തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷിക്കാന്‍ ജന്മഭൂമിക്കൊപ്പം സമൂഹ മനസാക്ഷി ഒന്നടങ്കം കൈകോര്‍ത്തു. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാംഘട്ട ലഹരിവിരുദ്ധ ജാഗ്രതായാത്രയ് ക്കൊപ്പം രക്ഷിതാക്കളും രാഷട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിചേര്‍ന്നു. ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രണ്ടാംഘട്ട ജാഥ നയിച്ചത്.
പാറശാല, ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളിലെ ജാഗ്രതാ സദസ്സുകളിലൂടെ സഞ്ചരിച്ച് തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴി മാനവീയം വീഥിയിലാണ് യാത്ര സമാപിച്ചത്. എല്ലാ വേദികളിലും ജാഥാനായകന് കെ.സുരേന്ദ്രനും ജാഗ്രതാ യാത്രാ ചെയര്‍പേഴ്സണ്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയും ലഹരി വിരുദ്ധ സന്ദേശം നല്കി. ജാഗ്രതാ സദസ്സുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി വന്‍ ജനാവലി ജന്മഭൂമിക്കൊപ്പം ലഹരിക്കെതിരെ പോരാടാന്‍ ഒരുമിച്ചു. ലഹരി വിരുദ്ധ സന്ദേശം പകര്‍ന്നുകൊണ്ടുള്ള പാവകളി, തെരുവുനാടകം, നൃത്തങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ജനം ഏറ്റെടുത്തു.
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ജാഗ്രതായാത്ര ആര്. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസര്‍ ശ്രീജിത്ത് അധ്യക്ഷനായി. ആരോഗ്യഭാരതിയും എബിവിപിയും സംയുക്തമായി സംഘടിപ്പിച്ച തെരുവുനാടകത്തോടെയാണ് ജാഗ്രതാ സദസ്സ് ആരംഭിച്ചത്. ഉദിയന്‍കുളങ്ങരയിലെ ജാഗ്രതാ സദസ്സിന് മുന്നോടിയായി ചേര്‍ന്ന തപസ്യ കലാസാഹിത്യ വേദിയുടെ കവിയരങ്ങിലെ കവിതകള്‍ ലഹരിക്കെതിരെ തൂലിക പടവാളാക്കി. മരിയാപുരം സെന്റ് പീറ്റേഴ്സ് പള്ളി വികാരി ബിനോയ് ഡാനിയല്‍ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകന് വിനുകിരിയത്ത് മുഖ്യാതിഥിയായി. കുട്ടികളുടെ ഫല്‍ഷ് മോബും ചെങ്കല്‍ ശ്രീശാസ്ത്രാ ബോലഗോകുലത്തിന്റെ ദൃശ്യാവിഷ്കാരവും ജനശ്രദ്ധയാകര്‍ഷിച്ചു.
നെയ്യാറ്റിന്‍കരയിലെ ജാഗ്രതാ സദസ്സ് ചലചിത്ര നടനും നിര്‍മാതാവുമായ ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജി.ആര്. പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നീമ എസ്.നായര്‍ അധ്യക്ഷയായി. കൂട്ടപ്പന ശിവശക്തി ബാലഗോകുലവും നെയ്യാറ്റിന്‍കര നവനീതം ബാലഗോകുലവും അവതരിപ്പിച്ച ‘അരുതേ ലഹരി ‘എന്ന നാടകവും അരങ്ങേറി. ബാലരാമപുരത്തെ ജാഗ്രതാ സദസ്സ് ശാന്തിനികേതന്‍ ഡയറക്ടര്‍ ഡോ. റെജി വാമദേവന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഉമാനായര്‍, സ്വാമി വിശുദ്ധ ചൈതന്യ തുടങ്ങിയവരുടെ സാന്നിദ്ധ്യം വേറിട്ടതാക്കി.
ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് മാനവീയം വീഥിയിലെ ജാഗ്രതാ സദസ്സ് ആരംഭിച്ചത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോക്ടര്‍ ജി.മാധവന് നായര്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് അധ്യക്ഷനായി. സാഹിത്യകാരന് ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സംവിധായകന് വിനു കിരിയത്ത്, കായികതാരം പത്മിനി തോമസ്, സുവര്‍ണജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.സി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധയിടങ്ങളില്‍ ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി. ജയചന്ദ്രന്, കോര്‍പ്പറേറ്റീവ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, യൂണിറ്റ് മാനേജര്‍ ആര്. സന്തോഷ് കുമാര്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍, ബിജെപി നേതാക്കളായ പി.സുധീര്‍, പൊഫ. വി.ടി.രമ, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, കരമന ജയന്, മുക്കം പാലമൂട് ബിജു, തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ജാഗ്രതാ സദസ്സുകളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: