Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന കളിക്കൊരുങ്ങി കൊല്‍ക്കത്ത-ബെംഗളൂരു; ഈഡന്‍ ഗാര്‍ഡനില്‍ മഴ ഭീഷണി

Published by

 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ 18-ാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ജേതാക്കള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന മത്സരത്തിന് മുമ്പായി ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. കൊല്‍ക്കത്തയില്‍ സമീപ ദിവസങ്ങളില്‍ കനത്ത മഴ പെയ്തത് ഭീഷണിയാകുന്നുണ്ട്. ഇന്നും മഴ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐഎംഡി) പ്രവചനം. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കനത്ത മഴയ്‌ക്കാണ് സാധ്യതയെന്ന് ഐഎംഡി പ്രവചിക്കുന്നു. ഇടിയോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നു കൂടി ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 40-50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തമായി തുടരുകയാണെങ്കില്‍ കുറേനേരം കാക്കും. കളിക്കാനായാല്‍ വൈകിയാണെങ്കിലും തുടങ്ങും. തീരെ കളിക്കാന്‍ പറ്റാതെ വന്നാല്‍ സീസണിലെ ആദ്യ മത്സരം ഉപേക്ഷിക്കും. രണ്ട് ടീമുകള്‍ക്കും പോയിന്റ് പങ്കുവയ്‌ക്കും.

ഉദ്ഘാടന ചടങ്ങും കുളമാകും

മഴ ശക്തമായ് പെയ്താല്‍ ഐപിഎല്‍ 18-ാം സീസണിന്റെ ഉദ്ഘാടന ചടങ്ങ് നടക്കില്ല. നടി ദിഷ പഠാണി, ഗായിക ശ്രേയ ഗോശല്‍ എന്നിവരുടെ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ കുറച്ചുസമയം കൊണ്ട് തീരുന്ന വിധത്തില്‍ പരിപാടികള്‍ നടത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക