Kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്; ആളൊഴിഞ്ഞ മുറിയില്‍നിന്നും കഞ്ചാവ് കണ്ടെടുത്തു

Published by

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്. പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും പരിശോധന നടത്തുമെന്നാണ് വിവരം.

തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള സര്‍വകലാശാലയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടക്കുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കോളേജ് അടച്ചിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നല്‍ പരിശോധന ആരംഭിച്ചത്.

ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറയുന്നു. മുറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്‌സൈസ് തീരുമാനിച്ചത്.

കളമശേരിയില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്താകെ വ്യാപക പരിശോധന നടത്താനാണ് പൊലീസും എക്‌സൈസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by