നിലപാടുകളില്‍ അടിയുറച്ചു മുന്നോട്ടു പോകുന്ന ശീലം സിപിഎം എന്ന പാര്‍ട്ടിക്കില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒന്നര മാസമായി ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ രാപകല്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അവര്‍ കൈക്കൊള്ളുന്ന നിഷേധാത്മകവും അഹങ്കാരം മുറ്റുന്നതുമായ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാന്‍ മുഖ്യ കാരണഭൂതരായത് മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് വീടുവീടാന്തരം കയറിയിറങ്ങി ആരോഗ്യപ്രതിരോധം സാധ്യമാക്കിയ ആശാപ്രവര്ത്തകരായിരുന്നു. സ്വന്തം ജീവനേക്കാള്‍ അപരസൗഖ്യം ഉയര്‍ത്തിപ്പിടിച്ച അവരാണ് ”ഏത് ആപത്തുകാലത്തും സര്‍ക്കാര്‍ കൂടെയുണ്ടെ”ന്ന വിശ്വാസം അടിത്തട്ടില്‍ ഉറപ്പിച്ചത്. അവരെത്തന്നെയാണ് ഇന്നീ ഇടതുപക്ഷ ഭരണകൂടം അവമതിക്കുന്നത്.
2014 ഡിസംബര്‍ എട്ടിന് നിയമസഭയില്‍ എളമരം കരീം ആശാപ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ഓണറേറിയമായി പതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അന്നദ്ദേഹം പ്രതിപക്ഷത്തായിരുന്നു. പത്തു വര്‍ഷം കഴിയുമ്പോള്‍, അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണയും ഭരണം തുടരവേയാണ് ആശാപ്രവര്‍ത്തകരെ പാട്ടപ്പിരിവ് നടത്തുന്നവരെന്ന് അദ്ദേഹം തന്നെ പരിഹസിച്ചത്. മൂന്ന് മാസമായി ശമ്പള കുടിശ്ശിക കൊടുക്കാനുള്ളപ്പോഴാണ് ഈ സമരം തുടങ്ങിയത്. (സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കുടിശ്ശിക തീര്‍ത്തു കൊടുക്കണമെന്നാണ്). അങ്ങനെ ശമ്പളം കിട്ടാത്ത, വീട്ടില്‍ കാര്യമായൊരു നീക്കിയിരുപ്പുമില്ലാത്ത സമരക്കാര്‍ കഞ്ഞിക്കും പയറിനും വേണ്ടി അഭ്യുദയകാംക്ഷികളുടെയടുത്ത് പാട്ടയുമായി പിരിവെടുക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ചാക്ക് രാധാകൃഷ്ണന്മാരും സാന്റിയാഗോ മാര്ട്ടിന്മാരും തുടങ്ങി കരിമണല്‍ കര്ത്താവരെയും നാടുനീളെയുള്ള സഹകരണ സംഘങ്ങളും ക്വാറികളും സെല്‍ ഭരണവും ഒക്കെ ഒക്കത്തുള്ള സിപിഐഎമ്മിന് പാര്‍ട്ടി കോണ്‍ഗ്രസ് പോലും ആര്‍ഭാടമായി നടത്താന്‍ ഫോണ്‍ കോളുകള്‍ മാത്രം മതിയെന്നിരിക്കേ, നിസാര തുക ദിവസക്കൂലി വാങ്ങുന്നവര്‍ വഴിപോക്കരോട് പാട്ടപ്പിരിവ് നടത്തുന്നത് കാണുമ്പോള്‍ ഓക്കാനം വരുന്നത് സ്വാഭാവികമാണ്. ഭാരതത്തിലെ ഏറ്റവും വലിയ ഇടതുതൊഴിലാളി പ്രസ്ഥാനത്തിന്റെ ദേശീയാധ്യക്ഷന്‍ കൂടിയായ സഖാവ് എളമരത്തിന് പാട്ടകിലുക്കം അരോചകമാവുന്നുണ്ടെകില് അത് സിപിഎമ്മിലെ നയവ്യതിയാനങ്ങളുടെ പ്രതിഫലനമാണ്.
”ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ മുന്നണിപ്പട” സംസ്ഥാനം ഭരിക്കുമ്പോള്‍, അവരുടെ ലെനിനിസ്റ്റ് അച്ചടക്കം വിളിച്ചോതുന്ന ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും നടക്കുമ്പോള്‍, ന്യായമായ കൂലിക്ക് വേണ്ടി തൊഴിലാളികള്‍ സമരം ചെയുന്നത് അവര്‍ക്ക് ക്ഷീണമാകും! അതാകും സമരത്തെ കുറ്റപ്പെടുത്തിയും കുറ്റം ചുമത്തിയും കൂക്കി വിളിച്ചും അവര്‍ തള്ളിക്കളഞ്ഞത്. അതിനായി ‘അധികാരവിപ്ലവം നടത്തുന്ന’ തൊഴിലാളിപ്പട ചുട്ടെടുത്ത എല്ലാ വാദങ്ങളും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നതും ഈ ദിവസങ്ങളില്‍ കണ്ടു.
‘തെരുവിലെ രക്തം കാണാന്‍’ ആഹ്വാനം ചെയ്ത പാര്‍ട്ടിക്കിന്ന് തെരുവില്‍ അണികളില്ല; സൈബറിടത്തിലാണ് ഇന്നവര്‍ മുഷ്ടി ചുരുട്ടി ആയുധവിപ്ലവത്തിനാഹ്വാനം ചെയ്യുന്നത്. അവര്‍ തന്നെയാണ് ഇത്തവണയും പാര്‍ട്ടിയുടെ ചാവേറുകളായി ആശാസമരത്തെ ആക്രമിച്ചത്. സ്ത്രീകളായതു കൊണ്ടും സ്ഥലം കേരളതലസ്ഥാനമായതു കൊണ്ടുമാകും ചെമ്പടക്കാരാരും തങ്ങളുടെ കായികശേഷി സമരക്കാരുടെ നേര്ക്കെടുക്കാന് ശ്രമിക്കാത്തത്. പാര്‍ട്ടി ചാവേറുകളുടെ ആദ്യാക്രോശം ആശക്കാര് തൊഴിലാളികളല്ല എന്നായിരുന്നു. സാങ്കേതികമായി അത് ശരിയാണ്. പക്ഷെ, സര്‍ക്കാര്‍ റിപ്പോര്‍ട്ടിലും പാര്‍ട്ടിപ്പത്രത്തിലും ഒക്കെ ആശക്കാരുടെ അദ്ധ്വാനത്തെപ്പറ്റി അനവധി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും, അവര്‍ക്കായി സിഐടിയുവില്‍ അംഗത്വമുള്ള ട്രേഡ് യൂണിയന് (ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്) ഉണ്ടായിട്ടും, സാങ്കേതികത മാത്രം ഉയര്‍ത്തിപ്പിടിച്ച് അധ്വാനത്തിന്റെ രാഷ്ട്രീയത്തെ അപഹസിക്കുന്ന പാര്‍ട്ടി സമീപനം അങ്ങേയറ്റം പുച്ഛമുളവാക്കുന്നു.
സെല്‍ ഭരണത്തിന്റെ ക്രൂഷ്ചേവുമാര് ഉയര്‍ത്തിയ മറ്റൊരാരോപണം ആശമാരുടെ പ്രതിഫലം ഉയര്‍ത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ്. 2005ല്‍ എന്‍എച്ച് ആര്‍എമ്മിന് കീഴില്‍ തുടങ്ങിയ പദ്ധതിക്ക് കേവലം അഞ്ഞൂറ് രൂപ മാത്രമായിരുന്നു പ്രതിഫലം. പക്ഷെ അന്നൊന്നും ദിവസം മുഴുവനോ ആഴ്ചയില്‍ എല്ലാ ദിവസമോ ജോലി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഗ്രാമങ്ങളില്‍ പ്രസവ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന ജോലിയേ അന്നുണ്ടായിരുന്നുള്ളൂ. പിന്നീട് ഈ സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യം മുഴുവന്‍ ഉപയോഗപ്പെടുത്തി. വെറുതെയല്ല; സംസ്ഥാനങ്ങളും ഓണറേറിയം നല്കി. പുതിയ പുതിയ ഉത്തരവാദിത്തങ്ങള്‍ അവരുടെ തലയില്‍ വെച്ചു. കേരളത്തിലെ ഒരു ആശാപ്രവര്‍ത്തകയ്ക്ക് 43 വ്യത്യസ്ത ചുമതലകളുണ്ട്. 24 മണിക്കൂറും പ്രവര്ത്തനസജ്ജരായിരിക്കേണ്ട ആശമാര്‍ക്ക് പൊതുഅവധി ദിവസമോ ലീവോ ഹാജര്‍ പുസ്തകമോ പോലുമില്ല. ദിവസവും പത്തുപന്ത്രണ്ട് മണിക്കൂര്‍ ഫീല്‍ഡില്‍ പണിയെടുത്ത് ബാക്കി സമയം അന്നന്നത്തെ റിപ്പോര്‍ട്ടെഴുതി ടൈപ്പ് ചെയ്ത് അയച്ചു കൊടുക്കണം. ഇതിനിടെ വീട്ടുപണിയും ചെയ്യണം. എന്നിട്ടും കേരളത്തിലെ ആശമാര്‍ക്ക് ഒരു ദിവസം കിട്ടുന്നത് 232 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് (?) കാരണം ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇവരുടെ ജോലിഭാരം കുറച്ചു കൂടെ? അതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തണോ?
ആശാപ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ തോമസ് ഐസക്ക് മുതല്‍ വീണാ ജോര്‍ജ്ജ് വരെയുണ്ട്. മന്ത്രി ആര്. ബിന്ദു ഒരു പടി കൂടി കടന്ന് ”കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം” എന്ന് എടുത്തു പറഞ്ഞു. രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന, മാസാവസാനം കടത്തിന് മേല്‍ കടം വാങ്ങുന്ന ഈ സാധാരണക്കാര്‍ ദല്‍ഹിയില്‍ പോയി എങ്ങനെ സമരം ചെയ്യുമെന്നാണ് ഈ വിപ്ലവസിംഹങ്ങള്‍ വിഭാവനം ചെയ്യുന്നത്? പിന്നെയുള്ള സംശയമെന്തെന്നാല്‍ നാട്ടുകാരുടെ പരിവട്ടങ്ങള്‍ അവര്‍ നേരിട്ട് തന്നെ കേന്ദ്രത്തില്‍ അറിയിച്ചാല്‍ മതിയെങ്കില്‍ പിന്നെയെന്തിനാണ് സംസ്ഥാന സര്‍ക്കാരുകള്‍! എത്രയൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും, നാട്ടുകാരുടെ പരാതികള്‍ കൃത്യമായും വ്യക്തമായും അധികാരത്തിന്റെ ഉന്നതവൃത്തങ്ങളില്‍ എത്തിക്കാനും, വേണ്ട പരിഹാരങ്ങള്‍ നേടിയെടുക്കാനും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
അടുത്ത ഭരണകൂടപരാതി ഈ സമരം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സ്പോണ്സര് ചെയ്തതാണെന്നുമാണ്. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല, എലിയെ പിടിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്ന് പ്രസംഗിക്കുന്നവരാണ്. പൊതുശത്രുവിനെതിരെ ഒന്നിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി വിശാല രാഷ്ട്രീയൈക്യം വേണമെന്ന് ആഹ്വാനം ചെയ്യുന്നവരാണ്. സഖാവിന്റെ വാക്കിന് കീറിയ ചാക്കിന്റെ വിലയല്ലേ ഉള്ളൂ! ഇവിടെ ഉന്നയിക്കേണ്ട യഥാര്‍ത്ഥ ചോദ്യം ആശാപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ടോ ഇല്ലയോ എന്നതാണ്. അവര്‍ക്ക് കൂലി കുറവാണോ? ആണ്. കുടിശ്ശിക ഉണ്ടോ? ഉണ്ട്, മൂന്ന് മാസത്തെ കുടിശ്ശിക. ജോലിഭാരം കൂടുതലാണോ? ആണ്. അധിക ആനുകൂല്യങ്ങള്‍ക്കായി പഞ്ചായത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും മുന്നില്‍ തല കുനിക്കേണ്ടതുണ്ടോ? ഉണ്ട്. പിരിച്ചുവിടുമ്പോള്‍ എന്തെങ്കിലും മാന്യമായ പാരിതോഷികമോ പെന്‍ഷനോ ഉണ്ടോ? ഇല്ല. എന്നുവെച്ചാല്‍ അനിശ്ചിതത്വം നിറഞ്ഞു നില്ക്കുന്ന ജോലിയാണ് ആശമാര്‍ ചെയ്യുന്നത്. എങ്കില്‍പ്പിന്നെ അവര്‍ സമരം ചെയ്യുന്നത് ന്യായമല്ലേ! സമരചരിത്രഗാഥകള് പാടി നടക്കുന്ന ചുവപ്പന്മാര്ക്ക് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ലേ?
ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. അതുകൊണ്ടാണല്ലോ അഞ്ഞൂറ് രൂപയില്‍ നിന്ന് ഏഴായിരമായി ഓണറേറിയം ഉയര്‍ത്തിയെന്ന് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് 25000 ആക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നുണ്ട്. 21000 ആക്കുമെന്ന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും പറയുന്നുണ്ട്. അതെല്ലാം കേന്ദ്രത്തെക്കൊണ്ട് കൊടുപ്പിക്കാമെന്നാണോ കരുതിയത്? അതുമല്ല, പുതിയ കാര്‍ വാങ്ങാനും ഡിഎയും പിഎസ്സി പ്രഭുക്കന്മാരുടെ ശമ്പളം സ്വപ്നസമാനമാക്കാനും വിപ്ലവസര്ക്കാരിന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നില്ലല്ലോ!
ആശാപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് കൊണ്ടുവന്നതത്രേ. രാജ്യത്ത് ഏറ്റവുമധികം ഓണറേറിയം അവര്‍ക്ക് നല്‍കുന്നത് കേരളമാണത്രേ! മാത്രമല്ല, അത് പൂര്‍ണ്ണമായി ലഭിക്കാനായി നേരത്തെയുണ്ടായിരുന്ന എല്ലാ വ്യവസ്ഥകളും നീക്കം ചെയ്തിട്ടുണ്ടത്രെ! പക്ഷെ, സത്യമതല്ല. സിക്കിമില്‍ ഓണറേറിയം പതിനായിരമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കുറവാണെങ്കിലും, കേരളത്തിലെ ജീവിതച്ചെലവുകള്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ കൂടുതലാണ്. അതുകൊണ്ടു തന്നെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ നേരിയ കൂടുതലില്‍ വേതനം നിശ്ചയിക്കുന്നതില്‍ അര്‍ത്ഥമില്ല. വാര്‍ഷികാടിസ്ഥാനത്തില്‍ നിരന്തരം പുതുക്കപ്പെടുകയാണ് വേണ്ടത്.
കേരളത്തില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലായി 26,448 ആശാപ്രവര്‍ത്തകരാണുള്ളത്. ഏതാണ്ട് 1300 പേര്‍ക്ക് ഒരു ആശാപ്രവര്ത്തകയുണ്ട്. നഗരങ്ങള്‍ക്ക് പുറത്ത്, പ്രത്യേകിച്ചു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും, ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ ഇവര്‍ക്ക് സുപ്രധാനസ്ഥാനമാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍, പ്രാദേശികാരോഗ്യവും സാമൂഹികക്ഷേമവും സാധ്യമാക്കാന്‍ ആശാപ്രവര്‍ത്തകര്‍ നല്കുന്ന സേവനങ്ങള്‍ അദ്വിദീയമാണ്. പൂര്‍ണ്ണ ജനാധിപത്യത്തിന്റെ സാക്ഷാത്കരണം യാഥാര്‍ഥ്യമാക്കാന്‍ അവരുടെ സംഭാവനകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. അന്തസ്സായി അവര്‍ക്ക് തൊഴിലില്‍ തിരികെ പ്രവേശിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് സംസ്ഥാന ഭരണകൂടം തോല്‍ക്കുകയല്ല; പകരം കാലോചിതമായ ജനകീയാവശ്യങ്ങളെ അംഗീകരിക്കുകയും ഏറ്റെടുക്കുകയുമാണ്.
(പിറവം ചിന്മയ വിശ്വവിദ്യാപീഠ് കല്പിത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: