Samskriti

12 വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് ഇന്നു തുടങ്ങും

Published by

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ കോടിയര്‍ച്ചനയോടെയുള്ള വടക്കുപുറത്തുപാട്ടിന് ഇന്നു തുടക്കം. ക്ഷേത്രത്തിന്റെ വടക്കുവശത്തു വലിയ നെടുമ്പുര കെട്ടി 12 ദിവസങ്ങളിലായി ദേവിയുടെ വിവിധ രൂപഭാവങ്ങളില്‍ കളമെഴുതി പാട്ടും വിശേഷാല്‍ പൂജകളുമുള്ള ചടങ്ങ്, വടക്കുംകൂര്‍ രാജഭരണകാലത്ത് ആരംഭിച്ച മഹത്കര്‍മമാണ്.

രാത്രി വടക്കേനടയിലെ കൊച്ചാലുംചുവട്ടില്‍ നിന്നു താലപ്പൊലി, വാദ്യമേള ഘോഷങ്ങളോടെ ദേവിയെ എഴുന്നള്ളിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കും. അപ്പോള്‍ വൈക്കത്തപ്പന്റെ അത്താഴ ശ്രീബലിയുടെ ആദ്യ പ്രദക്ഷിണവുമായി സംഗമിക്കും. തുടര്‍ന്ന് മൂന്നാമത്തെ പ്രദക്ഷിണ ശേഷം ദേവിയെ കളത്തില്‍ കുടിയിരുത്തി പാട്ടും വിശേഷാല്‍ പൂജകളുമായി കളംമായ്‌ക്കുന്നതോടെ ചടങ്ങ് അവസാനിക്കും.

ആദ്യ നാല് ദിവസം എട്ട്, അടുത്ത നാലു ദിവസം 16, പിന്നീട് മൂന്നു ദിവസം 32, അവസാന ദിവസം 64 കൈകളില്‍ ആയുധങ്ങളുമായി വാഹനമായ വേതാളത്തിന്റെ പുറത്തുകയറി വരുന്ന ഉഗ്രരൂപമാണ് കളത്തിലെഴുതുന്നത്. പഞ്ചവര്‍ണപ്പൊടിയില്‍ എഴുതുന്ന കളത്തിന്റെ വലതുഭാഗം ദേവചൈതന്യമായും ഇടതുഭാഗം അസുര ചൈതന്യമായും വിശ്വസിക്കപ്പെടുന്നു. അവസാന ദിവസം കളംമായ്‌ക്കല്‍ കഴിഞ്ഞു വലിയ ഗുരുതിയോടെ സമാപിക്കും. പുതുശ്ശേരി കുറുപ്പന്മാരിലെ കാരണവരായ പി.എന്‍. ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് ഇത്തവണ കളംവരയ്‌ക്കുക.

13നു സമാപിക്കുന്ന വടക്കുപുറത്തുപാട്ടിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ മാളിയേക്കല്‍, ഉമേഷ്‌കുമാര്‍, സുബിന്‍ എം. നായര്‍, എം.വി. സനില്‍ എന്നിവര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by