Kerala

തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ നിയമനടപടി

Published by

തിരുവനന്തപുരം: പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാവും. 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

ഹോട്ടല്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പോഷ് 2013 പ്രത്യേക ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.സ്ഥാപനത്തിലെ ആകെ തൊഴിലാളികള്‍ പത്തില്‍ കുറവാണെങ്കില്‍ സ്ത്രീ ജീവനക്കാര്‍ക്ക് കളക്ടര്‍ അധ്യക്ഷനാകുന്ന ലോക്കല്‍തല കംപ്ലെയിന്റ് കമ്മിറ്റികളില്‍ പരാതി പറയാന്‍ അവസരമുണ്ട്. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കപ്പെടണം.

എല്ലാ സ്ഥാപനങ്ങളിലും ഐസികള്‍ രൂപീകരിച്ചശേഷം അത് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുരുഷന്‍മാരെക്കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സ്ത്രീപക്ഷ കാഴ്ചപ്പാടാണ് സമൂഹത്തില്‍ ഉണ്ടാവേണ്ടതെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഓര്‍മ്മിപ്പിച്ചു. കുടുംബ ബന്ധങ്ങള്‍ ജനാധിപത്യപരമാകേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമ്പോഴും ജനാധിപത്യ സമീപനം വീട്ടുകാരില്‍ ഉണ്ടാകുന്നില്ല. ഈ സാമൂഹിക സാഹചര്യത്തില്‍ മാറ്റം വരണം. അതിന് നിയമത്തെക്കുറിച്ച് കൃത്യമായ ധാരണ എല്ലാര്‍ക്കും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പ്രത്യേക ബോധവത്കരണ പരിപാടിയില്‍ കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക