Kerala

ബാംഗ്ലൂരിൽ നിന്ന് മലപ്പുറത്ത് വരുന്നത് ലഹരി കടത്താൻ ; ഉഗാണ്ട സ്വദേശിനി പിടിയിൽ

Published by

മലപ്പുറം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ പോലീസ് പിടികൂടി. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ(30)യെയാണ് അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുഗാൺഡൻ യുവതിയെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുഗാൺഡ സ്വദേശിനിയായ നാകുബുറെ. യുവതിയെ വിശദമായി ചോദ്യം ചെയ്തതില്‍ ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ് എന്ന അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ച്ചുവട്ടില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവില്‍നിന്ന് എത്തിച്ച ലഹരിമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരും അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട വിദേശവനിതയും ബെംഗളൂരുവില്‍നിന്ന് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by