണ് നേപ്പാൾ . ഇവിടെ നിരവധി പ്രത്യേകതകളും വിശേഷങ്ങളുമുള്ള ബുദ്ധനീലകണ്ഠ ക്ഷേത്രം തീര്‍ത്ഥാടകരുടേയും വിശ്വാസികളുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയാണ്.ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളുമാണ് വിശ്വാസികള്‍ക്കായി ഈ ക്ഷേത്രം കരുതിവെച്ചിരിക്കുന്നത്.

നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം. തുറന്ന ക്ഷേത്രമായ ഇവിടെ ശയന നിലയിലുള്ള മഹാവിഷ്ണുവാണ് മുഖ്യ പ്രതിഷ്ഠ. ഈ മഹാവിഷ്ണു പ്രതിഷ്ഠ നേപ്പാളിലെ ഏറ്റവും വലിയ ശിലാശിൽപമാണ് എന്നാണ് വിശ്വാസം.

ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നുപറയുന്നത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണുവിന്റെ രൂപമാണ്. ഈ വിഗ്രഹം ശയനരൂപത്തിലാണ് ഉള്ളത്. അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഏറെ സവിശേഷപ്പെട്ടതായാണ് കണക്കാക്കുന്നത്.

ഒറ്റക്കരിങ്കല്ലിൽ കൊത്തിയ അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഇവിടെ മാത്രമേ കാണുവാന്‍ സാധിക്കു. ബുദ്ധനീലകണ്ഠന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് നീല കണ്ഠമുള്ളവന്‍ എന്നാണ്.1957 ൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് ശ്രമം നടന്നുവെങ്കിലും സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ലാവാ ശിലയോട് സാദൃശ്യമുള്ള ശിലയാണ് പ്രതിഷ്ഠയിലുള്ളത് എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന്റെ കാരണം തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ശ്രമം നടക്കുന്നുവെങ്കിലും അനുവദിച്ചില്ല. അതുകൊണ്ടുതന്നെ കരിങ്കല്ലില്‍ കൊത്തിയെടുത്ത ഒറ്റക്കല്‍ വിഗ്രഹം വെള്ളത്തില്‍ മുങ്ങിപ്പോകാതെ എങ്ങനെ പൊങ്ങിക്കിടക്കുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യംതന്നെയാണ്.

തീര്‍ത്ഥക്കുളത്തിലേക്ക് പൂക്കളും ഇലകളും മന്ത്രജപത്തോടെ എറിഞ്ഞാണ് ബുദ്ധനീലകണ്‌ഠക്ഷേത്രത്തിലെ പൂജ. ശിവഭഗവാന്‍ ത്രിശൂലം ഭൂമിയിലാഴ്തിയപ്പോള്‍ ഉണ്ടായ ഗോസായി കുണ്ഡില്‍ നിന്നുള്ള വെള്ളമാണ് ഈ തടാകത്തില്‍ ഉള്ളതെന്നാണ് വിശ്വാസം. വിഗ്രഹത്തിന് മുകളില്‍ തുണി കൊണ്ടുള്ള പന്തലുണ്ട്. അരികില്‍ ദേവിയുടെയും മറ്റും ചെറിയ പ്രതിഷ്ഠകളും കാണാം.

കാലിനു മേല്‍ കാല്‍ കയറ്റിവച്ച് വളരെ ശാന്തമായി കിടന്നുറങ്ങുന്ന രൂപത്തിലാണ് നമുക്ക് ഭഗവാനെ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ തടാകത്തെ പാലാഴിയായാണ് കണക്കാക്കുന്നത്. അനന്തന്റെ 11 തലകള്‍ക്കിടയില്‍ തന്റെ തല വെച്ച് സുഖമായി കിടക്കുന്ന വിഷ്ണുവിനു 4 കൈകളുണ്ട് അതിലോരോന്നിലും ചക്രം, ശംഖ്, താമര,ഗഥ എന്നിവയും കാണാം.

ചില വസ്തുതകൾ പ്രകാരം ഈ വിഗ്രഹത്തിന് 1400 വർഷത്തിലധികം പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. 1641 മുതൽ 1674 വരെ നേപ്പാൾ ഭരിച്ചിരുന്ന പ്രതാപ് മല്ല രാജാവിന് ഉണ്ടായ അശരീരിയുടെ ഫലമായി അതിനു ശേഷമുള്ള ഒരു ഭരണാധികാരിളാരും തന്നെ ഈ ക്ഷേത്രം സന്ദർശിച്ചിട്ടില്ല. ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്നായിരുന്നു അശരീരി. ഈ ഭയം മൂലം പിൽക്കാല രാജാക്കൻമാർ ക്ഷേത്ര സന്ദർശനം നടത്തിയിരുന്നില്ല എന്നൊരു കഥയും ഉണ്ട്.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം എന്നുപറയുന്നത് ഇവിടുത്തെ ഹരിബോന്ദിനി ഏകാദശി മേള ആണ്. മഹാവിഷ്ണുവിനെ ദീര്‍ഘമായ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചടങ്ങാണിത്. ഈ ചടങ്ങ് കാര്‍ത്തിക മാസത്തിലെ 11-ാം നാളിലാണ് നടക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by