Kerala

സംസ്ഥാനത്ത് മഴ തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Published by

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മധ്യ- വടക്കൻ ജില്ലകളിലാണ് മഴ സാധ്യത പ്രവചനം നടത്തിയിട്ടുള്ളത്. ഇന്ന് (വ്യാഴാഴ്ച) മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി പ്രാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനാൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഉള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ 02.30 മുതൽ നാളെ (ഏപ്രിൽ 11) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാം. അതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) കടലാക്രമണ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ പ്രദേശവാശികൾ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by