സമുദായ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റേയും പരിതാപകരമായ അവസ്ഥയിലാണ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 ല്‍ വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി സാരഥ്യം ഏറ്റെടുക്കുന്നത്.ഈഴവ സമുദായത്തിന് ഒരു നേതാവുണ്ടോ എന്ന് നാടുഭരിക്കുന്ന ഭരണാധികാരി പോലും പുച്ഛിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ കടന്നുവരവ്.
ഒന്‍പത് മാസത്തിനുള്ളില്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദവും അദ്ദേഹം ഏറ്റെടുത്തു. സാമൂഹ്യ, വിദ്യാഭ്യാസ ആത്മീയ മേഖലകളിലെല്ലാം എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും നിറഞ്ഞുനില്‍ക്കുന്നു. ചതയ ദിനാഘോഷവും സമാധി ആചരണവും മാത്രമായി ശാഖാ പ്രവര്‍ത്തനം ഒതുങ്ങിയിരുന്ന കാലഘട്ടത്തില്‍ നിന്നുളള എസ്എന്‍ഡിപി യോഗത്തിന്റെ വളര്‍ച്ച പ്രവചനാതീതമായിരുന്നു. ശാഖായോഗങ്ങളും യൂണിയന്‍ ഓഫീസുകളും വരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്റെ കരുത്തുറ്റ നേതൃത്വത്തിലൂടെ ഈഴവന്റെ ജീവിതത്തിന് മേല്‍വിലാസവും അന്തസ്സും നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല. സാമൂഹിക രാഷ്‌ട്രീയ വിദ്യാഭ്യാസ രംഗത്ത് എസ്എന്‍ഡിപി യോഗം വലിയ ശക്തിയായി മാറിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍ വഹിച്ച പങ്ക് എതിരാളികള്‍ പോലും അംഗീകരിക്കും. ആയിരക്കണക്കിന് പ്രാര്‍ത്ഥനാലയങ്ങളും ഗുരുമന്ദിരങ്ങളും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചു. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ നല്‍കി അവരെ സാമ്പത്തികരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിച്ചു. 15000 കോടിയോളം രൂപയാണ് നാളിതുവരെ മൈക്രോ ഫിനാന്‍സിലൂടെ വായ്പയായി നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതെന്തുംചോദിച്ചുവാങ്ങുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമായതെന്നത് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയാത്ത കാര്യമാണ്. ഈഴവനെന്ന് ആരുടേയും മുന്നില്‍ നട്ടെല്ല് വളയ്‌ക്കാതെ പറയാന്‍ കഴിയുന്ന തരത്തില്‍ സമുദായ അംഗങ്ങളെ മാറ്റിയെടുത്തതില്‍ വെള്ളാപ്പള്ളി വഹിച്ച പങ്ക് ചെറുതല്ല.
1996ല്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത് വെറും 6083 രൂപയായിരുന്നു. 30 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യോഗത്തിന്റെ ആസ്തി കോടികളാണ്. 33 ലക്ഷത്തോളം അംഗസംഖ്യയുള്ള യോഗത്തില്‍ പുതുതായി രൂപംകൊണ്ടത് 33000 ഓളം കുടുംബയൂണീറ്റുകളാണ്. ഈ കാലയളവില്‍ ശാഖായോഗങ്ങളുടെയും യൂണിയനുകളുടെയും എണ്ണവും വര്‍ദ്ധിച്ചു. 6500 ത്തോളം ശാഖകള്‍ 150 ഓളം യൂണിയനുകള്‍, 5000 ത്തോളം വനിതാ സംഘം യൂണിറ്റുകള്‍ തുടങ്ങി യൂത്ത് മൂവ്‌മെന്റ്, മൈക്രോ യൂണിറ്റുകള്‍, യൂണിയന്‍, ശാഖാ, കുടുംബയോഗങ്ങള്‍, മൈക്രോ സംഘങ്ങള്‍, എംപ്ലോയിസ് ഫോറം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍, ധര്‍മ്മസേന, വൈദിക യോഗം, കുമാരി – കുമാര സംഘങ്ങള്‍, ബാലജന യോഗം എന്നിവക്ക് പുറമേ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് എത്തിക്കുന്ന സൈബര്‍ സേന വരെയുള്ള വിവിധങ്ങളായ പദ്ധതികളിലൂടെ സാധാരണക്കാരിലേക്ക് ഓരോ ശ്രീനാരായണീയനിലേക്കും എസ് എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നുചെന്നു.
വെള്ളാപ്പള്ളി സാരഥ്യം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസരംഗത്ത് യോഗത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ള സ്‌കൂളുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 152 ലധികമായി ഉയര്‍ത്താന്‍ കഴിഞ്ഞത് മികച്ച നേതൃപാടവം കൊണ്ടാണെന്നത് ശത്രുക്കളും അംഗീകരിക്കും. മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായരീഴവ ഐക്യത്തിനായി ആത്മാര്‍ത്ഥമായ ശ്രമം നടന്നത് വെള്ളാപ്പള്ളി നടേശന്റെ കാലഘട്ടത്തിലാണ്. രാഷ്‌ട്രീയ കുബുദ്ധികളുടെ ഇടപെടല്‍ മൂലം ഐക്യം ഇല്ലാതായെങ്കിലും അദ്ദേഹം അതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ വളരെ വലുതായിരുന്നു. ഹിന്ദു ഏകീകരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ വെള്ളാപ്പള്ളി നടത്തിയ ശ്രമങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രം നടത്തി അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിയവരുടെ ഉറക്കം കെടുത്തി. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും വെള്ളാപ്പള്ളി നടേശന്‍ വഹിച്ച പങ്ക് ചെറുതല്ല. വളരെ പ്രക്ഷുബ്ദമായ കാലഘട്ടത്തിലൂടെ എസ്എന്‍ഡിപി യോഗത്തെ നയിക്കാനും ശ്രീനാരായണീയര്‍ക്ക് പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ നീണ്ട തന്റെ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കായി നിലകൊള്ളാനും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷന്‍ ശ്രീനാരായണ ഗുരുവും ആദ്യ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാന്‍ 15 വര്‍ഷവും ആര്‍. ശങ്കര്‍ 11 വര്‍ഷവും സേവനമനുഷ്ഠിച്ച പദവിയില്‍ 26 ാമത്തെ ജനറല്‍സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചരിത്രം. സമുദായത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാനും ഇഷ്ടപ്പെടാത്തത് മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത നേതാവാണ് അദ്ദേഹം. ചുമതല ഏറ്റെടുത്ത അന്നുമുതല്‍ എസ്എന്‍ഡിപി യോഗത്തിന്റെയും ഈഴവസമുദായത്തിന്റെയും ശബ്ദവും പ്രതീക്ഷയും കരുത്തുമായി മാറുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: