കേരളത്തിലെ കാര്‍ഷിക മേഖല കഴിഞ്ഞ പത്തുവര്‍ഷങ്ങളായി വളര്‍ച്ചാനിരക്കില്‍ നെഗറ്റീവ് സൂചികയിലാണ്. ഭാരതത്തില്‍ ഇത്തരത്തില്‍ നെഗറ്റീവ് സൂചികയുള്ള ഏകസംസ്ഥാനവും കേരളമാണ്. കൃഷിയും അനുബന്ധമേഖലകളും 2.2 ശതമാനം എന്നാണ് വളര്‍ച്ച കാണിക്കുന്നത്. വിളകളുടെ കാര്യം മാത്രം പരിശോധിച്ചാല്‍ അത് 3.6 ശതമാനമാണ്. സംസ്ഥാന മൂല്യവര്‍ദ്ധനവിലെ കാര്‍ഷിക മേഖലയിലെ നഷ്ടം 7575 കോടി രൂപയും കൃഷി/അനുബന്ധമേഖലകളിലായി 8024 കോടി രൂപയുമായിരുന്നു. കൃഷിയെ ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന ഓരോ കേരളീയ കര്‍ഷക കുടുംബത്തിന്റെയും പ്രതിമാസവരുമാനത്തില്‍ 574 രൂപയുടെ കുറവുണ്ടായി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ കൊണ്ട് പ്രയോജനമില്ല. അതിന് സൂക്ഷ്മമായ പഠനവും ആസൂത്രണവും വേണം.
മണ്ണും ജലവും വായുവും അമിതമായി മലിനീകരിക്കപ്പെട്ടു. മാലിന്യത്തിന്റെ പ്രധാന ഉറവിടവും മനുഷ്യരാണ്. സ്വാഭാവിക പോഷകങ്ങളുടെ കുറവ് മണ്ണിലുണ്ട്. 90 ശതമാനം മണ്ണും അമ്ലമയമാണ്. കാര്‍ഷിക വളര്‍ച്ചാനിരക്കിനെ ബാധിക്കുന്ന പ്രധാനകാരണം ഉല്പാദന ക്ഷമതയുടെ കുറവാണ്. സ്വാഭാവിക പോഷകങ്ങളുടെ കുറവും അശാസ്ത്രീയ വിളപരിപാലന രീതികളും കനത്ത പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ജൈവ കാര്‍ബണിക ഘടകങ്ങളുടെ ഒലിച്ചുപോക്കുമെല്ലാം മണ്ണിന്റെ ഫലഭൂയിഷ്ഠതയെ കുറയ്‌ക്കുന്നു. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സംവിധാനങ്ങളും പാക്കേജും കാര്‍ഷിക കേരളത്തില്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഭൂവിനിയോഗത്തെ സംബന്ധിച്ച് കൃത്യമായ തരംതിരിവും (കൃഷി, ഗൃഹങ്ങള്‍, വ്യാവസായികാവശ്യം, വിനോദ സഞ്ചാരാവശ്യം കന്നുകാലിത്തൊഴുത്തുകള്‍ എന്നിങ്ങനെ) ആസൂത്രണവും അതിനുള്ള നിയമ നിര്‍മാണവും വേണം. തരിശുഭൂമികളുടെ ഉപയോഗം സംബന്ധിച്ച് ഉടമസ്ഥരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. കാര്‍ഷിക ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണ ശാലകളില്‍ നിന്നിറങ്ങി കൃഷിയിടങ്ങളിലേക്ക് വരണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകളും കാലാകാലങ്ങളിലുള്ള വിളപരിവര്‍ത്തനവും അപഗ്രഥിച്ചു പ്രായോഗികമാക്കാന്‍ ഇന്നു നിലവിലുള്ള കൃഷിഭവന്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. അതിനുപകരം തദ്ദേശീയമായ കാര്‍ഷികാസൂത്രണ സമിതികള്‍ ഉണ്ടാകണം. അത് രാഷ്‌ട്രീയമുക്തവും കര്‍ഷകപ്രാതിനിധ്യം ഉറപ്പാക്കുന്നതുമായിരിക്കണം.
സമര്‍ത്ഥമായ ജല മാനേജ്‌മെന്റിന്റെ അഭാവം
കേരളത്തിലെ 44 നദികളും ഉപനദികളും വഹിച്ചുകൊണ്ടുവരുന്ന ജലത്തിന്റെ ഭൂരിഭാഗവും ഉപയോഗമില്ലാതെ ഒഴുകിപ്പോവുകയാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും സമഗ്രവും സമര്‍ത്ഥവുമായുള്ള ഒരു ജല മാനേജ്‌മെന്റ് സംവിധാനം രൂപപ്പെടുത്താന്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കാലാകാലങ്ങളില്‍ വൈദ്യുതിക്കും കുടിവെള്ളത്തിനും കാര്‍ഷിക ജലത്തിനുമെല്ലാം കേഴുന്ന ഒരു സമൂഹമാണ് ഇവിടുത്തേത്. കേരളം ജലസമൃദ്ധമാണ്. എന്നാല്‍ ജലത്തിന്റെ സുഭിക്ഷത നമുക്ക് ഇന്നും അന്യമാണ്. ഉപരിതലജല സ്രോതസുകളെപ്പോലെ ഭൂഗര്‍ഭജലവും മലിനപ്പെട്ടു. വന്‍കിട കുടിവെള്ള കമ്പനികള്‍ക്കും മദ്യനിര്‍മാണ കമ്പനികള്‍ക്കും ജലം ചൂഷണം നടത്താന്‍ അനുവാദം കൊടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍.
കേരളത്തിലെ നദികളുടെ ആകെ ജലശേഷി 77,900 ദശലക്ഷം ഘനമീറ്ററാണ്. അതില്‍ 47,200 ദശലക്ഷം ഘനമീറ്റര്‍ ജലം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കേരളത്തിലെ എല്ലാ നദികള്‍ക്കും സമ്പൂര്‍ണ്ണമായ നദീതട പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അതില്‍ ഭൂമിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിവിധ മേഖലകളിലെ വിദഗ്ധന്മാരുടെ സേവനം ഉറപ്പുവരുത്തണം. ഒപ്പം ഓരോ നദികളുമായി ചേര്‍ന്നു കിടക്കുന്ന നാട്ടറിവുകള്‍ മനസ്സിലാക്കി അവ പ്രയോജനപ്പെടുത്തണം. ഈ നദീതടങ്ങളിലെ വലിയ പദ്ധതികളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ അതതു പ്രദേശത്ത് ജലപദ്ധതികള്‍ക്ക് രൂപം കൊടുക്കേണ്ടതുണ്ട്.
ഭൂപ്രകൃതിയേയും, മണ്ണിന്റെ ഘടനയേയും, സ്വഭാവത്തേയും അടിസ്ഥാനപ്പെടുത്തി അതതു മേഖലകളില്‍ ഒരുവിള പദ്ധതി രൂപപ്പെടുത്തണം. അതില്‍ പ്രാദേശികമായി കൃഷി ചെയ്യാന്‍ കഴിയുന്ന വിളകളുടെ വിശദ വിവരങ്ങളോടൊപ്പം കൃഷിഭൂമികളുടെ സംരക്ഷണം, ബണ്ടുകളുടെ നിര്‍മ്മാണം, വന്യജീവി ആക്രമണം തടയല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടേണ്ടതുണ്ട്. ലഭ്യമായ ജലത്തെ പൂര്‍ണ്ണമായും ഉപയോഗിക്കാനും മണ്ണില്‍ ജലംനിറച്ച് ഭാവി സുരക്ഷിതമാക്കാനും കഴിയണം. ജലം പ്രാണനാണ് എന്ന ഋഷിവചനം മറക്കാതിരിക്കുക.
വായൂ മലിനീകരണം തടയാന്‍ കെല്പുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തുന്ന കര്‍ഷകര്‍ ത്യാഗസമ്പന്നമായ പ്രവര്‍ത്തിയിലൂടെ ലോകത്തിന് ജീവവായു പ്രദാനം ചെയ്യുകയാണ്. 1952 ലെ ദേശീയ വനനിയമം അനുസരിച്ച് ആകെ ഭൂപ്രദേശത്തിന്റെ 33 ശതമാനം വനപ്രദേശമായി സംരക്ഷിച്ചാല്‍ മാത്രമേ പരിസ്ഥിതി സുരക്ഷയും ജലസമൃദ്ധിയും ഉറപ്പാക്കാന്‍ കഴിയൂ. ഒരു ഹെക്ടര്‍ വനം 30,000 ഘന കിലോലിറ്റര്‍ മഴവെള്ളത്തെ ഉള്‍ക്കൊള്ളും. ഒരു ഹെക്ടര്‍ വയല്‍ ശരാശരി 3 ലക്ഷം ലിറ്റര്‍ ജലമാണ് സംഭരിക്കുന്നത്. വികലമായ കാര്‍ഷിക വിനിയോഗ രീതികളും ചൂഷണവും ജലത്തേയും പരിസ്ഥിതിയേയും തകര്‍ക്കുമെന്ന് മറക്കരുത്. നികത്തിക്കളഞ്ഞ വയലേലകളിലെ ജലസംഭരണം ഇല്ലാതായതാണ് കേരളത്തിലെ വെള്ളപ്പൊക്കങ്ങള്‍ക്ക് പ്രധാന കാരണമായത്.
മണ്ണറിവും വിത്തറിവും
മണ്ണും ജലവും പരിസ്ഥിതിയും കൂട്ടിപ്പിടിച്ചുകൊണ്ടുള്ള കാര്‍ഷിക ജീവിതം ഭാരതത്തിന്റെ കൃഷിദര്‍ശനമാണ്. അതിന് ഈ നവീന കാലഘട്ടത്തില്‍ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ല. പലവിധ കാരണങ്ങളാല്‍ കടന്നുവന്ന കീടനാശിനികളും രാസവളങ്ങളും അന്തകവിത്തുകളും നമ്മെ ഒന്നമ്പരപ്പിച്ചെങ്കിലും നാം നമ്മുടെ തനതു കാര്‍ഷിക സമ്പ്രദായത്തെ തിരിച്ചുപിടിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് പ്രത്യാശ നല്‍കുന്നു. മണ്ണിലെ കൂടുതലായുള്ള അംമ്ലാംശത്തേയും ലവണാംശത്തേയും ദൂരീകരിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, ബോറോണില്‍ തുടങ്ങിയ പോഷകഘടകങ്ങളുടെ കുറവിനെ പരിഹരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതിന് ആധുനിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നവയും ഉന്നത രോഗപ്രതിരോധ ശേഷിയുള്ളവയും മികച്ച വിളവു തരുന്നവയുമായ വിത്തിനങ്ങള്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതാണ്. അതിന് ഭരണകൂടങ്ങള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണം. തദ്ദേശീയ സീഡ് ബാങ്കുകള്‍ രൂപീകരിക്കണം.
നെല്‍ക്കര്‍ഷകര്‍ക്ക് കാര്‍ഷിക കലണ്ടര്‍ അനുസരിച്ചുള്ള കൃഷി ഇപ്പോള്‍ സാധ്യമല്ലാതായി. ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക ക്രമീകരണങ്ങള്‍ ഇപ്പോള്‍ പ്രസക്തമായിത്തീര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തെ മുന്‍കൂട്ടി കര്‍ഷകരിലെത്തിക്കാനുള്ള സംവിധാനം വേണം. എങ്കിലേ പ്രകൃതി ദുരന്തങ്ങളെ ഒരു പരിധിവരെയെങ്കിലും നേരിടാനാവൂ. ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള മുന്നൊരുക്കം നടത്താനും ഇതാവശ്യമാണ്. സാറ്റലൈറ്റ് സംവിധാനത്തെ കാര്‍ഷികകാര്യത്തിന് കേരളത്തില്‍ പൂര്‍ണ്ണ തോതില്‍ ഉപയോഗപ്പെടുത്തണം. കീടപ്രതിരോധശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള വിത്തിനങ്ങള്‍ വ്യാപകമായി കൃഷിചെയ്യപ്പെടണം. ഒപ്പം മൂപ്പുകുറഞ്ഞതും കൂടിയതുമായ വിത്തിനങ്ങള്‍ വേണം. മൂന്നുമാസത്തില്‍ താഴെ മാത്രം മൂപ്പുള്ള നെല്‍ വിത്തിനങ്ങള്‍ കേരളത്തിലെ കാര്‍ഷിക കാലാവസ്ഥയ്‌ക്ക് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയ്‌ക്കനുസരിച്ചുള്ള പ്രത്യേക സോണുകള്‍ കൃത്യമായി രൂപപ്പെടേണ്ടതുണ്ട്. വിവിധ കാര്‍ഷിക മേഖലകളിലെ കാര്‍ഷിക സമ്പ്രദായങ്ങളുടെ ഡേറ്റയും പരമ്പരാഗത ശൈലികളും കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ കൂടുതല്‍ അവസരമൊരുക്കണം.
(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അദ്ധ്യക്ഷനും പ്രമുഖ കാര്‍ഷിക സംരംഭകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: