കൊച്ചി: ലോകത്തില്‍ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഭാരതത്തിലാണെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണകേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും തിരിക്കുന്ന സംവിധാനമില്ല. എല്ലാവരും ഭാരതീയരാണ്. ജന്മംകൊണ്ടും സംസ്‌കാരം കൊണ്ടും അവരുടെ പൂര്‍വീകര്‍ ഒന്നാണ്. അവര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവില്ല. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന കാര്യം ലോകത്തെല്ലാവര്‍ക്കും അറിയാവുന്നതാണ്.
കേരളത്തില്‍ ബിജെപിക്ക് സംഘടനാ സെക്രട്ടറിയെ നല്കണമെന്ന കാര്യം ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. ആവശ്യം വന്നാല്‍ അപ്പോള്‍ തീരുമാനിക്കും. ബിജെപിയുടെ സംഘടനാകാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ല. ബിജെപിക്ക് ബൂത്ത്തലം മുതല്‍ ഭാരവാഹികളെ നിശ്ചയിക്കുന്ന സംവിധാനമുണ്ട്. സംസ്ഥാന സമിതി ചേര്‍ന്നാണ് ഏകകണ്ഠമായി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതില്‍ ആര്‍എസ്എസിന് ഒരുതരത്തിലുള്ള റോളുമില്ല. അഞ്ച് ഘടകങ്ങളെ ആശ്രയിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പൗരധര്‍മത്തില്‍പ്പെട്ടതാണ് പരമാവധി ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് വോട്ട് ചെയ്യിപ്പിക്കുകയെന്നത്. ഇത് ശക്തമായ ജനാധിപത്യത്തിന് ആവശ്യമാണ്.
ലോകത്തിലെ എല്ലാ വിഷയങ്ങളും ആര്‍എസ്എസ് ചര്‍ച്ച ചെയ്യാറില്ല. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തിലൂടെ വരുന്നവരാണ് പ്രവര്‍ത്തകരാകുന്നത്. സംഘത്തെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ആ വിഭാഗത്തെക്കൂടി ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനമായിരിക്കും ശതാബ്ദി വര്‍ഷത്തിലുണ്ടാകുക. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്ഷേത്ര സംരക്ഷണ സമിതിയാണ് കൈകാര്യം ചെയ്യാറെന്നും എല്ലാ കാര്യത്തിലും ആര്‍എസ്എസ് അഭിപ്രായം പറയാറില്ലെന്നും പ്രാന്ത കാര്യവാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: