പൂവാര്‍: ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പൂവാറില്‍ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് സമുദ്രയാന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മാണ ശാലകളുടെയും അറ്റകുറ്റപണി കേന്ദ്രങ്ങളുടെയും ക്ലസ്റ്റര്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ കേന്ദ്ര തുറമുഖ ഫിഷിംഗ് മന്ത്രാലയം കപ്പല്‍ശാല നിര്‍മിക്കാനാവശ്യമായ മൂവായിരം ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കിയതോടെയാണ് പൂവാറിന് പ്രതീക്ഷയേകുന്നത്.
ഇത് സംബന്ധിച്ച സൂചനകള്‍ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി നല്‍കിയതോടെ പൂവാറില്‍ കപ്പല്‍ നിര്‍മാണശാല യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം ബലപ്പെടുത്തുകയാണ് പ്രദേശവാസികള്‍. 2007ല്‍ തുടക്കമിട്ട കപ്പല്‍ നിര്‍മാണശാല പദ്ധതിക്ക് വിവിധ കാരണങ്ങളാല്‍ എങ്ങുമെത്തിയില്ല. ഇതിനായുള്ള പഠനങ്ങള്‍ നിരവധി നടത്തിയെങ്കിലും കേന്ദ്ര ഫിഷിംഗ് മന്ത്രാലയവും കൊച്ചിന് ഷിപ്പിയാര്‍ഡും നടത്തിയ പഠനങ്ങളും പൂവാര്‍ തീരത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തിയിരുന്നു. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ തീരത്തെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളുടെയും വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. 2013 ല്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി സാധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന് ഷിപ്പിയാര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു.അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണശാല പൂവാറില്‍ പ്രാവര്‍ത്തികമായാല്‍ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിനും അതോടൊപ്പം സംസ്ഥാനത്തിനും ലഭിക്കും. അതോടൊപ്പം നിരവധി തൊഴിലവസരങ്ങള്‍ ഇതിലൂടെ വന്നു ചേരും.
പ്രധാന നേട്ടങ്ങള്‍
- അന്താരാഷ്ട്ര സാഹചര്യം പരിശോധിക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏതന്‍സിനും സിംഗപ്പൂരിനും ഇടയ്ക്ക് അന്താരാഷ്ട്ര കപ്പല്‍പാതയില്‍ വേറെ കപ്പല്‍ നിര്‍മാണശാല ഇല്ലാത്തതിനാല്‍ ഏഷ്യയുടെ കവാടമായി പൂവാര്‍ മാറുമെന്ന് ചൂണ്ടികാട്ടുന്നു.
- പൂവാറിന് പകരം വെയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ല. തീരത്തോട് ചേര്‍ന്നുള്ള കടലിന് 24 മുതല്‍ 30വരെ മീറ്റര്‍ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വര്‍ഷം മുഴുവന്‍ കപ്പലുകള്‍ക്ക് വന്നു പോകാന്‍ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറഞ്ഞ തീരവുമാണ്.
- ഏകദേശം ഒന്നരകിലോമീറ്റര്‍ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിര്‍മാണത്തിന് അനുയോജ്യമായ തീരം പൂവാറിലുണ്ട്. നിര്‍മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാ കേന്ദ്രം വിഴിഞ്ഞത്തിന് സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: