Kerala

എനിക്ക് ഇന്നും എന്നും ‘ഊരുവിലക്ക്’; ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്നവര്‍ ‘ടിപി 51’ ഓര്‍ക്കുന്നുണ്ടോ?

Published by

കോഴിക്കോട്: കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച സജീവമാകുമ്പോള്‍ മൊയ്തു താഴത്ത് സംവിധാനം ചെയ്ത ‘ടിപി 51’ എന്ന സിനിമ വീണ്ടും ചര്‍ച്ചയാകുന്നു. സിപിഎം അക്രമികള്‍ 51 തവണ വെട്ടി നിഷ്ഠുരമായി കൊല ചെയ്ത ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമായ ചിത്രത്തിന്റെ പ്രദര്‍ശനം സിപിഎമ്മുകാര്‍ തടസപ്പെടുത്തുകയും സംവിധായകനു നേരേ വധഭീഷണി ഉയര്‍ത്തുകയും ചെയ്തത് 2014ലാണ്. സംസ്ഥാനത്തുടനീളം 69 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീര്‍ ഉറപ്പുനല്കിയെങ്കിലും തിയേറ്ററില്‍ ബോംബ് വെക്കുമെന്ന സിപിഎം ഭീഷണിയില്‍ പ്രദര്‍ശനം തടസപ്പെടുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകകേസിലെ പ്രതി കൊടി സുനി ഒളിച്ചുതാമസിച്ച മുടക്കോഴി മലയെ ചിത്രീകരിക്കാന്‍ വിലങ്ങാട് മലയിലെത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുപതോളം കാറുകളിലെത്തിയ സംഘം ഷൂട്ടിങ് തടസപ്പെടുത്തിയത് മൊയ്തു താഴത്ത് ഓര്‍ക്കുന്നു. യുഡിഎഫ് ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കേ പോലീസിനെ നോക്കുകുത്തിയാക്കിയാണ് സിപിഎം അക്രമം കാട്ടിയതെന്ന് മൊയ്തു ജന്മഭൂമിയോട് പറഞ്ഞു. സിപിഎം ഭീഷണിയെ തുടര്‍ന്ന് 28 ആര്‍ട്ടിസ്റ്റുകള്‍ സിനിമയില്‍ നിന്ന് പിന്മാറി. ക്യാമറമാന്‍, ടെക്‌നീഷ്യന്‍മാര്‍, മേക്കപ്പ്മാന്‍ തുടങ്ങിയവരൊക്കെ ഭീഷണിയെ തുടര്‍ന്ന് പിന്‍വാങ്ങി.

ഭീഷണിയെ തുടര്‍ന്ന് താമസിച്ചിരുന്ന കണ്ണൂര്‍ താണയിലെ ഫഌറ്റില്‍ നിന്ന് ഇറക്കിവിട്ടു. ഇന്നത്തെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ നടപടി. സിനിമയോ പരസ്യമോ ഉള്‍പ്പെടെ ഒന്നുമെടുക്കാന്‍ ഇന്നും അനുവദിക്കുന്നില്ല. ടിപിയുടെ കഥയെടുത്തയാളെ ഒന്നിനും അനുവദിക്കരുതെന്ന നിലപാട് ഇന്നും വിടാതെ പിന്തുടരുന്നു, തികച്ചും അനാഥമായി, മൊയ്തു പറഞ്ഞു.

എമ്പുരാനായി ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്നവരാണ് എന്റെ സിനിമയെ ബോംബുഭീഷണി മുഴക്കി തടസപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിനിമയെ എന്നെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മൊയ്തു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി ഒടിടി റിലീസിങ്ങിന് ശ്രമിക്കുകയാണ് ‘ടിപി 51’ന്റെ അണിയറ പ്രവര്‍ത്തകര്‍.

ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സുരാസ് വിഷ്വല്‍ മീഡിയയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്ന ശിവജി ഗുരുവായൂര്‍ തന്നെയാണ് എമ്പുരാനിലും സമാന കഥാപാത്രമായി വരുന്നതെന്നത് യാദൃച്ഛികമെന്നും മൊയ്തു താഴത്ത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക