Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കൈയില്‍ പണമില്ല; വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published by

തിരുവനന്തപുരം: കടുത്ത എതിര്‍പ്പുയര്‍ത്തിയെങ്കിലും ഒടുവില്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി തന്നെ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പകരം പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് എതിര്‍പ്പ് അവസാനിപ്പിച്ച് 817.80 കോടിയുടെ ഫണ്ട് സ്വീകരിക്കാന്‍ തയാറായത്.

വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഇതോടെ ബദല്‍മാര്‍ഗത്തില്‍ പണം കണ്ടെത്താനുള്ള തീവ്രശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തുറമുഖം ഉണ്ടാക്കുന്ന ലാഭം കൂടി കണക്കിലെടുത്ത് പലിശ സഹിതം വായ്പ തിരിച്ചടയ്‌ക്കണമെന്ന കേന്ദ്രനിര്‍ദേശം സ്വീകരിച്ച് ഫണ്ട് വാങ്ങാന്‍ തയാറായത്. സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യു വ്യവസ്ഥയിലാണ് പണം തിരിച്ചടയ്‌ക്കേണ്ടത്.

കൈയില്‍ പണമില്ലാത്തതും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത് വിഴിഞ്ഞത്തിന്റെ ഭാവി വികസനത്തെ ബാധിച്ചേക്കുമെന്നുമുള്ള തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം മാറ്റത്തിന് കാരണമായത്. തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിംഗിന് അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്നലത്തെ മന്ത്രിസഭാ യോഗം പഴയ എതിര്‍പ്പുകളൊക്കെ മാറ്റിവച്ച് വയബിലിറ്റ് ഗ്യാപ് ഫണ്ട് വാങ്ങാന്‍ തീരുമാനിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക