Categories: News

ദല്‍ഹി ഹൈക്കോടതി ജഡ്ജിന്റെ വസതിയില്‍ കത്തിയ നോട്ടുകെട്ടുകള്‍ കണ്ട സംഭവം: മൂന്നംഗ ജുഡീഷ്യല്‍ സമിതി ജഡ്ജിന്റെ വസതിയില്‍ പരിശോധന നടത്തി

Published by

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ജുഡീഷ്യല്‍ സമിതി ജഡ്ജിന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരാണ് പരിശോധന നടത്തിയത്. മാര്‍ച്ച് 14ന് ഹോളി ആഘോഷങ്ങള്‍ക്കിടെയുണ്ടായ തീപിടുത്തം നിയന്ത്രിക്കാനെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ഈ സ്ഥലവും ഔദ്യോഗിക വസതിയും പരിസരങ്ങളും അരമണിക്കൂറോളം ജൂഡീഷ്യല്‍ സമിതി പരിശോധിച്ചു. ദല്‍ഹിയിലെ തുഗ്ലക് ക്രസന്റ് റോഡിലെ മുപ്പതാം നമ്പര്‍ വസതിയിലായിരുന്നു പരിശോധന.
ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ദല്‍ഹിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് അയക്കരുതെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിനിടെയാണ് ജുഡീഷ്യല്‍ സമിതി പരിശോധന നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by