World

150 കിമീ വരെ വേ​ഗതയിൽ കാറ്റ് വീശും ; 50 കിലോയിലധികം ഭാരമില്ലാത്തവർ പുറത്തിറങ്ങരുതെന്ന് ചൈന

Published by

ബെയ്ജിംഗ് ; ചൈനയെ വിറപ്പിച്ച് കനത്ത ശക്തിയിൽ കാറ്റുവീശുമെന്ന് മുന്നറിയിപ്പ്. ജനങ്ങൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. ഏപ്രിൽ 11 മുതൽ 13 വരെയാണ് മുന്നറിയിപ്പ് നല്‍കിയത്.

വടക്കൻ ചൈനയിൽ ശക്തമായ കാറ്റ് വീശുമെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ബെയ്ജിംഗ്, തിയാൻജിൻ, ഹീബൈ പ്രദേശങ്ങളിൽ മണിക്കൂറിൽ 150 കിമീ വരെ വേ​ഗതയിൽ കാറ്റുവീശിയേക്കും. 50 കിലോയിലധികം ഭാരമില്ലാത്തവർ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മുന്നറിയിപ്പിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ബെയ്ജിംങ്ങിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഏപ്രിൽ 29ന് ആരംഭിക്കാനിരിക്കുന്ന ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും പാർക്കുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വിനോദ യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തി.

കാറ്റിനെ തുടര്‍ന്ന് മണല്‍ക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. മം​ഗോളിയായാണ് കാറ്റിന്റെ പ്രഭവകേന്ദ്രം. മംഗോളിയയില്‍ ശൈത്യതരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തിയേറിയ കാറ്റിന് കാരണമെന്നും പറയുന്നു. നാശനഷ്ടങ്ങള്‍ കുറയ്‌ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by