Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ 4 മുതല്‍ പാലക്കാട്

Published by

പാലക്കാട്: ഹിന്ദുഐക്യവേദിയുടെ 22-ാമത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 4, 5, 6 തീയതികളില്‍ പാലക്കാട് നടക്കും. ഹിന്ദു നേതൃസമ്മേളനം, മഹിളാസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയാണ് പരിപാടികളെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, ജന. സെക്രട്ടറി കെ.പി. ഹരിദാസ്, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍. പാര്‍ത്ഥസാരഥി, വര്‍ക്കിങ് ചെയര്‍മാന്‍ ജി. മധുസൂദനന്‍, ജന. കണ്‍വീനര്‍ പി.എന്‍. ശ്രീരാമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

4ന് രാവിലെ 10ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി പദ്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍ നിലവിളക്ക് തെളിയിക്കും. സംസ്ഥാനത്തെ 250ലധികം ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് 400ഓളം നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി വിഷയാവതരണം നടത്തും. 5ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കെ.പി. ശശികല ടീച്ചര്‍ പതാക ഉയര്‍ത്തും. കന്യാകുമാരി വെള്ളിമല വിവേകാനന്ദാശ്രമം സ്വാമി ചൈതന്യാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിക്കും.

ഉച്ചക്ക് ശേഷം 3ന് മൂത്താന്തറ ഉമാമഹേശ്വരി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മഹിളാ ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ജമുനാ കൃഷ്ണകുമാര്‍, ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ സംസാരിക്കും. വൈകിട്ട് 5ന് അവലോകന യോഗത്തില്‍ ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സംസാരിക്കും. സംഘടനാ ചര്‍ച്ചയില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ഭക്തവത്സലനും മഹിളാഐക്യവേദി സംഘടന ചര്‍ച്ചയില്‍ വത്സന്‍ തില്ലങ്കേരിയും സംസാരിക്കും.

6ന് രാവിലെ 10 പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ.പി. ഹരിദാസ്, ‘സാമൂഹ്യമാറ്റത്തിന്റെ പഞ്ചമുഖം, ഹിന്ദുഐക്യവേദിയുടെ ദൗത്യം’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

വൈകിട്ട് അഖിലഭാരതീയ സീമാജാഗരണ്‍ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ സമാപനസന്ദേശം നല്കും. ‘ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം, ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, സനാതനധര്‍മത്തിന് നേരെയുള്ള കടന്നുകയറ്റം, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൗജിഹാദ്, ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റവും ആഭ്യന്തര സുരക്ഷയും’ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഏപ്രില്‍ 1, 2, 3 തീയതികളില്‍ കോട്ടമൈതാനിയില്‍ വൈചാരികസദസ് നടക്കും. ഒന്നിന് വൈകിട്ട് 5.30ന് ‘വഴിതെറ്റുന്ന കേരളം – ദിശതെറ്റുന്ന യുവത’ എന്ന വിഷയത്തില്‍ നടക്കുന്ന വൈചാരിക സദസ് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ജ്യോതി ഗോപിനാഥന്‍, അഡ്വ. ടി.പി. സിന്ധുമോള്‍, ബി. അമൃത ബാബു പങ്കെടുക്കും. രണ്ടിന് അപകടകരമായ ആഭ്യന്തര സുരക്ഷ എന്ന വിഷയത്തിലുള്ള സദസ് മനോമിത്ര എംഡി ഡോ. സി.ഡി. പ്രേമദാസന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനിരീക്ഷകന്‍ എ.പി. അഹമ്മദ്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു വിഷയാവതരണം നടത്തും.

മൂന്നിന് വൈകിട്ട് 5.30ന് നടക്കുന്ന ‘സനാതനമായ – സനാതനധര്‍മം’ എന്ന വിഷയത്തിലുള്ള വൈചാപരിക സദസ് ഓലശ്ശേരി ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശന്‍, കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ സംസാരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by