Kerala

മതപ്രഭാഷണം നടത്താൻ ‘മടവൂര്‍ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ : പ്രസവവേദനയാൽ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാത്ത അന്ധവിശ്വാസി

Published by

മലപ്പുറം ; ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും ഭർത്താവ് സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യത്തെ നാലു പ്രസവങ്ങളും വീട്ടില്‍ത്തന്നെയായിരുന്നു നടത്തിയിരുന്നത്.

അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് സിറാജുദ്ദീന്‍ തന്റെ നാലു പൊടിക്കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.നിഗൂ‍ഢത നിറഞ്ഞ ജീവിതമാണ് സിറാജുദ്ദീന്റേതെന്നാണ് അയൽക്കാർ പോലും പറയുന്നത് .

കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോള്‍ അയല്‍ക്കാരി ഗര്‍ഭിണിയാണോ എന്നു ചോദിച്ചെന്നും എട്ടുമാസം ഗര്‍ഭിണിയാണെന്നു മറുപടി പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന് എന്താണ് ജോലിയെന്നും നാട്ടുകാര്‍ക്ക് അറിയില്ല. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം ചട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല.

കാസര്‍കോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. ‘മടവൂര്‍ ഖാഫില’ എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്. പ്രഭാഷണത്തിനു പോകാറുള്ളത് നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാം. ഇയാള്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും നേരത്തേ വന്നിട്ടുണ്ടെങ്കിലും എല്ലാത്തിനും യുട്യൂബ് ചാനലിലൂടെയായിരുന്നു മറുപടി പറഞ്ഞത്.

ഈ കുടുംബത്തില്‍ നാലു കുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കളും, നാട്ടുകാരും കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by