2025 മൂന്ന് മാസം പിന്നിടുമ്പോള്‍ ബോളിവുഡില്‍ പതിവുപോലെ കിതച്ചും ഇഴഞ്ഞും ഊതി വീര്‍പ്പിക്കുകയും ചെയ്തു ഉണ്ടാകുന്ന ഹിറ്റുകള്‍ക്കിടയില്‍ ഉയര്‍ന്ന ഒരു സിംഹഗര്‍ജനം ആയിരുന്നു ഛാവ. ലക്ഷ്മണ് ഉത്തരേക്കര്‍ സംവിധാനം ചെയ്ത ശിവാജി സാവന്തിന്റെ ഇതേപേരിലുള്ള കൃതിയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. റിലീസ് കഴിഞ്ഞ് നാലാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോള്‍ വിക്കി കൗശല്‍ നായകനാകുന്ന ഈ ചിത്രം 2025 ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി യാതൊരു വിധത്തിലുള്ള ഊതിപ്പെരുപ്പിക്കലും ഇല്ലാതെ നടന്നുകയറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ശിവജിക്ക് ശേഷം അധികാരത്തില്‍ വന്ന ശിവാജിയുടെ മൂത്ത പുത്രനായ സാംബാജിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചരിത്രത്താളുകളില്‍ സാംബാജിയെ നമ്മള് ആദ്യം കാണുന്നത്. ഛത്രപതി ശിവാജിയോടൊപ്പം മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ദര്‍ബാറില്‍ തലയുയര്‍ത്തി നീങ്ങുന്ന ഒന്‍പതു വയസ്സുകാരന് ആയിട്ടാണ്. ശിവാജിയുടെ മൂത്ത മകന് എന്ന നിലയില്‍ ഒരു ഭാവിഭരണാധികാരിക്ക് വേണ്ട എല്ലാ പരിശീലനവും നല്കിയിട്ടാണ് സാംബാജിയെ വളര്‍ത്തിക്കൊണ്ട് വന്നത്. നിരവധി ഭാഷകള്‍ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം, ആയുധ പ്രയോഗത്തിലും, മല്ലയുദ്ധത്തിലുമുള്ള മികവ്. ഇതെല്ലാം നേടിയെടുക്കാന്‍ ചെറുപ്രായത്തിലെ കഴിഞ്ഞതിനു പിന്നില്‍ ആ പരിശീലനമാണ്. എന്നാല്‍ ചരിത്രം അല്‍പ്പം കൂടി മുന്നിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ക്ക് സാംബാജിയെ കറുപ്പും വെളുപ്പും കൂടിക്കലര്‍ന്ന അവസ്ഥയില്‍ കാണാന്‍ കഴിയും. തന്റെ പിതാവായ ശിവാജിയുമായി തെറ്റുകയും, മുഗള്‍ സൈന്യ പക്ഷത്തുചേര്‍ന്ന് ശിവാജിക്കെതിരെ അല്ലെങ്കില്‍ മറാത്തകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പോലും സാംബാജി പങ്കെടുത്തു. തന്റെ മകനെ അടുത്ത രാജ്യാവകാശിയാക്കാനുള്ള ശിവാജിയുടെ രണ്ടാം ഭാര്യയായ സൊറാഭായിയുടെ ചരടുവലികളാണ് സാംബാജിയെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ടതെന്നും, അതല്ല തന്റെ പെരുമാറ്റംകൊണ്ട് പിതാവിന്റെ അപ്രീതിക്ക് പാത്രമായതെന്നും രണ്ടു വാദഗതികളുണ്ട്.
സത്യം എന്തുതന്നെ ആയാലും സ്വന്തം പിതാവിനെതിരെ തിരിയുകയും, സ്വരാജ്യത്തിനെതിരെയുള്ള യുദ്ധത്തില്‍ എങ്കിലും ശത്രുപക്ഷത്തുനിന്ന് പൊരുതിയ ഒരാളെ ‘ധരംവീര്‍’ എന്ന് ആദരവോടെ മറാത്താ ജനങ്ങള്‍ വിളിക്കുകയും, ഛത്രപതി ശിവാജിക്കു തുല്യമായ സ്ഥാനം കൊടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. അതിനുള്ള ഉത്തരം തിരഞ്ഞാല്‍ നമ്മള് എത്തിച്ചേരുന്നത് ശിവാജിയുടെ മരണശേഷം അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ഛത്രപതിയായ ശേഷമുള്ള ഒന്‍പതു വര്‍ഷത്തെ പോരാട്ടങ്ങളിലും, ഒടുവില്‍ ഔറംഗസേബിന്റെ തടവിലായ നാല്‍പ്പതു ദിവസത്തോളം നീണ്ടുനിന്ന മനഃസാക്ഷി മരവിപ്പിക്കുന്ന കൊടിയ പീഡനങ്ങളിലും തളരാതെ നിന്ന മനക്കരുത്തിന്റെ മുന്നിലും ആയിരിക്കും. ഇസ്ലാമിക ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ സാംബാജി എടുത്തുചാട്ടക്കാരനും മദ്യപാനിയുമായ ഒരു രാജാവായിട്ടാണ് വരച്ചുകാട്ടപ്പെടുന്നത്. എന്നാല്‍ ഈ പറയുന്ന സ്വഭാവവിശേഷങ്ങളുള്ള ഒരു രാജാവിന് എങ്ങനെ സര്‍വശക്തനായ മുഗള്‍ ചക്രവര്‍ത്തിക്ക് ഒന്‍പതു വര്‍ഷത്തോളം യുദ്ധഭൂമിയില്‍ തലവേദന സൃഷ്ട്ടിക്കാന്‍ കഴിയും? തടവിലായിട്ടും ഒറ്റയടിക്ക് കൊല്ലാതെ നാല്‍പ്പതു ദിവസം നരകയാതന അനുഭവിപ്പിച്ചു കൊല്ലാനുള്ള ദേഷ്യം എങ്ങനെ ഉണ്ടാകും? ഇതുപോലുള്ള ചോദ്യങ്ങള്‍ ഈ നിരീക്ഷണങ്ങള്‍ക്ക് എതിരെ ശക്തമായി ഉയരാറുണ്ട്. അതുപോലെ തന്നെ തന്റെ മകന് രാജാറാമിനുവേണ്ടി സംബാജിക്കു എതിരെ തുടക്കത്തില്‍ ഉപജാപങ്ങള്‍ നടത്തി എന്ന് പറയപ്പെടുന്ന സൊറാബായിയുടെ സഹോദരന് ആയിരുന്നു സാംബാജിയുടെ വലംകൈ യായി തുടക്കം മുതല്‍ പോരാട്ടത്തില്‍ ഉറച്ചു നിന്ന ഹംബിറാവു മോഹിതേ എന്നത് സാംബാജിയുടെ കഴിവുകളിലുള്ള മറാത്ത ജനതയുടെ വിശ്വാസത്തിനു ഉദാഹരണമാണ്. മറ്റു ഏതു രാജാവിനെ തോല്‍പ്പിക്കാനാണ് തന്റെ തലസ്ഥാനം പോലും വിട്ട് ഒരു ചക്രവര്‍ത്തിക്ക് ദീര്‍ഘകാലം പോരാട്ടത്തെ നയിക്കേണ്ട അവസ്ഥ വന്നിട്ടുള്ളതു എന്ന ചോദ്യവും പ്രസക്തമാണ്.
വിക്കി കൗശല്‍ നായക കഥാപാത്രമായ സാംബാജിയെ അവതരിപ്പിക്കുമ്പോള്‍ ഔറംഗസേബായി എത്തുന്നത് അന്തരിച്ച പ്രശസ്ത നടന് വിനോദ് ഖന്നയുടെ മകന് അക്ഷയ് ഖന്നയാണ്. സാംബാജിയുടെ ഭാര്യയായ യെശു ഭായി ആയി എത്തുന്നത് രശ്മിക മന്ദാന. നടന് അശുതോഷ് റാണ സാംബാജിയുടെ കുന്തമുനയായ ഹംബിറാവു മോഹിതേ ആയി എത്തുമ്പോള്‍ ദിവ്യ ദത്ത, വിനീത് കുമാര്‍ സിങ് തുടങ്ങി സിനിമാ-നാടക രംഗങ്ങളിലെ നിരവധി പ്രശസ്തര്‍ ഈ സിനിമയില്‍ നിരവധി ചരിത്ര കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്നു.
ശിവാജി സാവന്തിന്റെ നോവലിനെ അധികരിച്ച് രൂപപ്പെടുത്തിയതുകൊണ്ടാകാം ഈ ചിത്രം ആരംഭിക്കുന്നത് ഛത്രപതി ശിവാജിയുടെ മരണവാര്‍ത്ത ഔറംഗസേബിന്റെ ദര്‍ബാറില്‍ എത്തുന്നതോടെയാണ്. ഒരു രാജ്യസ്നേഹിയുടെ മനസ്സ് ആവേശഭരിതം ആകുന്ന നിരവധി രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. ഈ സിനിമയിലെ ന്യുനതകളെപോലും അവഗണിക്കാവുന്ന രീതിലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്കി കൗശല്‍ എന്ന നടന്റെ പ്രകടനം. ഒരര്‍ഥത്തില്‍ ഈ ചിത്രത്തെ ഒറ്റയ്ക്ക് ചുമലില്‍ ഏറ്റുകയാണ് ഈ നടന്. അതോടൊപ്പം എടുത്തുപറയേണ്ടത് ഔറംഗസേബിന്റെ വേഷം ചെയ്ത അക്ഷയ് ഖന്നയുടെ പ്രകടനമാണ്. ലൗഡ് എന്ന് പറയാവുന്ന പ്രകടനത്തിലൂടെ വിക്കി കൗശല്‍ വെള്ളിത്തിരയില്‍ നിറയുമ്പോള്‍ എതിര്‍വശത്തു തണുത്ത കണ്ണുകളും താഴ്ന്ന ശബ്ദവുമായി ക്രൂരതയുടെ തണുത്ത സ്പര്‍ശമായി ഔറംഗസേബിലൂടെ അക്ഷയ്ഖന്നയും ഒപ്പത്തിനൊപ്പം നില്ക്കുന്നു. ഒടുവില്‍ കൊടിയപീഡനങ്ങള്ക്കു മുന്നില്‍ പതറാതെ നില്ക്കുന്ന സംബാജിയെ കണ്ടു സ്വന്തം പരിചാരകന് ”നമ്മുടെ മണ്ണില്‍ ഇത്തരം പുഷ്പങ്ങള്‍ വിടരാത്തത് എന്ത് കൊണ്ടാണ്” എന്നു ചോദിക്കുമ്പോള്‍ മാത്രമാണ് സമനില തെറ്റുന്നത്. ഇതുപോലുള്ള ഒരു നിമിഷമാണ് എവിടെയാണ് നിന്റെ സ്വരാജ്യം എന്ന ഔറംഗസേബിന്റെ ചോദ്യത്തിന് തടവില്‍ ആക്കപ്പെട്ട് പീഡനങ്ങള്‍ക്ക് വിധേയനായി നില്ക്കുന്ന സാംബാജിയുടെ മറുപടി. തീയറ്ററില്‍ കരഘോഷം ഉയര്‍ത്തുന്ന ആ രംഗില്‍ അവസാനം ”ഞാന്‍ ഇല്ലെങ്കിലും സ്വരാജ്യം നിലനില്ക്കും. പക്ഷേ നിന്റെ കാലം കഴിഞ്ഞാല്‍ ഈ സാമ്രാജ്യം മണല്കൊട്ടാരംപോലെ തകരും” എന്ന സംബാജിയുടെ വാചകങ്ങള്‍ക്കു വല്ലാത്തൊരു പ്രവചന സ്വഭാവം ഉള്ളതായി കാണാം.
സംഭവബഹുലമായ ഒരു കാലഘട്ടത്തെ ഒരു ചലച്ചിത്രത്തിന്റെ രണ്ടര മണിക്കൂറില്‍ ഒതുക്കിനിര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും കാണിച്ച കയ്യടക്കം പ്രശംസനീയമാണ്. മാറാത്തകള്ക്കിടയില് ഏറെ പ്രശസ്തമായ സാംബാജിയുടെ സിംഹവുമായുള്ള പോരാട്ടം മികച്ച രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: