ചെന്നൈ: കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളും പ്രമേയങ്ങളും വാചകഘടനകള്‍ മാറ്റി ആവര്‍ത്തിക്കുന്നതിലൊതുങ്ങിയ സിപിഎം 24-ാം പാ
ര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി പിബി യോഗത്തിൽ എം. എ ബേബിയുടെ പേര് അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. വോട്ടെടുപ്പില്ലാതെയാണ് എം. എ ബേബിയെ അംഗീകരിച്ചത്.
ഇ എം എസിനു ശേഷം സിപി എം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം. എ ബേബി. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
വൈകിട്ടു പൊതുസമ്മേളനത്തോടെയാണ് സമാപനം. സമീപകാല ചരിത്രത്തിലെ ഏറ്റവും നിറംകെട്ട പാര്‍ട്ടി കോണ്‍ഗ്രസാണ് മധുരയിലേത്. നരേന്ദ്ര മോദി സര്‍ക്കാര്‍, ആര്‍എസ്എസ്, അമേരിക്ക, ട്രംപ്, ഇസ്രയേല്‍, പാലസ്തീന്‍ തുടങ്ങിയ പതിവുവിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഒതുങ്ങി. കാലഘട്ടത്തിനനുസൃതമായ രുമാനങ്ങളെടുക്കുന്നതിലും, നയങ്ങള്‍ മാറ്റുന്നതിലും സമ്മേളനം സമ്പൂര്‍ണ പരാജയമായി. ദേശീയതലത്തില്‍ അപ്രസക്തമായ സിപിഎം, നിലനില്‍പ്പിനായി കോണ്‍ഗ്രസും രാഹുലും നയിക്കുന്ന ഇന്‍ഡി സഖ്യത്തില്‍ തുടരാന്‍ പൂര്‍ണ അംഗീകാരം നല്കി. കേരളത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോഴും, ദേശീയതലത്തില്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു രക്ഷകനില്ലെന്ന നിലപാടാണ് പ്രതിനിധികള്‍ക്ക്.
കേരളഘടകവും, പിണറായി വിജയനും സമ്പൂര്‍ണാധിപത്യം തുടര്‍ന്നു. ബംഗാള്‍ഘടകം ദുര്‍ബലമായതോടെ കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനത്തിനു കേരളഘടകത്തിന്റെ സാമ്പത്തികവും അല്ലാതെയുമുള്ള ഔദാര്യം കൂടിയേ തീരൂ. സിപിഎം കാലങ്ങളായി കൊട്ടിഘോഷിച്ച നയസമീപനങ്ങളെ പാടേ നിരാകരിക്കുന്ന നിലപാടാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായിയുടെ കേരള സര്‍ക്കാരിന്റേത്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ പോലും കേന്ദ്ര നേതൃത്വത്തിനായില്ല. ആശ സമരം, സ്വകാര്യ സര്‍വകലാശാല തുടങ്ങിയവയില്‍ പിബി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അടക്കം കേരളഘടകത്തെ ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: