ഒട്ടേറെ ഹിറ്റ് പാട്ടുകൾ ഇന്ത്യൻ സിനിമാ ലോകത്തിന് സമ്മാനിച്ച സംഗീത സംവിധായകനാണ് എആർ റഹ്മാൻ. ദിലീപ്കുമാർ എന്നായിരുന്നു എആർ റഹ്മാന്റെ ആദ്യ പേര്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറുകയായിരുന്നു. തന്റെ മതം മാറ്റത്തെക്കുറിച്ച് റഹ്മാൻ തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റഹ്മാന്റെ ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനത്തേക്കുറിച്ച് പറയുകയാണ് ഫിലിംമേക്കറും സംവിധായകനും റഹ്മാന്റെ അടുത്ത സുഹൃത്തുമായ രാജീവ് മേനോൻ.
റോജയ്‌ക്ക് മുൻപ് നിരവധി പരസ്യങ്ങളിൽ റഹ്മാനും രാജീവും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് റഹ്മാനുമായുള്ള സൗഹൃദത്തേക്കുറിച്ച് രാജീവ് പറഞ്ഞത്. എആർ റഹ്മാന്റെ അച്ഛൻ ശേഖറിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹവും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചതെന്നും രാജീവ് പറഞ്ഞു. റഹ്മാനും കുടുംബത്തിനും അന്ന് ഹിന്ദി അറിയില്ലായിരുന്നു. ഗുൽബർഗയിൽ നിന്നുള്ള ഫക്കീറുകൾ മതം മാറ്റ ചടങ്ങിനായി റഹ്മാന്റെ വീട്ടിൽ വന്നപ്പോൾ താനായിരുന്നു പരിഭാഷകനായി നിന്നതെന്നും രാജീവ് ഓർത്തെടുത്തു.
“അദ്ദേഹം വലിയ നാണക്കാരനായിരുന്നു, അതുപോലെ ചെറിയ വാക്കുകളുടെ ഉടമയും. ഇപ്പോൾ അദ്ദേഹം നീണ്ട ഇ-മെയിലുകൾ എഴുതുന്നു, ധാരാളം അഭിമുഖങ്ങൾ നൽകുന്നു, വളരെ നന്നായി സംസാരിക്കുന്നു. അമ്മയുടെ വിയോഗം റഹ്മാനെ നന്നായി ബാധിച്ചു എന്ന് എനിക്കുറപ്പുണ്ട്”. – രാജീവ് പറഞ്ഞു. റഹ്മാന്റെ മതം മാറ്റത്തേക്കുറിച്ചും രാജീവ് സംസാരിച്ചു.
“അവർക്ക് ഹിന്ദി അറിയില്ലായിരുന്നു അന്ന്, അതുകൊണ്ട് ഞാൻ പരിഭാഷകനാകും. മതത്തിലേക്കും വിശ്വാസത്തിലേക്കുമൊക്കെയുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിന്റെ കാലഘട്ടം ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിനുള്ളിൽ നിന്ന്, പ്രത്യേകിച്ച് സഹോദരിമാരുടെ വിവാഹ കാര്യങ്ങളിൽ റഹ്മാൻ കടുത്ത സമ്മർദ്ദം നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്തരം കൊടുങ്കാറ്റുകളെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചത് സംഗീതമായിരുന്നു”.- രാജീവ് പറഞ്ഞു.
“അതൊക്കെ മറക്കാൻ സംഗീതം തന്നെ സഹായിച്ചിട്ടുണ്ടെന്ന് റഹ്മാൻ പറയുമായിരുന്നു. പ്രശ്നങ്ങൾ ദൈവം നൽകുന്നത് തന്നെ സംഗീതം കൊണ്ട് അതിനെ മറിക്കടക്കാനായിരുന്നുവെന്ന് അദ്ദേഹം പറയും. ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനം ഹിന്ദുസ്ഥാനി സംഗീതത്തിലേക്കും അതുപോലെ ഖവാലിയും ഒക്കെ ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല ഇതിലൂടെ വ്യത്യസ്തമായ താളങ്ങൾ, മിഡിൽ- ഈസ്റ്റേൺ മൈനർ സ്കെയിലുകൾ, ഒരുമിച്ച് പാടാനും കൈയടിക്കാനും അതുപോലെ കോറസ് ഉൾപ്പെടെയുള്ള പല കാര്യങ്ങളും അദ്ദേഹത്തിന് പഠിക്കാൻ അവസരം നൽകി.
ഖവാലിക്ക് ആ ഊർജമുണ്ട്, അല്ലേ? നിങ്ങൾ ഒരുമിച്ച് പാടുകയും ദൈവത്തിന്റെ ശക്തി അനുഭവിക്കുകയും ചെയ്യുന്നിടമാണത്. അദ്ദേഹത്തിന്റെ സംഗീതത്തിൽ ഖവാലികൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും ഖവാലിയിലുമുള്ള അറിവ് അദ്ദേഹത്തിന്റെ സംഗീതം ദേശീയതലത്തിൽ വരെ എത്തിക്കാൻ സഹായിച്ചു.- രാജീവ് മേനോൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക