തിരുവനന്തപുരം: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമായി മാറി എന്ന സംസ്ഥാന സര്‍ക്കാരിന്റെയും തലസ്ഥാന നഗരസഭയുടെയും വാദം പൊളിഞ്ഞു. മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലെ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എല്ലാം തന്നെ മാലിന്യമുക്തമായതായുള്ള പ്രഖ്യാപനവും വന്നു. 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞമാണ് ഇന്നലെ അവസാനിച്ചത്. പക്ഷെ നഗരത്തില്‍ ഇപ്പോഴും മാലിന്യം കുന്നുകൂടുകയാണ്.
മാലിന്യത്തിന് വിട, ശുചിത്വത്തിന്റെ വിജയാഘോഷം, ഇനി വൃത്തിയുള്ള കേരളം എന്ന തലക്കെട്ടോടെ പത്രങ്ങളില്‍ കോടികള്‍ മുടക്കി പരസ്യം നല്കി കൊട്ടിഘോഷിച്ച പ്രഖ്യാപനം കടലാസ്സില്‍ ഒതുങ്ങി. 2016ല്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ജില്ലാ ആസ്ഥാനങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ്. എന്നാല്‍ അധികാരമേറ്റ് ഒമ്പത് വര്‍ഷമായിട്ടും ഒരിടത്തുപോലും പാളാന്റുകള് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വഴിയരികിലെ ചപ്പുചവറുകളും മാലിന്യങ്ങളും ഒരു പരിധിവരെ നീക്കം ചെയ്തുവെങ്കിലും ജലാശയങ്ങളിലും തോടുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല. നഗരസഭയിലെ ആരാഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സന്റെ വാര്‍ഡിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോടിലെ കെട്ടിക്കിടന്ന മാലിന്യങ്ങള്‍ പോലും പൂര്‍ണ്ണമായും നീക്കാനായില്ല.
വിളപ്പില്‍ശാല മാലിന്യസംസ്കരണശാല പൂട്ടിയതിനു ശേഷം നഗരത്തില്‍ കൃത്യമായ മാലിന്യ നീക്കമുണ്ടായിട്ടില്ല. തലസ്ഥാനത്ത് ഹരിതകര്‍മ്മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കെട്ടിവച്ചിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്ന ഏജന്‍സിക്ക് കൃത്യമായി പണം നല്‍കാത്തതാണ് മാലിന്യം നീക്കം ചെയ്യാത്തതിന് കാരണം. ഹോട്ടല്‍ വേസ്റ്റുകളും വീടുകളില്‍ നിന്നുള്ള വേസ്റ്റുകളും നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിയാണ്. കിള്ളിയാര്‍ ഉള്‍പ്പടെയുള്ള നഗരത്തിലെ ജല സ്രോതസ്സുകളിലേക്ക് വരുന്ന മാലിന്യങ്ങള്‍ തടയാനുള്ള നടപടികളും നഗരസഭ സ്വീകരിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനായി തുമ്പൂര്‍മുഴി യൂണിറ്റ്, പൈപ്പ് കമ്പോസ്റ്റ്, കിച്ചണ്‍ബിന്‍, എംആര്‍എഫ് തുടങ്ങി നിരവധി വിവിധ പദ്ധതികള്‍ നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമല്ല. മാത്രമല്ല ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നതിന് വേണ്ടി മാത്രമാണ് ഇവയൊക്കെ നടപ്പാക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
അതേസമയം മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കാതെയുള്ള മാലിന്യ മുക്ത നഗരമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര് ഗോപന് പറഞ്ഞു. മാലിന്യമുക്ത കേരളമെന്നും നഗരസഭയെന്നും അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്ക് അവയില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളില്‍ നിന്ന് നിത്യവും മാലിന്യങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. അത് പരിഹരിക്കാനുള്ള ഒരു സംവിധാനവും ഭരണ കൂടത്തിനില്ല. മാലിന്യം ഒരു മനുഷ്യന്റെ ജീവനെടുത്ത നിര്‍ഭാഗ്യകരമായ സംഭവം നടന്നത് തലസ്ഥാന നഗരസഭയിലാണ്. അതിനുശേഷവും ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം പൂര്‍ണ്ണമായും നീക്കുന്നതില്‍ നഗരസഭാ ഭരണകൂടം അലംഭാവം പുലര്‍ത്തുകയാണെന്നും എം.ആര് ഗോപന് പറഞ്ഞു.
തലസ്ഥാന നഗരസഭ പ്രഖ്യാപിച്ചിരിക്കുന്ന മാലിന്യ മുക്ത നഗരം എന്നത് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് തിരുമല അനില്‍ പറഞ്ഞു. പന്നിഫാമുകളെ ആശ്രയിച്ചാണ് നഗരത്തിലെ മാലിന്യ സംസ്കരണം നടന്നിരുന്നത്. എന്നാല്‍ പന്നിഫാമുകള്‍ മിക്കതും പൂട്ടിക്കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. പിന്നെ എങ്ങോട്ടാണ് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ മാലിന്യമുക്തനഗരം എന്ന പ്രഖ്യാപനം മാത്രം നടത്തിയിട്ട് എന്ത് കാര്യമെന്നും അദ്ദഹം ചോദിച്ചു. തലസ്ഥാനത്തെ മാലിന്യം നീക്കം ചെയ്യുന്നതില്‍ നഗരസഭാ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്നും തിരുമല അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: