Categories: News

യുവാക്കളാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മോദി

Published by

നാഗ്പൂര്‍: യുവതലമുറയാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധവ് നേത്രാലയം പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആത്മവിശ്വാസമുള്ളവരാണ് ഭാരതത്തിന്റെ യുവതലമുറ. രാഷ്‌ട്ര നിര്‍മാണമെന്ന ആശയത്തില്‍ ആവേശം കൊണ്ട് അവര്‍ മുന്നേറുകയാണ്. 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിന്റെ പതാകയേന്തുകയാണ് അവരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രത്തിന്റെ ജീവിത മന്ത്രം ദേവനില്‍ നിന്നും സ്‌നേഹം രാമനില്‍ നിന്നും നമ്മള്‍ സ്വീകരിച്ചു. നമ്മള്‍ നമ്മുടെ കടമകള്‍ ചെയ്യുന്നത് തുടരുന്നു. അതുകൊണ്ടാണ് ജോലിയുടെ വലുപ്പ ചെറുപ്പമോ മേഖലയോ നോക്കാതെ സംഘത്തിന്റെ കാര്യകര്‍ത്താക്കള്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ശരീരം ജീവകാരുണ്യത്തിനും സേവനത്തിനുമായുള്ളതാണ്. സേവനം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാകുമ്പോള്‍ അത് സാധനയായി മാറുന്നു. ഈ സാധന ഓരോ സന്നദ്ധപ്രവര്‍ത്തകന്റെയും ജീവശ്വാസമാണെന്നും നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്നലെ രാവിലെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സ്വീകരിച്ചു.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരം സന്ദര്‍ശിച്ച അദ്ദേഹം ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍ സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറുടേയും സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും സന്നിഹിതരായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by