തിരുവനന്തപുരം: തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അമേരിക്ക, ആസ്ട്രേലിയ മുതലായ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട അവശ്യ രേഖയായി നാഷണല്‍ മെഡിക്കല്‍ കമ്മിഷന് നല്‍കേണ്ട സ്പോണ്സര് നോട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചു.
ഇത് സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ സാക്ഷ്യപത്രം (വെരിഫിക്കേഷന് ഫോം ) അമേരിക്കന്‍ ഗവണ്മെന്റിന്റെ എഡ്യൂക്കേഷണല്‍ കമ്മിഷന് ഫോര്‍ ഫോറിന് മെഡിക്കല്‍ ഗ്രാഡ്വേറ്റ്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യകാര്യ മന്ത്രാലയം രാജീവ് ചന്ദ്രശേഖറിന് കത്തു നല്കി.
കോളജിലെ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ 2024 സെപ്തംബറില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ഡോ. ആര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ രാജീവ് ചന്ദ്രശേഖറെ സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദയെ സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി പ്രസ്തുത ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ട് അടിയന്തിര നടപടികള്‍ കൈക്കൊണ്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഒറ്റത്തവണ അനുമതി ആയതിനാല്‍ത്തന്നെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ നിന്ന് വരും കാലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: