Samskriti

ക്ഷേത്രദര്‍ശനത്തിന്റെ രസതന്ത്രം

Published by

റ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് തലച്ചോറിന്റെ വികാസമാണ്. മനുഷ്യന് മനസ്സ് ആകുലപ്പെടുമ്പോഴും സംഘര്‍ഷത്തിലാകുമ്പോഴും കോപം, അമര്‍ഷം, അസൂയ, ദേഷ്യം എന്നീ വികാരങ്ങള്‍ വരുമ്പോഴും ഉത്സാഹത്തോടെയും ജാഗ്രതയോടെയും ഇരിക്കുമ്പോഴും അടിപിടിയോ അക്രമമോ ഒക്കെ നേരിടുമ്പോഴും വ്യത്യസ്ത തരത്തിലുള്ള രാസപദാര്‍ത്ഥങ്ങളാണ് തലച്ചോറില്‍ രൂപപ്പെടുന്നത്. മനുഷ്യന്റെ വികാര വ്യതിയാനങ്ങള്‍ ശാരീരിക അവസ്ഥയില്‍ മാറ്റം ഉണ്ടാക്കുന്നതിന് കാരണം ഇതാണ്.

തലച്ചോറിലെ വൈദ്യുത തരംഗങ്ങളെ (Brain wave) നാലായി തിരിക്കാം.

അതികഠിനമല്ലാത്ത ശാരീരിക അധ്വാനം, ഓട്ടം-ചാട്ടം-കളികള്‍ എന്നിവയില്‍ ഏര്‍പ്പെടുക, യോഗ ചെയ്യുക ഇങ്ങനെയുള്ളപ്പോള്‍ ‘ആല്‍ഫ’ തരംഗങ്ങളാണ് തലച്ചോറില്‍ ഉണ്ടാവുക.

വികാരവിക്ഷോഭങ്ങള്‍ വര്‍ധിക്കുമ്പോഴും വെറുതെ ഇരുന്നു ചിന്തിക്കുമ്പോഴും തലച്ചോറിലെ വൈദ്യുത തരംഗം ‘ബീറ്റ’യിലേക്ക് മാറുന്നു.

അര്‍ദ്ധബോധാവസ്ഥ, ഉറക്കച്ചടവ,് അഗാധമായ ധ്യാനം എന്നീ അവസ്ഥകളില്‍ ‘തീറ്റ’ (Theta Waves) തരംഗങ്ങളാണ് ഉണ്ടാവുക.

സര്‍വ്വ ചുറ്റുപാടുകളെയും മറന്ന്, ശാരീരികശക്തി മുഴുവന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലേക്ക് തിരിക്കുമ്പോള്‍ മറ്റൊന്നും ഓര്‍മ്മയില്ലാത്ത അവസ്ഥയില്‍, ‘ഡെല്‍റ്റ’ തരംഗങ്ങളാണ് ഉണ്ടാവുക.

ഡെല്‍റ്റ തരംഗങ്ങള്‍ ഉള്ള തലച്ചോറില്‍ ഒന്നും ഓര്‍മ്മയില്‍ നില്‍ക്കില്ല. മൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ ഈ തരംഗമാണ് ഉണ്ടാവുക. അതുകൊണ്ടാണ് ആ കാലത്ത് നടന്ന സംഭവങ്ങളൊന്നും പിന്നീട് നമുക്ക് ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കാത്തത്.

മനുഷ്യര്‍ക്ക് ഉത്സാഹവും ജാഗ്രതയും പ്രശ്‌നങ്ങളെ നേരിടാനുള്ള തന്റേടവും വിവേചന ബുദ്ധിയും നല്‍കുന്നത് തലച്ചോറിന്റെ മുന്‍ ഭാഗത്തുള്ള പ്രീ ഫ്രൗണ്ടല്‍ കോര്‍ട്ടേക്‌സ് (PFC) പുറപ്പെടുവിക്കുന്ന ഡോപ്പമിന്‍ (Dopamin) എന്ന രാസവസ്തുവാണ്.

എല്ലാവരെയും ബഹുമാനിക്കാനും സ്‌നേഹത്തോടൈയും, സഹവര്‍ത്തിത്വത്തോടെ പെരുമാറാനും സഹായിക്കുന്നത് ഓക്‌സിടോസിന്‍ (Oxetosin) എന്ന രാസവസ്തുവാണ്.

വിദ്വേഷവും ചതിയും വഞ്ചനയും ഒക്കെ മനസ്സില്‍ വരുമ്പോള്‍ രൂപപ്പെടുന്നത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ മുതലായ കെമിക്കലുകള്‍ ആണ്.

പിറ്റിയൂട്ടറി ഗ്ലാന്‍ഡും ഹൈപ്പോതലാമസും കൂടി ഉത്പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുവാണ് വേദനകളെ ശമിപ്പിക്കുന്നതും സഹനശക്തി തരുന്നതും. മനസ്സിനെ ശാന്തമാക്കി നിര്‍ത്തുന്ന രാസവസ്തുവാണ് ഗാബാ (GABA).

ഏതു പ്രവര്‍ത്തിയും കൃത്യമായും ആത്മവിശ്വാസത്തോടെയും ചെയ്തുതീര്‍ക്കാനുള്ള പ്രവണത നല്‍കുന്നത് സറോടോണിന്‍(Serotonin) എന്ന പദാര്‍ത്ഥമാണ്. ഇത് ‘കോണ്‍ഫിഡന്‍സ് മോളിക്കുള്‍’ എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തില്‍ പോയി ദീര്‍ഘനേരം ധ്യാനത്തില്‍ മുഴുകുക, പ്രാര്‍ത്ഥിക്കുക, വാദ്യമേളങ്ങള്‍ കേള്‍ക്കുക, കര്‍പ്പൂര, ചന്ദനാദികളുടെ പുക ശ്വസിക്കുക തുടങ്ങിയവ തലച്ചോറില്‍ ‘ആല്‍ഫ’ തരംഗങ്ങള്‍ സംജാതമാക്കും. ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും എല്ലാം മനശാസ്ത്രപരമായ ചികിത്സാ രീതി ആണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അമ്പലത്തിലെ മേളങ്ങളും വാദ്യഘോഷങ്ങളും ചെവികളിലൂടെ ലഭിക്കുന്ന മ്യൂസിക് തെറാപ്പി ആണ്.

ശ്രീകോവിലിലെ എണ്ണവിളക്കുകളും, തിളങ്ങുന്ന വിഗ്രഹവും, ചുറ്റുവിളക്കും കണ്ണിലൂടെ ഉള്ള ലൈറ്റ് തെറാപ്പിയാണ്.
ക്ഷേത്രത്തിലെ ചന്ദന കര്‍പ്പൂരാദി സുഗന്ധങ്ങള്‍ മൂക്കിലൂടെയുള്ള ആരോമ തെറാപ്പിയും, കളഭം-ചന്ദനം-കുങ്കുമം-ഭസ്മം എന്നിവ ത്വക്കില്‍ കൂടിയും പ്രസാദം അരവണ അപ്പം തുടങ്ങിയവ നാക്കിലൂടെയും മനുഷ്യനെ ഉദ്ദീപിപ്പിക്കുന്നു.
ഇങ്ങനെ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളെയും പ്രവര്‍ത്തന നിരതമാക്കുന്ന പ്രക്രിയയാണ് ക്ഷേത്രദര്‍ശനം.

അതുവഴി പഞ്ചേന്ദ്രിയങ്ങളെ ഉജ്ജീവിപ്പിക്കാനും മനസ്സിനെ കേന്ദ്രീകരിക്കാനും സ്ഥിതപ്രജ്ഞന്‍ ആക്കാനും കഴിയുന്നു. ഇതൊക്കെ കൊണ്ടാണ് ഹിന്ദുക്കളുടെ ആചാരാനുഷ്ഠാന, ആരാധന രീതികളെ പ്രായോഗിക ആത്മീയത (Applied spirituality) എന്നു വിളിക്കുന്നത്.

(അധ്യാപകനും സാമൂഹിക നിരീക്ഷകനും, അഡോളസന്‍സ് കൗണ്‍സിലറും നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഭാരത് വിഭൂഷന്‍ അവാര്‍ഡ് ജേതാവുമാണ് ലേഖകന്‍)

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by