മീന മാസത്തിലെ തിരുവോണം നാളില്‍ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്കു ശേഷം വടക്കെ നടയിലുള്ള ബലിക്കല്ല് എന്ന കോഴിക്കല്ലില്‍ തച്ചോളി തറവാട്ടിലെ അംഗങ്ങള്‍ ചുവന്ന് പട്ട് വിരിക്കുന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങ് ഇന്ന.് ഈ ചടങ്ങിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ ആല്‍മരങ്ങളില്‍ കൊടിക്കൂറകള്‍ ഉയരുന്നതോടെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് തുടക്കമാകും. അതോടെ മലബാര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നായി ശ്രീകുരുംബ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമാകും. അശ്വതി നാളില്‍ ഉച്ചക്ക് ദേവിക്ക് നടത്തുന്ന തൃച്ചന്ദനച്ചാര്‍ത്ത് പൂജക്കു ശേഷം ക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ മഹാദേവന്റെ പ്രതിഷ്ഠക്കു സമീപമുള്ള നിലപാട് തറയില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാന്‍ ഉപവിഷ്ഠനായി പട്ട് കുട ഉയര്‍ത്തി കാവ് തീണ്ടുവാന്‍ അനുമതി നല്‍കുമ്പോള്‍ അവകാശിയായ പാലക്കവേലന്‍ എന്ന ദേവീദാസന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പാരമ്പര്യ വേഷണമണിഞ്ഞ് ക്ഷേത്രത്തിനു ചുറ്റും ഓടും. അവകാശ ആല്‍ത്തറകളില്‍ നിലയുറപ്പിച്ച ഭക്തജനങ്ങളും ഇതിനൊപ്പം ചെമ്പോലത്തകിടില്‍ വടി കൊണ്ട് അടിച്ച് ക്ഷേത്രത്തിനു ചുറ്റും ഓട്ടമാരംഭിക്കുന്നതോടെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് സമാപനമാകും. പിറ്റേന്ന് ഭരണി നാളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്ര നടയടക്കും. പിന്നെ ഏഴ് ദിവസം കഴിഞ്ഞേ നട തുറക്കൂ. ഇപ്രാവശ്യത്തെ കാവ് തീണ്ടല്‍ 31-നാണ്.
മലബാര്‍, പാലക്കാട് മേഖലയില്‍ നിന്നും വരുന്ന ഭക്തരില്‍ ഏറെയും സ്ത്രീ കോമരങ്ങളാണ്. അവര്‍ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം നോറ്റാണ് വരുന്നത്. സ്ത്രീ കോമരങ്ങളും പുരുഷ കോമരങ്ങളും ക്ഷേത്രത്തിന് സമീപമുള്ള കാവില്‍ കടവിന് സമീപമുള്ള ഭഗവതി വീട്ടില്‍ പോയി അവിടുന്ന് പ്രധാന കോമരത്തിന്റെ അനുഗ്രഹം വാങ്ങിയാണ് എത്തുക. വാളു കൊണ്ട് തലയില്‍ തട്ടി രക്തം തലയില്‍ നിന്നും ഒഴുക്കി വരുന്നവരേയും കാണാം. ഇതുമായാണ് ദര്‍ശനം നടത്തുന്നത്. ഈ മുറിവില്‍ മഞ്ഞള്‍ ഇട്ടാല്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നാണ് വിശ്വാസം.
കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തില്‍ കാളിയുടെ വിജയം ആഘോഷിക്കുന്നതിനാണ് അശ്വതി കാവ് തീണ്ടലിനു ശേഷം ഭക്തജനങ്ങള്‍ ചെമ്പോലത്തകിടില്‍ അടിച്ച് ക്ഷേത്രത്തിനു ചുറ്റും ഓടുന്നത്. യുദ്ധത്തില്‍ മുറിവേറ്റ കാളിക്കു ചികില്‍സ നടത്തുന്നതാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ. അടികള്‍ കുടുംബത്തിലെ കുന്നത്ത് മഠം പരമേശ്വരന്‍ ഉണ്ണി അടികളും മഠത്തില്‍ മഠം രവീന്ദ്രന്‍ അടികളുമാണ് തൃച്ചന്ദനച്ചാര്‍ത്ത് നടത്തുന്നത്. ഇത് ഏകദേശം നാല് മണിക്കൂര്‍ നീളും. കരിക്ക്, മഞ്ഞള്‍, പനിനീര്‍, കുങ്കമപൂവ് എന്നിങ്ങനെയുള്ള പൂജാ ദ്രവ്യങ്ങളാണ് തൃച്ചന്ദനച്ചാര്‍ത്തില്‍ ഉപയോഗിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ദേവിയെ കുറിച്ച് വേറൊരു ഐതിഹ്യവും ഉണ്ട്. മധുര കാവേരിപൂം പട്ടണത്തിലെ ധനികന്റെ മകനായ കോവലന്‍ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്ത് കാവേരിപൂം പട്ടണത്തില്‍ ഇരുവരും താമസിച്ച് സുഖമായി ജീവിച്ച് പോന്നു. ഇതിനിടെ കോവലന്‍ മാധവി എന്ന നര്‍ത്തകിയെ കണ്ട് മുട്ടുകയും അവരുമായി പ്രണയത്തിലാവുകയും ചെയേതു. കണ്ണകിയെ മറന്ന കോവലന്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ മാധവിക്കു നല്‍കി. സ്വത്തും പണമെല്ലാം നഷ്ടപ്പെട്ട കോവലന്‍ വീണ്ടും കണ്ണകിയുടെ അടുത്തെത്തി. കണ്ണകിയുടെ ആകെ സമ്പാദ്യമായിരുന്ന രത്‌നങ്ങള്‍ പതിച്ച ചിലമ്പ് കോവലനു നല്‍കി. അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് വ്യാപാരം നടത്തുവാന്‍ ആവശ്യപ്പെട്ടു. ചിലമ്പ് വില്‍ക്കുവാനായി കോവിലന്‍ മധുരക്ക് പുറപ്പെട്ടു. മധുര ഭരിച്ചിരുന്നത് പാണ്ഡ്യ രാജാവായ നെടുംചോഴിനായിരുന്നു. ഇതിനിടെ രാജ്ഞിയുടെ ചിലമ്പും മോഷണം പോയിരുന്നു. കണ്ണകിയുടെയും രാജ്ഞിയുടെയും ചിലമ്പുകള്‍ക്കു തമ്മില്‍ സാമ്യം ഉണ്ടായിരുന്നുവെങ്കിലും രാജ്ഞിയുടെ ചിലമ്പില്‍ മുത്തും കണ്ണകിയുടേതില്‍ രത്‌നവുമായിരുന്നു. ചിലമ്പുകള്‍ വില്‍ക്കുവാനായി മധുരയിലെ ചന്തയിലെ വ്യാപാരിയുടെ അടുത്ത് കോവലന്‍ എത്തി.
കോവലന്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപാരി രാജ ഭടന്‍മാരെ വിവരം അറിയിച്ചു. രാജ ഭടന്‍മാര്‍ കോവലനെ പിടിച്ചു കൊണ്ട് പോയി രാജാവിന് മുന്നില്‍ ഹാജരാക്കി. രാജാവിന്റെ ഉത്തരവ് പ്രകാരം ഭടന്‍മാര്‍ കോവിലന്റെ ശിരസ്സുച്ഛേദിച്ചു. കോവിലന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ കണ്ണകി രാജസദസില്‍ എത്തി. കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നും രത്‌നങ്ങള്‍ അടര്‍ന്നു വീണു. എന്നാല്‍ രാജ്ഞിയുടെ ചിലമ്പ് പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നും മുത്തുകള്‍ അടര്‍ന്നു വീണു. ഇതോടെ കണ്ണകി കോപാഗ്‌നിയായി ജ്വലിച്ചു മധുര നഗരത്തെ ശപിച്ചു ചാമ്പാലാക്കി. പിന്നീട് കണ്ണകി ഒറ്റക്കാലില്‍ ചിലമ്പുമായി കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. കണ്ണകിക്ക് ഒപ്പം ഏറെ ആളുകളും കൂടി. ഇതാണ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ തുടക്കം എന്നാണ് വിശ്വാസം. ഇത് ഇളങ്കോവന്റെ ചിലപ്പതികാരം എന്ന കാവ്യത്തിലുണ്ട്. അതിനാലാണ് ഏറെ പരദേശ ഭക്തര്‍ ഭരണി ദര്‍ശനത്തിനായി ഇവിടെ എത്തുന്നത്.
തച്ചോളി ഒതേനനന്‍ കൊടുങ്ങല്ലൂര്‍ ദേവിയുടെ ഭക്തനായിരുന്നു. തച്ചോളി ഒതേനന്റെ പരദേവതയായ ലോകനാര്‍ കാവിലമ്മയും കൊടുങ്ങല്ലൂരമ്മയും സഹോദരിമാരാണെന്ന് ഐതിഹ്യം. ഇടക്കിടെ അദ്ദേഹം ഇവിടെ ദര്‍ശനത്തിന് വരുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു രാത്രിയില്‍ സ്വപ്‌ന ദര്‍ശനം ഉണ്ടായി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് ടിപ്പുസുല്‍ത്താന്റെ ആക്രമണം ഉണ്ടാകുമെന്നും സംരക്ഷണം കൊടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന ദര്‍ശനം. തച്ചോളി ഒതേനനും പടയാളികളും വഞ്ചിയില്‍ കൊടുങ്ങല്ലൂരിലെത്തി. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ സംരക്ഷിച്ചു.
അദ്ദേഹം ആല്‍തറയില്‍ വിശ്രമിക്കുമ്പോള്‍ ക്ഷേത്രത്തെ സംരക്ഷിച്ചതിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് സ്ത്രീ വേഷത്തില്‍ വന്ന് ദേവി തച്ചോളി ഒതേനനോട് ചോദിച്ചു. ഇതേ ചോദ്യം തന്നെ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാനും ചോദിച്ചു. തനിക്ക് പ്രതിഫലം ആവശ്യമില്ലെന്നും കൊടുങ്ങല്ലൂരിലെ ഭക്തര്‍ തന്നെ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കണം എന്നുമായിരുന്നു ഒതേനന്റെ മറുപടി. ആദ്യ കാലങ്ങളില്‍ ഭരണിക്കു കൊടുങ്ങല്ലൂരില്‍ കോഴികളെ ബലി നല്‍കുമായിരുന്നു. ആദ്യത്തെ ബലിക്കോഴി തച്ചോളി മാണിക്യോത്തു തറവാട്ടിലേതായിരുന്നു.
ഇപ്പോള്‍ ഭരണി തുടങ്ങുന്നതിന് മുന്നോടിയായി ക്ഷേത്രത്തിന്റെ വടക്കെ നടയിലുള്ള ബലിക്കല്ലില്‍ പട്ട് വിരിക്കുകയേ ഉള്ളൂ. മീന മാസത്തിലെ തിരുവോണ നാളില്‍ രാവിലെ കൊടുങ്ങല്ലൂരിലെ ഭഗവതി വീട്ടുകാര്‍ ബലിക്കല്ല് വൃത്തിയാക്കി അതില്‍ പട്ട് വിരിക്കും. തച്ചോളി മാണിക്യോത്ത് തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ രാധാകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍ തമ്പുരാനില്‍ നിന്നും കോഴിക്കല്ല് മൂടി കോഴിയെ വെയ്‌ക്കുന്നതിന് അനുമതി വാങ്ങും. ശേഷം അദ്ദേഹം ക്ഷേത്രത്തിന്റെ വടക്കെ നടയിലെത്തും.
അപ്പോള്‍ ഭഗവതി വീട്ടിലെ ഒരംഗം ”തച്ചോളി തറവാട്ടിലെ ആള്‍ കോഴിയുമായി ഹാജരുണ്ടോ” എന്ന് മൂന്ന് പ്രാവശ്യം വിളിച്ചുചോദിക്കും. അതിനു ശേഷം തച്ചോളി തറവാട്ടിലെ കാരണവര്‍ കോഴിയും പട്ടുമായി വന്ന് ബലിക്കല്ല് പട്ടു കൊണ്ട് മൂടിയ ശേഷം കോഴിയെ അതിനു മുകളില്‍ വെയ്‌ക്കും. ഇതോടെയാണ് കൊടുങ്ങല്ലൂര്‍ ഭരണിക്ക് തുടക്കമാവുക. തച്ചോളി തറവാട്ടുകാര്‍ക്ക് കൊടുങ്ങല്ലൂരില്‍ ആല്‍തറയും. ഉണ്ട്. കൊടുങ്ങല്ലൂര്‍ ഭരണിയുടെ പ്രധാനപ്പെട്ട ദിവസമായ രേവതി നാളിലാണ്് ഭക്തജനങ്ങള്‍ ഏറെ എത്തുക. ഭരണി ദിവസങ്ങളില്‍ കൊടുങ്ങല്ലൂരിലെ പ്രധാനപ്പെട്ട വഴിപാട് മഞ്ഞള്‍ പൊടിയും കുരുമുളകുമാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിനായി വടമ പാമ്പും മേക്കാട്ട് മനയിലും ദര്‍ശന സൗകര്യം ഒരുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: