കോഴിക്കോട്: ആട്, തേക്ക്, മാഞ്ചിയം മുതല്‍ ചന്ദനത്തോപ്പ് വരെ എത്തി നില്ക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് ശൃംഖല വളര്‍ച്ചയുടെ ഒരുഘട്ടത്തില്‍ അവ തകര്‍ത്തുകളയുന്നത് പദ്ധതിയുടെ തലപ്പത്തിരിക്കുന്നവര്തന്നെ. സാമ്പത്തികമായി വളര്‍ച്ച പ്രാപിക്കുമ്പോഴാണ് സ്വയം തകര്‍ക്കുന്നത്. മറ്റൊരു പദ്ധതിക്ക് അണിയറയില്‍ രൂപം കൊടുത്തിട്ടാവും ആദ്യത്തെതിനെ ഇല്ലാതാക്കുന്നത്. ശൃംഖലയില്‍ വിള്ളല്‍ വീഴ്ത്തിയും തകര്‍ന്നതായി അഭ്യൂഹം ഉയര്‍ത്തിയുമാണ് ഇവര്‍ ലക്ഷ്യം സാധിക്കുന്നത്.
ഈ തകര്ക്കലിനിടയില് നേതൃനിരയിലുള്ളവര്‍ക്കും നെറ്റ്വര്ക്കിലെ ഏതാനും പേര്‍ക്കും ഇതിന്റെ ഗുണഫലം പരമാവധി ലഭിക്കും. സാമ്പത്തിക അച്ചടക്കമില്ലായ്മയും അതുമൂലം ഗ്രൂപ്പിനകത്തുണ്ടാക്കുന്ന പടലപ്പിണക്കവും തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പദ്ധതി തകര്‍ക്കുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. തകര്‍ന്നാല്‍ ഗുണഭോക്താക്കള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതില്ല. താഴേക്കിടയിലുള്ളവരാണ് നഷ്ടം സഹിക്കേണ്ടിവരുന്നത്. അപ്പോഴേക്കും പലര്‍ക്കും പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ നഷ്ടപ്പെട്ടിട്ടുണ്ടാവും.
സംസ്ഥാനത്തെ പല മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, മണി ചെയിന്‍, ഡയറക്ട് സെല്ലിങ് തകര്‍ന്നതും തകര്‍ത്തതും ഈ രീതിയിലാണ്. ഒരേ കൂട്ടര് തന്നെയോ, തെറ്റിപ്പിരിഞ്ഞവരോ ആണ് മറ്റൊന്നുമായി രംഗത്ത് എത്തുന്നത്. വയനാട്ടിലെ ചന്ദനത്തോപ്പ് പദ്ധതിയില്‍ തവണകളായി പണം നേരിട്ട് കൈപ്പറ്റുന്നത് സംശയത്തിന് ഇടയാക്കിയതോടെയാണ് ആട്, തേക്ക്, മാഞ്ചിയത്തിന്റെ മറ്റൊരു പതിപ്പാണ് ചന്ദനത്തോപ്പ് പദ്ധതിയെന്ന് ഗുണഭോക്താക്കളില്‍ സംശയം രൂപപ്പെട്ടത്.
സംസ്ഥാനത്ത് വ്യാപകമായിരുന്ന ആംവെയുടെ കേരളത്തിലെ തലവനായിരുന്ന സജീവ് നായരെ അമേരിക്കന്‍ കമ്പനിയുടെ ‘മൊണാവി’ എന്ന സര്‍വരോഗ സംഹാരിയായ ഹെല്‍ത്ത് ഡ്രിങ്ക് എന്ന് പ്രചരിപ്പിച്ച് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കേരളത്തില്‍ വിതരണം ചെയ്തതിന് 2012 ഒക്ടോബറില്‍ സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സജീവ് നായര്‍ ആംവെ വിട്ട് മൊണാവിയിലൂടെ മറ്റൊരു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശക്തമാക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മൊണാവി അത്യുത്തമം എന്നാണ് സജീവ് നായരുടെ സംഘം പ്രചരിപ്പിച്ചത.് സജീവ് നായര്ക്കുമുന്പ് ആംവെയുടെ ഭാരതത്തിലെ എംഡിയും സിഇഒയുമായ വില്യം എസ്. പിങ്ക്നിയും ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്ര, അന്‍ഷു ബുദ്ധരാജ എന്നിവരും അറസ്റ്റിലായി. ആംവെയ്ക്കെതിരെ കോഴിക്കോട്, വയനാട് ജില്ലകളിലെ കേസിലായിരുന്നു അറസ്റ്റ്. സജീവ് നായര്‍ ഇപ്പോള്‍ കൊച്ചി കേന്ദ്രമാക്കി ബ്രഹ്മ ലേണിങ് സൊലൂഷന് എന്ന ട്രെയിനിങ് സ്ഥാപനവുമായി സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: